സതാംപ്റ്റൺ: ഇന്ത്യയും ന്യൂസീലന്റും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മഴയിൽ കുതിർന്ന തുടക്കം. മഴ മൂലം ആദ്യ ദിവസത്തെ കളി ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. മത്സരത്തിൽ ഐസിസി റിസർവ് ഡേ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ നഷ്ടപ്പെട്ട ദിവസത്തെ കളി അന്ന് നടക്കും.

സതാംപ്റ്റണിൽ ഇന്നു കനത്ത മഴയായിരിക്കുമെന്ന് യുകെ കാലാവസ്ഥാ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു. ഫൈനൽ നടക്കുന്ന അഞ്ചു ദിവസവും മഴ ഭീഷണിയുണ്ട്. മത്സരം സമനിലയിൽ പിരിഞ്ഞാൽ ഇരുടീമുകളേയും വിജയിയായി പ്രഖ്യാപിക്കും.

ഫൈനലിൽ നേരിയ മുൻതൂക്കം ന്യൂസീലന്റിനാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്പരമ്പരയിൽ വിജയിച്ച ന്യൂസീലന്റ് ഇന്ത്യയെ പിന്തള്ളി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തിയിരുന്നു. അതേസമയം ഇൻട്രാസ്ക്വാഡ് മത്സരങ്ങൾ കളിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. രവിചന്ദ്ര അശ്വിനൊപ്പം രവീന്ദ്ര ജഡേജ പ്ലെയിങ് ഇലവനിൽ എത്തിയത് ഇന്ത്യയുടെ ബാറ്റിങ് ആഴം വർധിപ്പിക്കും.

Content Highlights: India vs New Zealand World Test Championship Final Cricket