പാകിസ്താനെ 228 റൺസിന് തകർത്ത് ഉജ്വലവിജയം സ്വന്തമാക്കി ഇന്ത്യ


3 min read
Read later
Print
Share

Photo: twitter.com/BCCI

കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ എല്ലാവരും പേടിച്ചിരുന്ന പാകിസ്താന്റെ പേസ് നിരയെ വിരാട് കോലിയും കെ.എല്‍. രാഹുലും ചേര്‍ന്ന് തിങ്കളാഴ്ച പറത്തിക്കളഞ്ഞു. ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്താനെതിരേ കോലി-രാഹുല്‍ സഖ്യത്തിന്റെ 'ഇരട്ട' സെഞ്ചുറി കൂട്ടുകെട്ടും കുല്‍ദീപ് യാദവിന്റെ അഞ്ചുവിക്കറ്റ് പ്രകടനവും ചേര്‍ന്നപ്പോള്‍ ഇന്ത്യയ്ക്ക് 228 റണ്‍സ് ജയം.

സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ രണ്ടിന് 356, പാകിസ്താന്‍ 32 ഓവറില്‍ 128. പാകിസ്താന്റെ നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ പരിക്കിലായതിനാല്‍ ബാറ്റുചെയ്യാന്‍ ഇറങ്ങിയില്ല. സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ചൊവ്വാഴ്ച ശ്രീലങ്കയെ നേരിടും.

ഞായറാഴ്ച ഇന്ത്യ 24.1 ഓവറില്‍ 147 റണ്‍സെടുത്തുനില്‍ക്കേ മഴ പെയ്തതിനാല്‍ കളി റിസര്‍വ് ദിവസമായ തിങ്കളാഴ്ചത്തേക്ക് നീട്ടുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടും മഴയായതിനാല്‍ ഒന്നരമണിക്കൂറിലേറെ വൈകിയാണ് കളി തുടങ്ങിയത്. പാകിസ്താന്റെ ബാറ്റിങ്ങിനിടെ മഴകാരണം വീണ്ടും ഏറെനേരം കളി നിര്‍ത്തിവെച്ചു.

മറുപടി ബാറ്റിങ്ങില്‍ പാകിസ്താന്‍ ഒരിക്കലും ഇന്ത്യയ്ക്ക് വെല്ലുവിളിയായില്ല. ഓപ്പണര്‍ ഫഖര്‍ സമാന്‍ (27), ആഗ സല്‍മാന്‍ (23), ഇഫ്തിഖര്‍ അഹമ്മദ് (23) എന്നിവരാണ് അല്‍പ്പമെങ്കിലും ചെറുത്തുനിന്നത്. അഞ്ചാം ഓവറില്‍ ഓപ്പണര്‍ ഇമാം ഉള്‍ ഹഖിനെ ശുഭ്മാന്‍ ഗില്ലിന്റെ കൈയിലെത്തിച്ച് ജസ്പ്രീത് ബുംറയാണ് തകര്‍ച്ചയക്ക് തുടക്കമിട്ടത്. മധ്യനിരയെ കുല്‍ദീപ് തകര്‍ത്തു. എട്ട് ഓവറില്‍ 25 റണ്‍സിന് കുല്‍ദീപ് അഞ്ചുവിക്കറ്റ് നേടി. ഹാര്‍ദിക് പാണ്ഡ്യ, ശാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തിരുന്നു. സെഞ്ചുറി നേടിയ വിരാട് കോലിയും കെ.എല്‍ രാഹുലുമാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

