സിഡ്നി: കാണ്‍പുര്‍ ടെസ്റ്റില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയ്ക്കായി അരങ്ങേറിയ ശ്രേയസ് അയ്യരെ അഭിനന്ദിച്ച് മുന്‍ ഓസ്‌ട്രേലിയന് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്.

'കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നീ ചെയ്ത അധ്വാനമെല്ലാം കാണുമ്പോള്‍ ഇത് നിനക്ക് അര്‍ഹതപ്പെട്ടതാണ്, ഇതൊരു തുടക്കം മാത്രമാണ്. നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു.' - പോണ്ടിങ് ട്വിറ്ററില്‍ കുറിച്ചു.

ഐപിഎല്ലില്‍ ശ്രേയസ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റനായിരുന്ന സമയത്ത് ടീമിന്റെ പരിശീലകനായിരുന്നു പോണ്ടിങ്.

ടെസ്റ്റില്‍ ഇന്ത്യയ്ക്കായി അരങ്ങേറുന്ന 303-ാമത്തെ പുരുഷ താരമാണ് അയ്യര്‍. 2003-ല്‍ യുവ്‌രാജ് സിങ്ങിന് ശേഷം ന്യൂസീലന്‍ഡിനെതിരേ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച താരവും ശ്രേയസാണ്.

മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌ക്കറാണ് ശ്രേയസിന് ടെസ്റ്റ് ക്യാപ്പ് സമ്മാനിച്ചത്. ആദ്യം ദിനം ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കാനും താരത്തിനായി. 136 പന്തുകള്‍ നേരിട്ട താരം രണ്ടു സിക്സും ഏഴു ഫോറുമടക്കം 75 റണ്‍സോടെ പുറത്താകാതെ നില്‍ക്കുകയാണ്.

2017-ല്‍ ഇന്ത്യയ്ക്കായി അരങ്ങേറിയ ശ്രേയസിനെ തേടി നാലു വര്‍ഷം കഴിഞ്ഞാണ് ടെസ്റ്റിലേക്കുള്ള ആദ്യത്തെ വിളിയെത്തിയത്. മുംബൈക്കായി ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ് അയ്യര്‍. 54 മത്സരങ്ങളില്‍ നിന്ന് 4592 റണ്‍സ് അയ്യര്‍ മുംബൈക്കായി നേടിയിട്ടുണ്ട്. 52.18 റണ്‍സ് ശരാശരിയിലായിരുന്നു അയ്യരുടെ സ്‌കോറിങ്. 12 ഫസ്റ്റ് ക്ലാസ് സെഞ്ചുറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

Content Highlights: india vs new zealand shreyas iyer gets test cap ricky ponting congratulates