Photo: PTI
ഇന്ദോര്‍:മൂന്നില്‍ മൂന്ന്.... ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ കിവീസിനെ 90 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ പരമ്പര നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 386 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസീലന്‍ഡ് 41.2 ഓവറില്‍ 295 റണ്‍സിന് ഓള് ഔട്ടായി. സെഞ്ചുറി നേടിയ ഡെവോണ്‍ കോണ്‍വെ മാത്രമാണ് കിവീസിനായി പിടിച്ചുനിന്നത്.
സെഞ്ചുറി നേടിയ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് ഇന്ത്യയുടെ വിജയത്തിന് നേതൃത്വം നല്‍കിയത്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു.
പടുകൂറ്റന്‍ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഫിന് അലനെ മടക്കി ഹാര്‍ദിക് പാണ്ഡ്യ ന്യൂസീലന്‍ഡിനെ ഞെട്ടിച്ചു. ഹാര്‍ദിക്കിന്റെ ബൗണ്‍സര്‍ പ്രതിരോധിച്ച അലന്റെ ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റ് പിഴുതു. മൂന്നാമനായി വന്ന ഹെന്റി നിക്കോള്‍സിനെ കൂട്ടിപിടിച്ച് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ അടിച്ചുതകര്‍ത്തു.
ഇരുവരും രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. കോണ്‍വെ ആയിരുന്നു അപകടകാരി. എന്നാല്‍ 42 റണ്‍സെടുത്ത നിക്കോള്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി കുല്‍ദീപ് യാദവ് ഈ കൂട്ടുകെട്ട് പൊളിച്ചു. എന്നാല്‍ മറുവശത്ത് കോണ്‍വെയ്ക്ക് കുലുക്കമുണ്ടായിരുന്നില്ല. അനായാസം ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ട് കോണ്‍വെ സ്കോര്‍ ഉയര്‍ത്തി.
വൈകാതെ താരം സെഞ്ചുറി നേടുകയും ചെയ്തു. വെറും 73 പന്തില്‍ നിന്നാണ് കോണ്‍വെ സെഞ്ചുറി തികച്ചത്. കോണ്‍വെയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്കയുളവാക്കി. എന്നാല്‍ ഡാരില്‍ മിച്ചലിനെയും പിന്നാലെ വന്ന നായകന് ടോം ലാഥത്തെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ശാല്‍ദൂല്‍ ഠാക്കൂര്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്കി. ഇതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു.
എന്നാല്‍ ഒരറ്റത്ത് കോണ്‍വെ പിടിച്ചുനിന്നത് ഇന്ത്യയുടെ വിജയസാധ്യതകള്‍ക്ക് തിരിച്ചടിയായി. എന്നാല്‍ 32-ാം ഓവറില്‍ അപകടകാരിയായ കോണ്‍വെയെ മടക്കി ഉമ്രാന് മാലിക്ക് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്കി. കോണ്‍വെയുടെ ഷോട്ട് രോഹിത് കൈയ്യിലൊതുക്കി. 100 പന്തുകളില്‍ നിന്ന് 12 ഫോറിന്റെയും എട്ട് സിക്സിന്റെയും സഹായത്തോടെ 138 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്.
കോണ്‍വെ പുറത്തായതോടെ ന്യൂസീലന്‍ഡിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു. മൈക്കിള്‍ ബ്രേസ്വെല് 26 റണ്‍സെടുത്ത് പൊരുതിയെങ്കിലും പിടിച്ചുനില്‍ക്കാനായില്ല. വാലറ്റത്ത് മിച്ചല്‍ സാന്റ്നര്‍ നടത്തിയ പോരാട്ടമാണ് ടീം സ്കോര്‍ 300 കടത്തിയത്. സാന്റ്നര്‍ 34 റണ്‍സെടുത്ത് പുറത്തായി ലോക്കി ഫെര്ഗൂസന് (7), ജേക്കബ് ഡഫി (0) എന്നിവര്‍ നിരാശപ്പെടുത്തി. ഇതോടെ ഇന്ത്യ വിജയം നേടി.
ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവും ശാര്‍ദൂല്‍ ഠാക്കൂറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഉമ്രാന് മാലിക്കും ഹാര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സെടുത്തു. 112 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍, 101 റണ്‍സ് നേടിയ രോഹിത് ശര്‍മ, 54 റണ്‍സ് അടിച്ചെടുത്ത ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ന്യൂസീലന്‍ഡിന്റെ തീരുമാനം തെറ്റാണ് എന്ന് തെളിയിച്ചാണ് ബാറ്റിങ് ആരംഭിച്ചത്. തകര്‍പ്പന്‍ ഫോമില്‍ കളിച്ചുതുടങ്ങിയ രോഹിത്തും ഗില്ലും കിവീസ് ബൗളര്‍മാര്‍ക്ക് ഒരവസരവും നല്‍കാതെ ബാറ്റുവീശി. 12-ാം ഓവറില്‍ ശുഭ്മാന്‍ ഗില്‍ അര്‍ധസെഞ്ചുറി കുറിച്ചു. 34 പന്തുകളില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി നേടിയത്. പരമ്പരയില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഗില്‍ ഈ മത്സരത്തിലും പ്രതിഭ തെളിയിച്ചു. 13-ാം ഓവറില്‍ ഇന്ത്യ 100 കടന്നു.
14-ാം ഓവറിലെ ആദ്യ പന്തില്‍ സാന്റ്നറെ സിക്സറിന് പറത്തിക്കൊണ്ട് രോഹിത്തും അര്‍ധസെഞ്ചുറി നേടി. ഇതോടെ ന്യൂസീലന്‍ഡ് ബൗളര്‍മാരുടെ മുഖത്ത് നിരാശ പടര്‍ന്നു. അര്‍ധസെഞ്ചുറി നേടിയ ശേഷം ഗില്ലും രോഹിത്തും ബാറ്റിങ് ടോപ് ഗിയറിലേക്ക് മാറ്റി. 18 ഓവറില്‍ ടീം സ്കോര്‍ 150 കടന്നു. 24.1 ഓവറില്‍ ഗില്ലും രോഹിത്തും ചേര്‍ന്ന് 200 റണ്‍സിന്റെ കൂട്ടുകെട്ട് പൂര്‍ത്തിയാക്കി.
ടിക്നര്‍ ചെയ്ത 26-ാം ഓവറിലെ രണ്ടാം പന്തില്‍ സിംഗിളെടുത്തുകൊണ്ട് രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കി. 83 പന്തുകളില്‍ നിന്നാണ് താരം മൂന്നക്കം കണ്ടത്. രോഹിത്തിന്റെ കരിയറിലെ 30-ാം ഏകദിന സെഞ്ചുറിയാണിത്. അതേ ഓവറിലെ അവസാന പന്തില്‍ ഗില്ലും സഞ്ചുറി പൂര്‍ത്തീകരിച്ചു. വെറും 72 പന്തുകളില്‍ നിന്നാണ് ഗില്ലിന്റെ സെഞ്ചുറി. താരത്തിന്റെ ഏകദിന കരിയറിലെ അഞ്ചാം സെഞ്ചുറിയാണിത്.
എന്നാല്‍ തൊട്ടടുത്ത ഓവറില്‍ രോഹിത് പുറത്തായി. മൈക്കിള്‍ ബ്രേസ്വെല്ലിനെ സിക്സടിക്കാനുള്ള രോഹിത്തിന്റെ ശ്രമം പാഴായി. ബാറ്റില്‍ നിന്നൊഴിഞ്ഞ പന്ത് വിക്കറ്റ് പിഴുതു. 85 പന്തില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും ആറ് സിക്സിന്റെയും അകമ്പടിയോടെ 101 റണ്‍സ് നേടിയ ശേഷമാണ് രോഹിത് ക്രീസ് വിട്ടത്. ഗില്ലിനൊപ്പം 212 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്താനും താരത്തിന് സാധിച്ചു.
സെഞ്ചുറി നേടിയ ശേഷം തകര്‍ത്തടിച്ച ഗില്‍ 28-ാം ഓവറിലെ അവസാന പന്തില്‍ പുറത്തായി. ബ്ലെയര്‍ ടിക്നറുടെ പന്ത് ഉയര്‍ത്തിയടിച്ച ഗില്‍ ഡെവോണ്‍ കോണ്‍വെയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 78 പന്തില്‍ നിന്ന് 13 ഫോറിന്റെയും അഞ്ച് സിക്സിന്റെയും സഹായത്തോടെ 112 റണ്‍സെടുത്താണ് ഗില്‍ മടങ്ങിയത്. ഗില്ലിന് പകരം ഇഷാന് കിഷന് ക്രീസിലെത്തി.
രോഹിത്തും ഗില്ലും മടങ്ങിയ ശേഷം ക്രീസില്‍ വിരാട് കോലിയും ഇഷാന് കിഷനും ഒന്നിച്ചു. ഇരുവരും നന്നായി ബാറ്റുചെയ്തുകൊണ്ടിരിക്കേ അനാവശ്യ റണ്ണിന് ശ്രമിച്ച് ഇഷാന് കിഷന് റണ്‍ ഔട്ടായി. 24 പന്തില്‍ നിന്ന് 17 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ വന്ന സൂര്യകുമാര്‍ യാദവിനെ കൂട്ടുപിടിച്ച് കോലി ട്വന്റി 20 ശൈലിയില്‍ ബാറ്റുവീശി. എന്നാല്‍ കോലിയെ വീഴ്ത്തി ജേക്കബ് ഡഫി ഈ കൂട്ടുകെട്ട് പൊളിച്ചു. 27 പന്തില്‍ നിന്ന് 36 റണ്‍സാണ് കോലിയുടെ സമ്പാദ്യം.
സൂര്യകുമാറിനും പിടിച്ചുനില്‍ക്കാനായില്ല. രണ്ട് സിക്സടിച്ച് വരവറിയിച്ചെങ്കിലും 14 റണ്‍സെടുത്ത താരത്തെ ഡഫി കോണ്‍വെയുടെ കൈയ്യിലെത്തിച്ചു. ഇതോടെ ഇന്ത്യ പതറി. വിക്കറ്റ് നഷ്ടമില്ലാതെ 212 റണ്‍സെന്ന നിലയില്‍ നിന്ന് ഇന്ത്യ 293 ന് അഞ്ച് എന്ന സ്കോറിലേക്ക് നിലംപൊത്തി. പിന്നീട് ക്രീസിലൊന്നിച്ച ഹാര്‍ദിക് പാണ്ഡ്യയും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് ടീം സ്കോര്‍ 300 കടത്തി. എന്നാല്‍ സുന്ദറിന് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. വെറും 9 റണ്‍സെടുത്ത താരത്തെ ടിക്നര്‍ പുറത്താക്കി.
പിന്നാലെ വന്ന ശാര്‍ദൂല്‍ ഠാക്കൂര്‍ നന്നായി ബാറ്റുവീശിയതോടെ ഇന്ത്യ ടോപ് ഗിയറിലായി. 47-ാം ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 350 കടന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് പ്രകടനമാണ് അവസാന ഓവറുകളില്‍ ഇന്ത്യയുടെ സ്കോര്‍ ഉയര്‍ത്താന്‍ സഹായകമായത്. 16 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത് ശാര്‍ദൂല്‍ പുറത്തായെങ്കിലും ഇന്ത്യന്‍ സ്കോര്‍ 360 കടന്നിരുന്നു.
49-ാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ അര്‍ധസെഞ്ചുറി കുറിച്ചു. വെറും 36 പന്തുകളില്‍ നിന്നാണ് താരം അര്‍ധശതകത്തിലെത്തിയത്. അതേ ഓവറിലെ നാലാം പന്തില്‍ താരം പുറത്തായി. 38 പന്തുകളില്‍ നിന്ന് മൂന്ന് വീതം സിക്സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 54 റണ്‍സെടുത്താണ് ഹാര്‍ദിക് ക്രീസ് വിട്ടത്. ഇന്നിങ്സിലെ അവസാന പന്തില്‍ കുല്‍ദീപ് യാദവ് റണ്‍ ഔട്ടായി (3). ഉമ്രാന് മാലിക് പുറത്താവാതെ നിന്നു.
ന്യൂസീലന്‍ഡ് ബൗളിങ് നിരയിലെ എല്ലാവരും കണക്കിന് പ്രഹരമേറ്റുവാങ്ങി. ജേക്കബ് ഡഫി 10 ഓവറില്‍ 100 റണ്‍സാണ് വഴങ്ങിയത്. മൂന്ന് വിക്കറ്റും താരം വീഴ്ത്തി. ബ്ലെയര്‍ ടിക്നറും മൂന്ന് വിക്കറ്റെടുത്തു.
Updating ...
Content Highlights: india vs new zealand third odi updates
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..