മുംബൈ: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തില മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ ശക്തമായ നിലയില്‍. 

ഒന്നാം ഇന്നിങ്‌സില്‍ കിവീസിനെ വെറും 62 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സെന്ന നിലയിലാണ്. ന്യൂസീലന്‍ഡിനെ ഫോളോഓണിന് വിടാതെ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. 

ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് പകരം ഇന്ത്യയ്ക്കായി മായങ്ക് അഗര്‍വാളിനൊപ്പം ചേതേശ്വര്‍ പൂജാരയാണ് ഓപ്പണ്‍ ചെയ്തത്. മായങ്ക് 38 റണ്‍സോടെയും പൂജാര 29 റണ്‍സോടെയും ക്രീസിലുണ്ട്.

നേരത്തെ കിവീസ് സ്പിന്നര്‍ അജാസ് പട്ടേല്‍ 10 വിക്കറ്റുമായി തിളങ്ങിയ പിച്ചില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരുടെയും തേരോട്ടമായിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 325 റണ്‍സിനെതിരേ ബാറ്റെടുത്ത ന്യൂസീലന്‍ഡിനെ വെറും 62 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടു. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ 126 റണ്‍സ് വേണമായിരുന്ന കിവീസിനെ പക്ഷേ ഇന്ത്യ ഫോളോ ഓണിന് വിട്ടില്ല. 

17 റണ്‍സെടുത്ത കൈല്‍ ജാമിസണാണ് കിവീസ് നിരയിലെ ടോപ് സ്‌കോറര്‍. ജാമിസണെ കൂടാതെ ക്യാപ്റ്റന്‍ ടോം ലാഥം മാത്രമാണ് കിവീസ് നിരയില്‍ രണ്ടക്കം കടന്നത്. 

ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ കിവീസ് ബാറ്റ്സ്മാന്‍മാരെ തുടക്കത്തില്‍ ഞെട്ടിച്ചത് പേസര്‍ മുഹമ്മദ് സിറാജായിരുന്നു. നാലാം ഓവറില്‍ തന്നെ വില്‍ യങ്ങിനെ (4) മടക്കിയ സിറാജ് അതേ ഓവറിലെ അവസാന പന്തില്‍ ക്യാപ്റ്റന്‍ ടോം ലാഥത്തെയും (10) പുറത്താക്കി. ആറാം ഓവറില്‍ റോസ് ടെയ്ലറും (1) സിറാജിന് മുന്നില്‍ വീണു.

പിന്നാലെ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ തേരോട്ടമായിരുന്നു. ഹെന്റി നിക്കോള്‍സ് (7), ടോം ബ്ലണ്ടല്‍ (8), ടിം സൗത്തി (0), വില്യം സോമര്‍വില്ലെ (0) എന്നിവരെ അശ്വിന്‍ മടക്കി. ഡാരില്‍ മിച്ചെല്‍ (8), കൈല്‍ ജാമിസണ്‍ (17) എന്നിവരെ അക്ഷര്‍ പട്ടേലും രചിന്‍ രവീന്ദ്രയെ ജയന്ത് യാദവും പുറത്താക്കി. 

നേരത്തെ ഒരു ഇന്നിങ്സില്‍ 10 വിക്കറ്റ് നേട്ടവുമായി ഇന്ത്യന്‍ വംശജനായ അജാസ് പട്ടേല്‍ ചരിത്രമെഴുതിയപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോര്‍ 325 റണ്‍സില്‍ അവസാനിച്ചിരുന്നു.

47.5 ഓവറില്‍ 119 റണ്‍സ് വിട്ടുകൊടുത്താണ് പട്ടേല്‍ ഇന്ത്യയുടെ പത്ത് വിക്കറ്റും പിഴുതത്. റണ്ണെടുക്കാത്ത ഉമേഷ് യാദവ് മാത്രമാണ് പുറത്താകാതെ നിന്നത്. മുംബൈയിലായിരുന്നു ഇടങ്കൈയന്‍ സ്പിന്നറായ അജാസിന്റെ ജനനം.

ഇംഗ്ലണ്ട് താരം ജിം ലേക്കര്‍, ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ എന്നിവര്‍ക്കുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് അജാസ് പട്ടേല്‍. 

സെഞ്ചുറി നേടിയ ഓപ്പണര്‍ മയാങ്ക് അഗര്‍വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 311 പന്തുകള്‍ നേരിട്ട മായങ്ക് 17 ഫോറും നാലു സിക്സുമടക്കം 150 റണ്‍സെടുത്തു.

കന്നി ടെസ്റ്റ് അര്‍ധ സെഞ്ചുറി നേടിയ അക്ഷര്‍ പട്ടേല്‍ 128 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും സഹിതം 52 റണ്‍സെടുത്തു.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം....

Content Highlights: India vs New Zealand second test match day two live updates