പോച്ചെഫ്ട്രൂം (ദക്ഷിണാഫ്രിക്ക): അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. 10 വിക്കറ്റിന്റെ ആധികാരിക ജയത്തോടെയാണ് ഇന്ത്യന്‍ യുവനിരയുടെ ഫൈനല്‍ പ്രവേശനം.

പാകിസ്താന്‍ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 35.2 ഓവറില്‍ അനായാസം ലക്ഷ്യത്തിലെത്തി.

സെഞ്ചുറി നേടിയ യശസ്വി ജെയ്‌സ്വാളും അര്‍ധ സെഞ്ചുറി നേടിയ ദിവ്യാംന്‍ഷ് സക്‌സേനയുമാണ് ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചത്. 35-ാം ഓവറിലെ രണ്ടാം പന്ത് അതിര്‍ത്തി കടത്തി ജെയ്‌സ്വാള്‍ തന്റെ സെഞ്ചുറിയും ഇന്ത്യയുടെ വിജയവും സ്വന്തമാക്കി. 

113 പന്തുകള്‍ നേരിട്ട ജെയ്‌സ്വാള്‍ നാലു സിക്‌സും എട്ടു ഫോറുമടക്കം 105 റണ്‍സോടെ പുറത്താകാതെ നിന്നു. ജെയ്‌സ്വാളിന് ഉറച്ച പിന്തുണ നല്‍കിയ സക്‌സേന 99 പന്തുകള്‍ നേരിട്ട് ആറ് ഫോറുകളടക്കം 59 റണ്‍സോടെ പുറത്താകാതെ നിന്നു. 

ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ഫൈനലാണിത്. നാലു തവണ അണ്ടര്‍-19 ലോകകപ്പ് ജേതാക്കളായ ഇന്ത്യ കഴിഞ്ഞ രണ്ടുതവണയും ഫൈനലിലുണ്ടായിരുന്നു. 2016 ഫൈനലില്‍ വെസ്റ്റിന്‍ഡീസിനോട് തോറ്റപ്പോള്‍ 2018-ല്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് കിരീടം നേടി.

U-19 World Cup Semi Final

നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത പാകിസ്താനെ ഇന്ത്യ 43.1 ഓവറില്‍ 172 റണ്‍സിന് കൂടാരം കയറ്റി. മൂന്നു വിക്കറ്റ് വീഴ്ത്തിയ സുഷാന്ത് മിശ്ര ബൗളിങ്ങില്‍ തിളങ്ങി. കാര്‍ത്തിക് ത്യാഗിയും രവി ബിഷ്ണോയിയും രണ്ടു വിക്കറ്റ് വീതമെടുത്തു.

56 റണ്‍സെടുത്ത ഹൈദര്‍ അലിക്കും 62 റണ്‍സെടുത്ത ക്യാപ്റ്റന്‍ റൊഹൈല്‍ നാസിറിനും മാത്രമാണ് ഇന്ത്യന്‍ ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായത്. പാക് നിരയില്‍ ഏഴുപേര്‍ രണ്ടക്കം കാണാതെ പുറത്തായി.

മുഹമ്മദ് ഹറൈറ (4), ഫഹദ് മുനീര്‍ (0), ക്വാസിം അക്രം (9), മുഹമ്മദ് ഹാരിസ് (21), ഇര്‍ഫാന്‍ ഖാന്‍ (3) എന്നിവരെല്ലാം പരാജയമായി.

Content Highlights: India vs Pakistan U 19 World Cup Cricket Semi Final