പരിക്കില്‍ നിന്ന് മോചിതനായി ടീമില്‍ തിരിച്ചെത്തിയ രാഹുല്‍ സെഞ്ചുറിയുമായി വിമര്‍ശകരുടെ വായടപ്പിച്ചു. മറുവശത്ത് കോലി അന്താരാഷ്ട്ര ക്രിക്കറ്റിലെ 77-ാം സെഞ്ചുറിയാണ് നേടിയത്. അപരാജിത കൂട്ടുകെട്ടിലൂടെ രാഹുലും കോലിയും അവസാന ഓവറില്‍ ടീം സ്‌കോര്‍ 350 കടത്തി. പാകിസ്താനെതിരേ ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ഞായറാഴ്ച മഴ കളിമുടക്കിയതിനെത്തുടര്‍ന്നാണ് റിസര്‍വ് ദിനമായ ഇന്നത്തേക്ക് മത്സരം മാറ്റിവെച്ചത്.ഞായറാഴ്ച ഇന്ത്യ മികച്ച രീതിയില്‍ ബാറ്റുചെയ്യുമ്പോഴാണ് മഴ വില്ലനായി വന്നത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് നല്‍കിയത്. മോശം പന്തുകള്‍ പ്രഹരിച്ച് ഇരുവരും സ്‌കോര്‍ ഉയര്‍ത്തി. പേരുകേട്ട പാക് പേസ് നിരയെ ആദ്യം ആക്രമിക്കാന്‍ തുടങ്ങിയത് ഗില്ലാണ് പിന്നാലെ രോഹിത്തും ഗിയര്‍ മാറ്റി. ഇതോടെ പാകിസ്താന്‍ പ്രതിരോധത്തിലായി. ഗില്‍ 13-ാം ഓവറില്‍ അര്‍ധസെഞ്ചുറി നേടി. 37 പന്തില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി നേടിയത്. പിന്നാലെ ടീം സ്‌കോര്‍ 100 കടന്നു.

ഗില്ലിന് പുറകേ രോഹിത്തും അര്‍ധസെഞ്ചുറി നേടി. 42 പന്തുകളില്‍ നിന്നാണ് ഇന്ത്യന്‍ നായകന്റെ അര്‍ധസെഞ്ചുറി പിറന്നത്. പക്ഷേ അര്‍ധസെഞ്ചുറി നേടിയ പിന്നാലെ ഇരുവരും പുറത്തായി. രോഹിത്താണ് ആദ്യം വീണത്. 49 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും നാല് സിക്സിന്റെയും സഹായത്തോടെ 56 റണ്‍സെടുത്ത രോഹിത്തിനെ ശദബ് ഖാന്‍ ഫഹീം അഷറഫിന്റെ കൈയിലെത്തിച്ചു. പിന്നാലെ ഗില്ലും വീണു. 52 പന്തില്‍ നിന്ന് 10 ഫോറടക്കം 58 റണ്‍സെടുത്ത ഗില്ലിനെ ഷഹീന്‍ അഫ്രീദി സല്‍മാന്‍ അലിയുടെ കൈയിലെത്തിച്ചു. ഇതോടെ ഇന്ത്യ 123 ന് രണ്ട് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. ആദ്യ വിക്കറ്റില്‍ രോഹിതും ഗില്ലും 121 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

പിന്നാലെ ക്രീസിലൊന്നിച്ച കെ.എല്‍.രാഹുലും വിരാട് കോലിയും ശ്രദ്ധാപൂര്‍വം ഇന്നിങ്സ് പടുത്തുയര്‍ത്തി. പെട്ടെന്ന് കനത്ത മഴ പെയ്തതോടെ മത്സരം നിര്‍ത്തിവെച്ചു. 24.1 ഓവറിലെത്തിയപ്പോഴാണ് മഴ പെയ്തത്.

റിസര്‍വ് ദിനമായ ഇന്ന് മത്സരം തുടങ്ങാന്‍ നേരം വൈകി. മഴമൂലം മത്സരം 4.40 നാണ് ആരംഭിച്ചത്. ക്രീസിലെത്തിയ കോലിയും രാഹുലും ചേര്‍ന്ന് ടീം സ്‌കോര്‍ 150 കടത്തി. പിന്നാലെ ഇരുവരും അര്‍ധസഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. കോലിയെ സാക്ഷിയാക്കി രാഹുല്‍ അടിച്ചുതകര്‍ത്തു. അനായാസം ബൗണ്ടറിയും സിക്സും പറത്തി രാഹുല്‍ പാക് ബൗളര്‍മാര്‍ക്ക് ഭീഷണിയായി മാറി. 32.5 ഓവറില്‍ ടീം സ്‌കോര്‍ 200 കടന്നു. പിന്നാലെ രാഹുല്‍ അര്‍ധസെഞ്ചുറി നേടി. 60 പന്തുകളില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി കുറിച്ചത്.

