തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ന്യുസീലന്‍ഡ് ടിട്വന്റി മത്സരത്തിന്റെ ടിക്കറ്റ് വില്‍പനക്ക് ഔദ്യോഗിക തുടക്കം. മോഹന്‍ലാല്‍ പ്രത്യേക അതിഥിയായെത്തിയ ചടങ്ങിലാണ് ടിക്കറ്റ് വില്‍പനക്ക് തുടക്കം കുറിച്ചത്. ഫെഡറല്‍ ബാങ്ക് സോണല്‍ ഹെഡ്ഡും വൈസ് പ്രസിഡന്റുമായ എന്‍.കെ പോള്‍ ആദ്യ ടിക്കറ്റ് മോഹന്‍ലാലിന് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. നവംബര്‍ ഏഴിനാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ മത്സരം.

മത്സരത്തിന്റെ ടിക്കറ്റ് വില്‍പന ഈ മാസം 16 മുതല്‍ തുടങ്ങിയിരുന്നു. 29 വരെ ഓണ്‍ലൈനില്‍ ടിക്കറ്റ് ലഭിക്കും. ഫെഡറല്‍ ബാങ്കിന്റെ ഒഫീഷ്യല്‍ പോര്‍ട്ടല്‍ www.federalbank.co.in വഴിയാണ് ടിക്കറ്റുകള്‍ ലഭിക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ സൈറ്റിലും ലിങ്ക് ലഭിക്കും. 

ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ നവംബര്‍ 5, 6, 7 തീയതികളിലായി ഫെഡറല്‍ ബാങ്ക് തിരുവനന്തപുരം കോട്ടണ്‍ഹില്‍ ശാഖയിലോ കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബിലെ പ്രത്യേക ടിക്കറ്റ് കൗണ്ടറിലൂടെയോ യാഥാര്‍ഥ ടിക്കറ്റുകളാക്കി മാറ്റിവാങ്ങണം.

30 മുതല്‍ ബാങ്കിന്റെ 40 ശാഖകള്‍ വഴിയും ടിക്കറ്റുകള്‍ ലഭിക്കും. തിരുവനന്തപുരം കോട്ടണ്‍ഹില്‍, പട്ടം, പാളയം, പാറ്റൂര്‍, ശ്രീകാര്യം, പേരൂര്‍ക്കട, ശാസ്തമംഗലം, നന്തന്‍കോട്, കഴക്കൂട്ടം, നെടുമങ്ങാട്, പോങ്ങുംമൂട്, കുറവന്‍കോണം, വിഴിഞ്ഞം, നെയ്യാറ്റിന്‍കര, വര്‍ക്കല, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, കൊട്ടാരക്കര, പുനലൂര്‍, കൊല്ലം, പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജങ്ഷന്‍, തിരുവല്ല, കോട്ടയം, ആലപ്പുഴ, ചെങ്ങന്നൂര്‍, തൊടുപുഴ, എറണാകുളം മറൈന്‍ ഡ്രൈവ്, എം.ജി. റോഡ്, നോര്‍ത്ത്, വൈറ്റില, ആലുവ ബാങ്ക് ജങ്ഷന്‍, തൃശ്ശൂര്‍ മെയിന്‍, പാലക്കാട്, പെരിന്തല്‍മണ്ണ, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, നാഗര്‍കോവില്‍, മാര്‍ത്താണ്ടം, പാറശ്ശാല എന്നീ ശാഖകളില്‍നിന്നാണ് ടിക്കറ്റ് ലഭിക്കുന്നതെന്ന് ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എന്‍.കെ. പോള്‍ അറിയിച്ചു.

അപ്പര്‍ ലെവല്‍-700 രൂപ, ലോവര്‍ ലവല്‍-1000 രൂപ, പ്രീമിയം ചെയര്‍-2000 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. അപ്പര്‍ ലവലില്‍ വിദ്യാര്‍ഥികള്‍ക്ക് അമ്പതുശതമാനം ഇളവുണ്ട്. 5000 ടിക്കറ്റുകള്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് 350 രൂപ നിരക്കില്‍ നല്‍കും. അരലക്ഷത്തോളം പേര്‍ക്കാണ് സ്റ്റേഡിയത്തില്‍ കളി കാണാനാവുന്നത്. ഇതില്‍ 25,000-ത്തോളം ടിക്കറ്റുകളാണ് വില്‍ക്കുന്നത്.