കഴക്കൂട്ടം (തിരുവനന്തപുരം): ഇന്ത്യ-ന്യൂസീലന്‍ഡ് ട്വന്റി-20 പരമ്പരയിലെ അവസാന മത്സരത്തിനായി ടീമുകള്‍ ഞായറാഴ്ച നഗരത്തിലെത്തും. രാജ്കോട്ടില്‍നിന്നും ചാര്‍ട്ടര്‍ വിമാനത്തില്‍ രാത്രി 11.30-ന് എത്തുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. 

കോവളത്തെ ലീല ഹോട്ടലിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. തിങ്കളാഴ്ച രാവിലെയും ഉച്ചയ്ക്കുമായി കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെമുതല്‍ ഉച്ചവരെ ന്യൂസീലന്‍ഡ് ടീമിനും ഉച്ചയ്ക്കുശേഷം ഇന്ത്യന്‍ ടീമിനുമാണ് പരിശീലനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്.

മൂന്നു പതിറ്റാണ്ടിനുശേഷം വിരുന്നെത്തുന്ന ക്രിക്കറ്റ് മത്സരത്തെ വരവേല്‍ക്കാന്‍ തലസ്ഥാനനഗരി ഒരുങ്ങിക്കഴിഞ്ഞു. ദേശീയ ഗെയിംസിനായി നിര്‍മിച്ച സ്പോര്‍ട്സ് ഹബ്ബിലെ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണ് നടക്കാന്‍പോകുന്നത്. അഞ്ച് പിച്ചുകളാണ് ഇവിടെയുള്ളത്. ഇതില്‍ മൂന്നെണ്ണമാണ് മത്സരത്തിനായി സജ്ജമാക്കിയത്. പിച്ച് ബാറ്റിങ്ങിനെ തുണയ്ക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

മത്സരത്തിനുള്ള ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുതീര്‍ന്നു. എണ്‍പതു ശതമാനം ടിക്കറ്റുകളും ഓണ്‍ലൈന്‍ വഴിയാണ് വിറ്റഴിച്ചത്. തിങ്കളാഴ്ച സര്‍ക്കാരും കേരള ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായി നടപ്പാക്കുന്ന യെസ് ക്രിക്കറ്റ്, നോ ഡ്രഗ്സ് എന്ന പരിപാടിയിലും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുക്കും.

മത്സരം കാണാനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്

ചൊവ്വാഴ്ച രാത്രി ഏഴിന് മത്സരം ആരംഭിക്കും
വൈകുന്നേരം നാലു മണിമുതല്‍ സ്റ്റേഡിയത്തിലേക്ക് കാണികള്‍ക്ക് പ്രവേശിക്കാം.
പ്രവേശന പാസ് ഇല്ലാത്തവര്‍ക്ക് സ്റ്റേഡിയത്തിനകത്തോ പരിസരത്തോ പ്രവേശിക്കാനാവില്ല.
ഫെഡറല്‍ ബാങ്കിന്റെ തിരഞ്ഞെടുത്ത ശാഖകള്‍ വഴിയും സ്റ്റേഡിയത്തിന്റെ കവാടത്തിന് മുന്നിലുള്ള കൗണ്ടറില്‍നിന്നും ഏഴിന് ഉച്ചയ്ക്ക് 12 വരെ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ മാറ്റിവാങ്ങാം. തിരിച്ചറിയല്‍ കാര്‍ഡും കരുതണം.
പ്ലാസ്റ്റിക് കുപ്പികള്‍, വടി, കൊടിതോരണങ്ങള്‍, പടക്കങ്ങള്‍, സിഗററ്റ്, തീപ്പെട്ടി എന്നിവയൊന്നും സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോകാനാവില്ല.
ഭക്ഷണസാധനങ്ങളും വെള്ളവും സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരാന്‍ വിലക്കുണ്ട്. ഇവ സ്റ്റേഡിയത്തില്‍ ലഭിക്കും.
മദ്യപിച്ചോ ലഹരിപദാര്‍ഥാങ്ങള്‍ ഉപയോഗിച്ചോ എത്തുന്നവരെ അകത്തേക്കു കടത്തില്ല.
ആന്റി സബോട്ടേജ് പരിശോധനയും ടിക്കറ്റിന്റെ ബാര്‍കോഡ് പരിശോധനയും നടത്തിയാണ് കാണികളെ കടത്തിവിടുന്നത്.
കാര്‍പാസ് ഉള്ള വാഹനങ്ങള്‍ മാത്രമേ സ്റ്റേഡിയത്തിനകത്തേക്ക് കടത്തിവിടുകയുള്ളൂ.
കാണികളുടെ കാറുകള്‍ കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസ്, എല്‍.എന്‍.സി.പി.ഇ. മൈതാനം, സര്‍ക്കാര്‍ കോളേജ്, ബി.എഡ്. സെന്റര്‍ എന്നിവിടങ്ങളില്‍ പാര്‍ക്കുചെയ്യണം.
ബാക്കിയുള്ള വാഹനങ്ങളും ബസുകളും വലിയ വാഹനങ്ങളും കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഗ്രൗണ്ടില്‍ പാര്‍ക്കുചെയ്യണം.
ഇരുചക്രവാഹനങ്ങള്‍ സ്റ്റേഡിയത്തിന്റെ പടിഞ്ഞാറെ റോഡിലെ മൂന്നു ഗ്രൗണ്ടുകളില്‍ പാര്‍ക്കുചെയ്യാം. 
ശ്രീകാര്യം മുതല്‍ കഴക്കൂട്ടം വരെയുള്ള റോഡില്‍ ഗതാഗത നിയന്ത്രണമുണ്ടാകും.