രാഹുലിന് പിന്നാലെ സൂപ്പര്‍ താരം വിരാട് കോലിയും അര്‍ധസെഞ്ചുറി നേടി. 55 പന്തുകളില്‍ നിന്നാണ് താരം അര്‍ധശതകം കുറിച്ചത്. താരത്തിന്റെ 66-ാം ഏകദിന അര്‍ധസെഞ്ചുറിയാണിത്. പിന്നാലെ ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ടീം സ്‌കോര്‍ 250 കടത്തുകയും ചെയ്തു. അര്‍ധസെഞ്ചുറി നേടിയശേഷം കോലി ആക്രമിച്ച് കളിക്കാന്‍ ആരംഭിച്ചു. ഇതോടെ സ്‌കോറിങ്ങിന്റെ വേഗം കൂടി. 42.3 ഓവറില്‍ കോലിയും രാഹുലും ചേര്‍ന്ന് കൂട്ടുകെട്ട് 150 ആക്കി ഉയര്‍ത്തി. 45 ഓവറില്‍ ടീം സ്‌കോര്‍ 300 കടന്നു.

47-ാം ഓവറിലെ അവസാന പന്തില്‍ രാഹുല്‍ സെഞ്ചുറി തികച്ചു. 100 പന്തില്‍ നിന്നാണ് താരം സെഞ്ചുറി നേടിയത്. താരത്തിന്റെ ഏകദിനത്തിലെ ആറാം സെഞ്ചുറിയാണിത്. പിന്നാലെ കോലിയും സെഞ്ചുറി തികച്ചു. 84 പന്തുകളില്‍ നിന്നാണ് കോലി ശതകം കുറിച്ചത്. താരത്തിന്റെ ഏകദിനത്തിലെ 47-ാം സെഞ്ചുറിയാണിത്. അന്താരാഷ്ട്ര കരിയറിലെ കോലിയുടെ സെഞ്ചുറികളുടെ എണ്ണം 77 ആയി ഉയര്‍ന്നു. അവസാന ഓവറില്‍ കോലി ആഞ്ഞടിച്ചു. കോലി 94 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും മൂന്ന് സിക്സിന്റെയും സഹായത്തോടെ 122 റണ്‍സെടുത്തും രാഹുല്‍ 106 പന്തുകളില്‍ നിന്ന് 12 ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 111 റണ്‍സെടുത്തും പുറത്താവാതെ നിന്നു. ഇരുവരും മൂന്നാം വിക്കറ്റില്‍ 194 പന്തില്‍ നിന്ന് 233 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയര്‍ത്തി. പാകിസ്താന് വേണ്ടി ഷഹീന്‍ അഫ്രീദി, ശദബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Content Highlights: india vs pakistan asia cup super 4 match updates

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo:AFP

2 min

മാക്‌സ്‌വെല്‍ തിളങ്ങി; മൂന്നാം ഏകദിനത്തില്‍ ഓസീസിന് ജയം

Sep 27, 2023


Asia Cup 2023 pakistan vs India at Pallekele

2 min

ഇന്ത്യ - പാക് മത്സരം മഴ കാരണം ഉപേക്ഷിച്ചു; പാകിസ്താന്‍ സൂപ്പര്‍ ഫോറില്‍

Sep 2, 2023


photo: twitter/ICC

1 min

ഒറ്റ മത്സരം പോര, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഉചിതം-രോഹിത്‌

Jun 11, 2023

Most Commented