തൗരംഗ (ന്യൂസീലന്‍ഡ്): ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ തൂത്തുവാരി. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഏഴു റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം.

164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡിന് 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ജയത്തോടെ ട്വന്റി 20 പരമ്പര 5-0ന് തൂത്തുവാരുന്ന ആദ്യ ടീമെന്ന റെക്കോഡും ഇന്ത്യ സ്വന്തമാക്കി.

അവസാന ഓവറില്‍ 21 വേണ്ടപ്പോള്‍ താക്കൂറിന്റെ ഓവറില്‍ രണ്ടു സിക്‌സടിച്ച് ഇഷ് സോധി ഒന്ന് വിറപ്പിച്ചെങ്കിലും ഒടുവില്‍ ഏഴു റണ്‍സകലെ വിജയം കൈവിട്ടു.

മത്സരത്തില്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയ ബുംറ കളിയിലെ താരമായപ്പോള്‍ മികച്ച ബാറ്റിങ് പ്രകടനങ്ങളോടെ കെ.എല്‍ രാഹുല്‍ പരമ്പരയുടെ താരമായി.

അര്‍ധ സെഞ്ചുറി നേടിയ റോസ് ടെയ്‌ലര്‍ക്കും ടിം സെയ്‌ഫെര്‍ട്ടിനും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. 30 പന്തുകള്‍ നേരിട്ട സെയ്‌ഫെര്‍ട്ട് മൂന്നു സിക്‌സും അഞ്ചു ഫോറുമടക്കം 50 റണ്‍സെടുത്തു. 47 പന്തില്‍ നിന്ന് രണ്ട് സിക്‌സും അഞ്ചു ഫോറുമടക്കം 53 റണ്‍സെടുത്ത ടെയ്‌ലര്‍ 18-ാം ഓവറിലാണ് പുറത്തായത്.

 

നേരത്തെ 17 റണ്‍സിനിടെ കിവീസിന് മൂന്നു വിക്കറ്റുകള്‍ നഷ്ടമായ കിവീസിനെ റോസ് ടെയ്‌ലര്‍ - സെയ്‌ഫെര്‍ട്ട് സഖ്യം നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 99 റണ്‍സാണ് മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. ശിവം ദുബെയുടെ ഒരു ഓവറില്‍ ഇരുവരും ചേര്‍ന്ന് 34 റണ്‍സ് സ്വന്തമാക്കി. ട്വന്റി 20-യില്‍ ഒരു ഓവറില്‍ വഴങ്ങുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ റണ്‍സാണിത്.

ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (2), കോളിന്‍ മണ്‍റോ (15), ടോം ബ്രൂസ് (0), ഡാരില്‍ മിച്ചെല്‍ (2), മിച്ചെല്‍ സാന്റ്‌നര്‍ (6) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. സെയ്‌നിയും ഷാര്‍ദുല്‍ താക്കൂറും രണ്ടു വിക്കറ്റ് വീതമെടുത്തു.

India vs New Zealand Virat Kohli's men eye T20 world record

നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍. 163 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മ പേശീവലിവ് കാരണം മടങ്ങിയിരുന്നു. 41 പന്തില്‍ നിന്ന് മൂന്നു വീതം സിക്‌സും ഫോറും സഹിതം രോഹിത് 60 റണ്‍സെടുത്തിരുന്നു. ട്വന്റി 20-യില്‍ രോഹിത്തിന്റെ 21-ാം അര്‍ധ സെഞ്ചുറിയായിരുന്നു ഇത്. ട്വന്റി 20-യില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളും രോഹിത്തിന്റെ പേരിലായി. പരിക്കേറ്റതോടെ രോഹിത് ഫീല്‍ഡിങ്ങിന് ഇറങ്ങിയില്ല.

ഓപ്പണര്‍ സഞ്ജു സാംസണ്‍, കെ.എല്‍ രാഹുല്‍, ശിവം ദുബെ (5) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. അഞ്ചു പന്തില്‍ നിന്ന് രണ്ടു റണ്‍സ് മാത്രമെടുത്ത സഞ്ജുവിനെ കഴിഞ്ഞ മത്സരത്തിലേതുപോലെ തന്നെ സ്‌കോട്ട് കുഗ്ഗെലെയ്ന്റെ പന്തില്‍ മിച്ചെല്‍ സാന്റ്‌നര്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

33 പന്തുകള്‍ നേരിട്ട രാഹുല്‍ രണ്ടു സിക്‌സും നാലു ഫോറും സഹിതം 45 റണ്‍സെടുത്തു. രണ്ടാം വിക്കറ്റില്‍ രോഹിത് - രാഹുല്‍ സഖ്യം 88 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ശ്രേയസ് അയ്യര്‍ 33 റണ്‍സോടെയും മനീഷ് പാണ്ഡെ 11 റണ്‍സോടെയും പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുന്നത്.

Content Highlights: India vs New Zealand Virat Kohli's men eye T20 world record