സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. 

സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെന്ന നിലയിലാണ്. ഇന്ത്യയ്ക്കിപ്പോള്‍ 146 റണ്‍സ് ലീഡുണ്ട്. 

മായങ്ക് അഗര്‍വാളിന്റെ (4) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 

നേരത്തെ ദക്ഷിണാഫ്രിക്കയെ 197 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ 130 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയിരുന്നു.

16 ഓവറില്‍ 44 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ജസ്പ്രീത് ബുംറയും ഷാര്‍ദുല്‍ താക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

103 പന്തില്‍ നിന്ന് 10 ബൗണ്ടറികളടക്കം 52 റണ്‍സെടുത്ത ടെംബ ബവുമയാണ് പ്രോട്ടീസിന്റെ ടോപ് സ്‌കോറര്‍.

ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഡീന്‍ എല്‍ഗാര്‍ (1), കീഗന്‍ പീറ്റേഴ്സണ്‍ (15), എയ്ഡന്‍ മാര്‍ക്രം (13), റസ്സി വാന്‍ ഡെര്‍ ദസ്സന്‍ (3) എന്നിവര്‍ സ്‌കോര്‍ബോര്‍ഡില്‍ 32 റണ്‍സ് ചേര്‍ക്കുന്നതിനിടെ തന്നെ മടങ്ങി. 

തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ടെംബ ബവുമ - ക്വിന്റണ്‍ ഡിക്കോക്ക് സഖ്യമാണ് സ്‌കോര്‍ 100 കടത്തിയത്. 63 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ഡിക്കോക്കിനെ മടക്കി ഷാര്‍ദുല്‍ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അഞ്ചാം വിക്കറ്റില്‍ 72 റണ്‍സ് ചേര്‍ത്ത ഈ സഖ്യമാണ് ദക്ഷിണാഫ്രിക്കയെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.

പിന്നാലെ 12 റണ്‍സെടുത്ത വിയാന്‍ മള്‍ഡറെ ഷമി മടക്കി. ഇന്ത്യന്‍ പേസര്‍മാരെ നേരിട്ട് 103 പന്തില്‍ നിന്നും 52 റണ്‍സെടുത്ത ബവുമയുടെ ഊഴമായിരുന്നു അടുത്തത്. താരത്തെ ഷമി ഋഷഭിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

മാര്‍ക്കോ യാന്‍സന്‍ (19), കാഗിസോ റബാദ (25), കേശവ് മഹാരാജ് (12) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

അതേസമയം ബൗളിങ്ങിനിടെ ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 11-ാം ഓവര്‍ ബൗള്‍ ചെയ്യുന്നതിനിടെ ഫോളോ ത്രൂവിന് ശേഷം ബുംറയുടെ വലതുകാലിന്റെ ഉപ്പൂറ്റിക്ക് പരിക്കേല്‍ക്കുകയായിരുന്നു. വൈദ്യസഹായം തേടിയ ബുംറ വൈകാതെ മൈതാനം വിട്ടു. എന്നാല്‍ 50 ഓവര്‍ പിന്നിട്ട ശേഷം ബുംറ കളത്തിലേക്ക് മടങ്ങിയെത്തി.

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 327 റണ്‍സിന് പുറത്തായിരുന്നു. മഴമൂലം പൂര്‍ണമായും നഷ്ടമായ രണ്ടാം ദിനത്തിനു ശേഷം മൂന്നാം ദിനം കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് 55 റണ്‍സ് കൂടി മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. 

മൂന്നാം ദിനം മൂന്നിന് 272 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ ആറു വിക്കറ്റുകള്‍ 49 റണ്‍സിനിടെ നിലംപൊത്തി. ആറു വിക്കറ്റുകള്‍ വീഴ്ത്തിയ ലുങ്കി എന്‍ഗിഡിയാണ് ഇന്ത്യയെ തകര്‍ത്തത്. 

260 പന്തില്‍ നിന്ന് ഒരു സിക്‌സും 16 ഫോറുമടക്കം 123 റണ്‍സെടുത്ത കെ.എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. താരത്തിന്റെ ഏഴാം ടെസ്റ്റ് സെഞ്ചുറിയാണിത്. വദേശ മണ്ണില്‍ ആറാമത്തേതും. രഹാനെ 102 പന്തുകള്‍ നേരിട്ട് 48 റണ്‍സെടുത്തു.

ഋഷഭ് പന്ത് (8), ആര്‍. അശ്വിന്‍ (4), ഷാര്‍ദുല്‍ താക്കൂര്‍ (4) എന്നിവരെല്ലാം തന്നെ നിരാശപ്പെടുത്തി. 14 റണ്‍സെടുത്ത ജസ്പ്രീത് ബുംറയ്ക്കാണ് പിന്നീട് രണ്ടക്കം കാണനായത്. ഷമി എട്ടു റണ്‍സെടുത്ത് പുറത്തായി. സിറാജ് നാലു റണ്‍സോടെ പുറത്താകാതെ നിന്നു.

Content Highlights: india vs south africa 1st test day 3 score updates