Photo: twitter.com/ICC
കേപ്ടൗണ്‍: 2023 വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഗ്രൂപ്പ് ബിയില്‍ ചിരവൈരികളായ പാകിസ്താനെ തകര്‍ത്തുകൊണ്ട് ഇന്ത്യ വിജയമാഘോഷിച്ചു. ഏഴുവിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. പാകിസ്താന്‍ ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 19 ഓവറില്‍ മറികടന്നു. സ്‌കോര്‍: പാകിസ്താന്‍ 20 ഓവറില്‍ നാലിന് 149. ഇന്ത്യ 19 ഓവറില്‍ മൂന്നിന് 151
അര്‍ധസെഞ്ചുറി നേടി പുറത്താവാതെ നിന്ന ജെമീമ റോഡ്രിഗസിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്. ജെമീമ 38 പന്തുകളില്‍ നിന്ന് എട്ട് ബൗണ്ടറിയുടെ സഹായത്തോടെ പുറത്താവാതെ 53 റണ്‍സെടുത്തു. വാലറ്റത്ത് അടിച്ചുതകര്‍ത്ത റിച്ച ഘോഷും മികച്ച പ്രകടനം പുറത്തെടുത്തു.
ട്വന്റി 20 ലോകകപ്പില്‍ ചേസിങ്ങിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. ട്വന്റി 20 ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ചേസുമാണിത്. അവസാന ഓവറുകളില്‍ റിച്ചയും ജെമീമയും നടത്തിയ പ്രകടനമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. റിച്ച ഘോഷ് 20 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറി സഹിതം 31 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
150 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ യസ്തിക ഭാട്ടിയയും ഷഫാലി വര്‍മയും മികച്ച തുടക്കം നല്‍കി. ആദ്യ വിക്കറ്റില്‍ ഇരുവരും 38 റണ്‍സ് ചേര്‍ത്തു. എന്നാല്‍ 17 റണ്‍സെടുത്ത യസ്തികയെ ഇന്ത്യയ്ക്ക് നഷ്ടമായി. മറുവശത്ത് ഷഫാലി തകര്‍പ്പന്‍ ഷോട്ടുകളുമായി കളം നിറഞ്ഞു. താരം 25 പന്തില്‍ 33 റണ്‍സെടുത്താണ് ക്രീസ് വിട്ടത്. മൂന്നാമതായി ക്രീസിലെത്തിയ ജെമീമ വളരെ ശ്രദ്ധയോടെ കളിച്ചാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. നായക ഹര്‍മന്‍ പ്രീത് സിങ് 16 റണ്‍സെടുത്ത് പുറത്തായി.
ഐമാന്‍ അന്‍വര്‍ ചെയ്ത 18-ാം ഓവര്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഈ ഓവറില്‍ റിച്ച ഘോഷ് മൂന്ന് ഫോറുകളടിച്ചുകൊണ്ട് വിജയലക്ഷ്യം രണ്ടോവറില്‍ 14 റണ്‍സായി കുറച്ചു. തൊട്ടടുത്ത ഓവറില്‍ വിജയം നേടിക്കൊണ്ട് ഇന്ത്യ ചരിത്രം കുറിച്ചു.
പാകിസ്താന് വേണ്ടി നഷ്‌റ സന്ധു രണ്ട് വിക്കറ്റെടുത്തപ്പോള്‍ സാദിയ ഇഖ്ബാല്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.
ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ നായിക ബിസ്മ മറൂഫിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് പാകിസ്താന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ട്വന്റി 20യില്‍ ഇന്ത്യയ്‌ക്കെതിരേ പാകിസ്താന്‍ നേടുന്ന ഏറ്റവുമുയര്‍ന്ന സ്‌കോറാണിത്. ബിസ്മ 55 പന്തുകളില്‍ നിന്ന് ഏഴ് ബൗണ്ടറിയുടെ സഹായത്തോടെ പുറത്താവാതെ 68 റണ്‍സെടുത്തു. ബിസ്മയ്‌ക്കൊപ്പം ആറാമതായി ക്രീസിലെത്തിയ അയേഷ നസീമും മികച്ച പ്രകടനം പുറത്തെടുത്തു. അയേഷ 24 പന്തുകളില്‍ നിന്ന് രണ്ട് വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 43 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
വെറും 68 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട് പാകിസ്താനെ ബിസ്മയും അയേഷയും ചേര്‍ന്ന അപരാജിത കൂട്ടുകെട്ട് രക്ഷിക്കുകയായിരുന്നു. 47 പന്തുകളില്‍ നിന്ന് 81 റണ്‍സാണ് ഇരുവരും അഞ്ചാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഈ കൂട്ടുകെട്ടാണ് പാകിസ്താന് കരുത്ത് പകര്‍ന്നത്. മൂനീബ അലി (12), ജവേരിയ ഖാന്‍ (8), നിദ ദാര്‍ (0), സിദ്ര അമീന്‍ (11) എന്നിവരാണ് പുറത്തായ ബാറ്റര്‍മാര്‍.
ഇന്ത്യയ്ക്ക് വേണ്ടി രാധാ യാദവ് നാലോവറില്‍ 21 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റെടുത്തു. ദീപ്തി ശര്‍മ, പൂജ വസ്ത്രാകര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
Updating ...
Content Highlights: india vs pakistan womens t20 world cup 2023
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..