Photo: twitter.com/BCCI
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യയ്ക്ക് തോല്‍വി. വിജയത്തിനടുത്തെത്തിയ ശേഷം വെറും നാലു റണ്ണിനാണ് ഇന്ത്യ അടിയറവ് പറഞ്ഞത്. ഇതോടെ മൂന്ന് മത്സര പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 288 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.2 ഓവറില്‍ 283 റണ്‍സിന് ഓള്‍ഔട്ടായി.
ഒരു ഘട്ടത്തില്‍ ഏഴിന് 223 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ അവസാന ഓവറുകളിലെ തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ വിജയത്തിനടുത്തെത്തിച്ചത് ദീപക് ചാഹറാണ്. വെറും 34 പന്തുകള്‍ നേരിട്ട ചാഹര്‍ രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 54 റണ്‍സെടുത്തു. 48-ാം ഓവറിലെ ആദ്യ പന്തില്‍ ചാഹര്‍ പുറത്തായതോടെ ഇന്ത്യ മത്സരം കൈവിടുകയായിരുന്നു.
ശിഖര്‍ ധവാന്‍, വിരാട് കോലി എന്നിവരുടെ അര്‍ധ സെഞ്ചുറികളും പാഴായി.
അഞ്ചാം ഓവറില്‍ ഒമ്പത് റണ്‍സെടുത്ത ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിനെ നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ 98 റണ്‍സ് കൂട്ടിച്ചേര്‍ത്ത ധവാന്‍ - കോലി സഖ്യമാണ് ഇന്ത്യയെ താങ്ങിനിര്‍ത്തിയത്. ധവാന്‍ 73 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 61 റണ്‍സെടുത്തപ്പോള്‍ കോലി 84 പന്തുകള്‍ നേരിട്ട് അഞ്ച് ബൗണ്ടറികളോടെ 65 റണ്‍സെടുത്തു.
എന്നാല്‍ 23-ാം ഓവറില്‍ ധവാനെയും ഋഷഭ് പന്തിനെയും (0) പുറത്താക്കി ആന്‍ഡില്‍ പെഹ്ലുക്വായോ ഇന്ത്യയെ ഞെട്ടിച്ചു. പിന്നാലെ 32-ാം ഓവറില്‍ കോലിയെ മടക്കിയ കേശവ് മഹാരാജ് ഇന്ത്യയെ പ്രതിരോധത്തിലാക്കി.
പിന്നാലെ ശ്രേയസ് അയ്യരും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് സ്‌കോര്‍ 195 വരെയെത്തിച്ചു. 34 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത അയ്യരെ മടക്കി സിസാന്‍ഡ മഗളയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. വൈകാതെ 32 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത സൂര്യകുമാറിന്റെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. ഡ്വെയ്ന്‍ പ്രിട്ടോറിയസാണ് താരത്തെ മടക്കിയത്.
തുടര്‍ന്നായിരുന്നു ദീപക് ചാഹറിന്റെ കാമിയോ ഇന്നിങ്‌സ്. എന്നാല്‍ ചാഹര്‍ പുറത്തായ ശേഷം ജസ്പ്രീത് ബുംറയുടെയും (12) അവസാന ഓവറിലെ രണ്ടാം പന്തില്‍ യൂസ്‌വേന്ദ്ര ചാഹലിന്റെയും (2) വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണാഫ്രിക്ക ജയം സ്വന്തമാക്കി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 49.5 ഓവറില്‍ 287 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.
ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്കിന്റെ സെഞ്ചുറിയും റാസ്സി വാന്‍ഡെര്‍ ദസ്സന്റെ അര്‍ധ സെഞ്ചുറിയുമാണ് ദക്ഷിണാഫ്രിക്കയെ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത്.
17-ാം ഏകദിന സെഞ്ചുറി കണ്ടെത്തിയ ഡിക്കോക്ക് 130 പന്തില്‍ നിന്ന് രണ്ട് സിക്സും 12 ഫോറുമടക്കം 124 റണ്‍സെടുത്തു. ദസ്സന്‍ 59 പന്തുകള്‍ നേരിട്ട് ഒരു സിക്സും നാല് ഫോറുമടക്കം 52 റണ്‍സെടുത്തു.
അത്ര നല്ല തുടക്കമായിരുന്നില്ല ദക്ഷിണാഫ്രിക്കയുടേത്. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന്‍ ജാന്നെമന്‍ മലാനെ (1) മൂന്നാം ഓവറില്‍ തന്നെ ദീപക് ചാഹര്‍ മടക്കി. പിന്നാലെ ഏഴാം ഓവറില്‍ ടെംബ ബവുമ (8) റണ്ണൗട്ടായി. തുടര്‍ന്ന് 13-ാം ഓവറില്‍ ഏയ്ഡന്‍ മാര്‍ക്രത്തെയും (15) ചാഹര്‍ മടക്കി.
എന്നാല്‍ പിന്നാലെ ക്രീസില്‍ ഒന്നിച്ച ഡിക്കോക്ക് - ദസ്സന്‍ സഖ്യം നാലാം വിക്കറ്റില്‍ 144 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി പ്രോട്ടീസിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 36-ാം ഓവറില്‍ ഡിക്കോക്കിനെ ബുംറ മടക്കി. തൊട്ടടുത്ത ഓവറില്‍ ദസ്സനെ മടക്കി യൂസ്വേന്ദ്ര ചാഹല്‍ പ്രോട്ടീസിനെ പ്രതിരോധത്തിലാക്കി.
തുടര്‍ന്ന് 39 റണ്‍സെടുത്ത ഡേവിഡ് മില്ലറും 20 റണ്‍സെടുത്ത ഡ്വെയ്ന്‍ പ്രിട്ടോറിയസും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ 250 കടത്തിയത്.
ആന്‍ഡില്‍ പെഹ്ലുക്വായോ (4), കേശവ് മഹാരാജ് (6), സിസാന്‍ഡ മഗള (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ മൂന്നും ദീപക് ചാഹര്‍, ബുംറ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
Content Highlights: India vs South Afica third one day international live updates
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..