സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനം പാഴായി; ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി


ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം 40 ഓവറില്‍ എട്ടിന് 240 റണ്‍സില്‍ അവസാനിച്ചു. മോശം കാലാവസ്ഥ കാരണം മത്സരം 40 ഓവറാക്കി ചുരുക്കിയിരുന്നു

Photo: AP

ലഖ്നൗ: സഞ്ജു സാംസന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിനും ഇന്ത്യയെ ആദ്യ ഏകദിനത്തില്‍ രക്ഷിക്കാനായില്ല. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം 40 ഓവറില്‍ എട്ടിന് 240 റണ്‍സില്‍ അവസാനിച്ചു. മോശം കാലാവസ്ഥ കാരണം മത്സരം 40 ഓവറാക്കി ചുരുക്കിയിരുന്നു. 63 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒമ്പത് ഫോറുമടക്കം 86 റണ്‍സോടെ പുറത്താകാതെ നിന്ന സഞ്ജു അവസാന ഓവര്‍ വരെ പൊരുതിനോക്കിയെങ്കിലും ഇന്ത്യ ഒമ്പത് റണ്‍സിന്റെ തോല്‍വി വഴങ്ങി. നിര്‍ണായക ഘട്ടത്തില്‍ സഞ്ജുവിന് സ്‌ട്രൈക്ക് കൈമാറാതിരുന്ന ആവേശ് ഖാനെയും പന്തുകള്‍ നഷ്ടപ്പെടുത്തിയ ഋതുരാജ് ഗെയ്ക്‌വാദിനെയും വേണമെങ്കില്‍ ആരാധകര്‍ക്ക് പഴിക്കാം. പക്ഷേ ഇന്ത്യന്‍ ടീമില്‍ സ്ഥിരമായ ഒരിടം താന്‍ അര്‍ഹിക്കുന്നു എന്ന് പറഞ്ഞുവെയ്ക്കുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്.

37 പന്തില്‍ നിന്ന് 50 റണ്‍സടിച്ച ശ്രേയസ് അയ്യരും ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ മത്സരത്തിലെ ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക മുന്നിലെത്തി (1-0).



250 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയുടേത് മോശം തുടക്കമായിരുന്നു. മൂന്നാം ഓവറില്‍ തന്നെ ശുഭ്മാന്‍ ഗില്‍ (3) മടങ്ങി. പിന്നാലെ ശിഖര്‍ ധവാനും (4) പുറത്തായി. മൂന്നാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ഋതുരാജ് ഗെയ്ക്‌വാദിനും ഇഷാന്‍ കിഷനും പക്ഷേ ആവശ്യമായ റണ്‍റേറ്റില്‍ സ്‌കോര്‍ ഉയര്‍ത്താനായില്ല. അരങ്ങേറ്റ ഏകദിനം കളിച്ച ഗെയ്ക്‌വാദിന് 42 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയടക്കം നേടാനായത് 19 റണ്‍സ് മാത്രം. 37 പന്തില്‍ നിന്ന് 20 റണ്‍സ് മാത്രമെടുത്ത ഇഷാന്‍ കിഷന്‍ 18-ാം ഓവറില്‍ മടങ്ങിയതോടെ ഇന്ത്യ നാലിന് 51 റണ്‍സെന്ന നിലയിലായി.

തുടര്‍ന്ന് ശ്രേയസ് അയ്യരും സഞ്ജുവും ചേര്‍ന്ന് 67 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ചിരുന്നു. എന്നാല്‍ 27-ാം ഓവറില്‍ ശ്രേയസിനെ മടക്കി ലുങ്കി എന്‍ഗിഡി ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിന്നാലെ ശാര്‍ദുല്‍ താക്കൂറിനെ കൂട്ടുപിടിച്ച് സഞ്ജു 93 റണ്‍സ് ചേര്‍ത്തതോടെ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ 31 പന്തില്‍ 33 റണ്‍സെടുത്ത ശാര്‍ദുലിനെയും എന്‍ഗിഡി മടക്കിയതോടെ ഇന്ത്യയും സഞ്ജുവും പ്രതിരോധത്തിലായി. പിന്നീടെത്തിയ കുല്‍ദീപ് യാദവിനും (0), ആവേശ് ഖാനും (3) കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. നിര്‍ണായക ഘട്ടത്തില്‍ സഞ്ജുവിന് സ്‌ട്രൈക്കും ലഭിക്കാതിരുന്നതോടെ ഇന്ത്യ മത്സരം കൈവിടുകയായിരുന്നു. എന്നിട്ടും തബ്രിസ് ഷംസിയെറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 30 റണ്‍സ് വേണമെന്നിരിക്കെ സഞ്ജു 20 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.

മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ എന്‍ഗിഡിയാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. റബാദ രണ്ടു വിക്കറ്റെടുത്തു.

നേരത്തെ മോശം കാലാവസ്ഥ മൂലം 40 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസ് നാലു വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തിരുന്നു.

അഞ്ചാം വിക്കറ്റില്‍ 139 റണ്‍സിന്റെ പിരിയാത്ത കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഹെന്റിക് ക്ലാസനും ഡേവിഡ് മില്ലറും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ക്ലാസന്‍ 65 പന്തില്‍ നിന്നും രണ്ട് സിക്സും ആറ് ഫോറുമടക്കം 74 റണ്‍സോടെ പുറത്താകാതെ നിന്നപ്പോള്‍ മില്ലര്‍ 63 പന്തില്‍ നിന്ന് മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 75 റണ്‍സെടുത്തു.

ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്ക് 48 റണ്‍സെടുത്ത് പുറത്തായി. മറ്റൊരു ഓപ്പണര്‍ ജാന്നെമന്‍ മലാന്‍ 22 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ടെംബ ബവുമ (8), ഏയ്ഡന്‍ മാര്‍ക്രം (0) എന്നിവര്‍ നിരാശപ്പെടുത്തി. ഇന്ത്യയ്ക്കായി ശാര്‍ദുല്‍ താക്കൂര്‍ രണ്ടും രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ടോസ് നേടിയ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡില്‍ ഉള്ള താരങ്ങളാരും തന്നെ ഏകദിന പരമ്പര കളിക്കുന്നില്ല.

Content Highlights: India vs South Africa 1st odi Lucknow updates


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented