മൗണ്ട് മൗംഗനൂയി: ട്വന്റി 20 പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് ഏകദിന പരമ്പരയിലെ സമ്പൂര്‍ണ വിജയത്തോടെ പകരംവീട്ടി ന്യൂസീലന്‍ഡ്. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യയെ അഞ്ചു വിക്കറ്റിനാണ് കിവീസ് പരാജയപ്പെടുത്തിയത്.

ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 47.1 ഓവറില്‍ അഞ്ചു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. ഇതോടെ പരമ്പര കിവീസ് തൂത്തുവാരി (3-0).

അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍മാരായ ഹെന്റി നിക്കോള്‍സിന്റെയും മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെയും പ്രകടനം കിവീസിന്റെ വിജയത്തില്‍ നിര്‍ണായകമായി.

103 പന്തുകള്‍ നേരിട്ട നിക്കോള്‍സ് ഒമ്പത് ബൗണ്ടറികളോടെ 80 റണ്‍സെടുത്തു. പരമ്പരയില്‍ നിക്കോള്‍സിന്റെ രണ്ടാമത്തെ അര്‍ധ സെഞ്ചുറിയായിരുന്നു ഇത്. മറുവശത്ത് തകര്‍ത്തടിച്ച ഗപ്റ്റില്‍ 46 പന്തില്‍ നിന്ന് നാലു സിക്‌സും ആറ് ഫോറുമടക്കം 66 റണ്‍സെടുത്തു. ഇരുവരും കൂട്ടിച്ചേര്‍ത്ത 106 റണ്‍സ് കൂട്ടുകെട്ടാണ് കിവീസ് ഇന്നിങ്‌സിന് അടിത്തറ പാകിയത്.

28 പന്തില്‍ നിന്ന് മൂന്നു സിക്‌സും ആറു ഫോറുമടക്കം 58 റണ്‍സെടുത്ത കോളിന്‍ ഡെ ഗ്രാന്‍ഡ്‌ഹോം കിവീസ് ജയം വേഗത്തിലാക്കി.

കെയ്ന്‍ വില്യംസണ്‍ (22), റോസ് ടെയ്‌ലര്‍ (12), ജിമ്മി നീഷാം (19) എന്നിവരാണ് പുറത്തായ താരങ്ങള്‍. ടോം ലാഥം 32 റണ്‍സുമായി പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്കായി ചാഹല്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. ജഡേജയും താക്കൂറും ഓരോ വിക്കറ്റ് വീതമെടുത്തു.

KL Rahul

നേരത്തെ സെഞ്ചുറി നേടിയ കെ.എല്‍ രാഹുലിന്റെ മികവിലാണ് ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സെടുത്തത്. 113 പന്തില്‍ രാഹുല്‍ ഒമ്പത് ഫോറിന്റേയും രണ്ട് സിക്സിന്റേയും സഹായത്തോടെ 112 റണ്‍സ് അടിച്ചെടുത്തു. അര്‍ധ സെഞ്ചുറിയുമായി ശ്രേയസ് അയ്യരും 42 റണ്‍സോടെ മനീഷ് പാണ്ഡെയും 40 റണ്‍സുമായി പൃഥ്വി ഷായും രാഹുലിന് പിന്തുണ നല്‍കി. 

ഏകദിനത്തില്‍ രാഹുലിന്റെ നാലാം സെഞ്ചുറിയാണിത്. എന്നാല്‍ അഞ്ചാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി രാഹുല്‍ നേടുന്ന ആദ്യ സെഞ്ചുറിയാണ് ന്യൂസീലന്‍ഡില്‍ കണ്ടത്. 104 പന്തില്‍ ഒമ്പത് ഫോറും ആറു സിക്സും സഹിതം രാഹുല്‍ സെഞ്ചുറിയിലെത്തി. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഓപ്പണിങ് ജോഡി ഒരിക്കല്‍ കൂടി പരാജയമായി. എട്ടു റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ എത്തിയപ്പോഴേക്കും മായങ്ക് അഗര്‍വാളിന്റെ വിക്കറ്റ് നഷ്ടപ്പെട്ടു. മൂന്നു പന്തില്‍ ഒരു റണ്ണെടുത്ത മായങ്കിനെ ജാമിസണാണ് പുറത്താക്കിയത്. പിന്നാലെ വന്നപാടെ സിക്‌സടിച്ചു തുടങ്ങിയ കോലിയെ (9) ബെന്നെറ്റ്, ജാമിസണിന്റെ കൈയിലെത്തിച്ചു. പരമ്പരയില്‍ സമ്പൂര്‍ണമായി നിരാശപ്പെടുത്തിയാണ് ഇന്ത്യന്‍ നായകന്റെ മടക്കം.

പിന്നീട് പൃഥ്വി ഷായും ശ്രേയസ് അയ്യരും ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. പൃഥ്വി ഷാ 42 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്‌സും സഹിതം 40 റണ്‍സ് നേടി. പൃഥ്വി ഷാ റണ്‍ഔട്ടായതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. എന്നാല്‍ പിന്നീട് രാഹുലിനെ കൂട്ടുപിടിച്ച് ശ്രേയസ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇരുവരും നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. 63 പന്തില്‍ 62 റണ്‍സ് നേടിയ ശ്രേയസ് അയ്യരെ പുറത്താക്കി ജിമ്മി നീഷാം ഈ കൂട്ടുകെട്ട് പൊളിച്ചു. 

അടുത്തത് മനീഷ് പാണ്ഡെയുടെ അവസരമായിരുന്നു. അഞ്ചാം വിക്കറ്റില്‍ പാണ്ഡെയും രാഹുലും 107 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 112 റണ്‍സെടുത്ത രാഹുലിനെ തിരിച്ചയച്ച് ബെന്നെറ്റ് ആണ് ഈ കൂട്ടുകെട്ട് അവസാനിപ്പിച്ചത്. തൊട്ടടുത്ത പന്തില്‍ പാണ്ഡെയും ക്രീസ് വിട്ടു. 48 പന്തില്‍ രണ്ട് ഫോറിന്റെ സഹായത്തോടെ 42 റണ്‍സായിരുന്നു പാണ്ഡെയുടെ സമ്പാദ്യം. ശാര്‍ദുല്‍ താക്കൂര്‍ ആറു പന്തില്‍ ഏഴു റണ്‍സെടുത്ത് പുറത്തായി. എട്ടു റണ്‍സ് വീതമെടുത്ത് രവീന്ദ്ര ജഡേജയും നവ്ദീപ് സെയ്നിയും പുറത്താകാതെ നിന്നു.

ന്യൂസീലന്‍ഡിനായി ബെന്നെറ്റ് 10 ഓവറില്‍ 64 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ജാമിസണും നീഷാമും ഓരോ വിക്കറ്റ് വീതമെടുത്തു.

Content Highlights: India vs New Zealand Third ODI cricket