തിരുവനന്തപുരം: മഴ ഏറെ നേരംകളിച്ചതിന് ശേഷം ഇന്ത്യ-ന്യുസീലന്‍ഡ് മത്സരത്തിനായി കാര്യവട്ടത്ത് മഴ മാറി നിന്നു. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് ആഥിതേയരെ ബാറ്റിങിനയച്ചു.
ഏഴു മണിക്ക് തുടങ്ങേണ്ട മത്സരം 9.30നാണ് ആരംഭിച്ചത്‌. മത്സരം എട്ടോവറാക്കി ചുരുക്കുകയും ചെയ്തിട്ടുണ്ട്‌.

ടിട്വന്റി ക്രിക്കറ്റില്‍ ന്യൂസീലന്‍ഡിനെതിരേ ചരിത്രത്തിലാദ്യമായി ഒരു പരമ്പര സ്വന്തമാക്കാനിറങ്ങുകയാണ്‌ ഇന്ത്യ. കാര്യവട്ടത്തെ സ്പോര്‍ട്സ് ഹബ്ബില്‍ ആദ്യമായി നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തില്‍ കിവികളെയും മഴയെയും ഒരുപോലെ കീഴടക്കിയാലേ പരമ്പര സ്വന്തമാക്കാനാകൂ. 

തിരുവനന്തപുരത്ത് അവസാനമായി ഒരു അന്താരാഷ്ട്ര മത്സരം നടന്നത് 1988-ലാണ്. അന്ന് വെസ്റ്റിന്‍ഡീസിനെതിരേ ഇന്ത്യയെ നയിച്ച രവിശാസ്ത്രി ഇന്ന് ടീമിന്റെ മുഖ്യപരിശീലകനാണ്. കിവികളെ കീഴടക്കാനുള്ള ചാണക്യതന്ത്രം മെനയാന്‍ നായകന്‍ വിരാട് കോലിക്ക് തുണയായി ശാസ്ത്രിയുണ്ടാകും. 

ind-nz

റണ്ണൊഴുകുന്ന പിച്ചാണ് സ്പോര്‍ട്സ് ഹബ്ബിലേത്. അടുത്തിടെ നടന്ന ഒരു സന്നാഹമത്സരത്തില്‍ രണ്ടിന്നിങ്സിലും 180-നുമുകളില്‍ സ്‌കോര്‍ പിറന്നിരുന്നു.

New Zealand Cricket
ന്യൂസീലന്‍ഡ് താരങ്ങള്‍ കോവളത്തെ റാവിസ് ലീല ഹോട്ടലില്‍    ഫോട്ടോ: എസ്.ശ്രീകേഷ്‌

ന്യൂസീലന്‍ഡിനെതിരായി നടന്ന മൂന്നു മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ അതേ സാഹചര്യമാണ് ട്വന്റി 20 പരമ്പരയിലും വന്നെത്തിയിരിക്കുന്നത്. ആദ്യ രണ്ടു കളികള്‍ ഇരുടീമുകളും പങ്കുവെച്ചപ്പോള്‍ (1-1) ഏകദിന പരമ്പര ജേതാക്കളെ നിര്‍ണയിച്ചത് കാണ്‍പുരിലെ മൂന്നാം മത്സരമായിരുന്നു. ആറു റണ്‍സ് വിജയവുമായാണ് ആതിഥേയര്‍ പരമ്പര സ്വന്തമാക്കിയത്. 

ടിട്വന്റിയിലും അതേ സ്ഥിതിയാണ്. ഇപ്പോള്‍ 1-1. ന്യൂഡല്‍ഹിയില്‍ ആദ്യമത്സരത്തിലെ വിജയം കിവികള്‍ക്കെതിേര ഇന്ത്യയുടെ കന്നിവിജയമായിരുന്നു. രാജ്കോട്ടില്‍ അതേ നാണയത്തില്‍ മറുപടി നല്കി അവര്‍ തിരിച്ചടിച്ചു. ഇനി തിരുവനന്തപുരം തീരുമാനിക്കും ആര് ചാമ്പ്യന്മാരാവുമെന്ന്. പോരാട്ടം കനക്കുമെന്ന് ചുരുക്കം.

രണ്ടു ടീമുകളും സമതുലിതമാണ്. ഓപ്പണര്‍മാര്‍ മികച്ച തുടക്കമേകിയാല്‍ ഇന്ത്യക്കാവും മേല്‍ക്കൈ. കിവി നിരയില്‍ അപകടകാരികള്‍ ഓപ്പണിങ് ബാറ്റ്സ്മാന്‍ കോളിന്‍ മണ്‍റോയും ഇടങ്കയ്യന്‍ ഫാസ്റ്റ്ബൗളര്‍ ട്രെന്റ് ബോള്‍ട്ടുമാണ്. രാജ്കോട്ടില്‍ അവര്‍ രണ്ടാം മത്സരം ജയിച്ചത് മണ്‍റോയുടെ സെഞ്ചുറിയിലാണ്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടിലും മാറ്റുതെളിയിച്ചിട്ടുള്ളവരാണ്. ഫീല്‍ഡിങ്ങില്‍ ജാഗ്രതകൂട്ടി മണ്‍റോയെ പൂട്ടിയും കടന്നാക്രമിച്ച് ബോള്‍ട്ടിന്റെ വെല്ലുവിളി തടഞ്ഞും ആധിപത്യം സ്ഥാപിക്കാമെന്ന് ഇന്ത്യ കണക്കുകൂട്ടുന്നു.

സാധ്യതാ ടീം- ഇന്ത്യ: രോഹിത്, ധവാന്‍, ശ്രേയസ്സ് അയ്യര്‍, കോലി (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ധോനി, അക്ഷര്‍ പട്ടേല്‍, ചാഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍, ബുംറ.

ന്യൂസീലന്‍ഡ്: മണ്‍റോ, ഗപ്ടില്‍, വില്യംസണ്‍ (ക്യാപ്റ്റന്‍), ടോം ബ്രൂസ്, ഗ്ലെന്‍ ഫിലിപ്സ്, നിക്കോള്‍സ്, ഗ്രാന്ധോം, സാന്റ്നര്‍, സോധി, ബോള്‍ട്ട്, മില്‍നി.