മുംബൈ: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെന്ന നിലയില്‍.

നാലാം ടെസ്റ്റ് സെഞ്ചുറി നേടിയ ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ് ആദ്യ ദിനം ഇന്ത്യയ്ക്കായി തിളങ്ങിയത്. 246 പന്തുകള്‍ നേരിട്ട മായങ്ക് നാലു സിക്‌സും 14 ഫോറുമടക്കം 120 റണ്‍സുമായി ക്രീസിലുണ്ട്. വൃദ്ധിമാന്‍ സാഹയാണ് (25*) മായങ്കിനൊപ്പം ക്രീസില്‍. പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും 61 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. 

ഇന്ത്യന്‍ ഇന്നിങ്‌സില്‍ വീണ നാലു വിക്കറ്റുകളും സ്വന്തമാക്കിയത് അജാസ് പട്ടേലാണ്.

മഴ കാരണം ഔട്ട്ഫീല്‍ഡ് നനഞ്ഞതിനെ തുടര്‍ന്ന് വൈകിയാണ് ആദ്യ ദിനത്തിലെ മത്സരം ആരംഭിച്ചത്. 70 ഓവറുകള്‍ മാത്രമാണ് ആദ്യ ദിനം ബൗള്‍ ചെയ്യാനായത്. 

വാങ്കെഡെയില്‍ അഞ്ചു വര്‍ഷത്തിനു ശേഷം നടക്കുന്ന ആദ്യ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 80 റണ്‍സാണ് ഈ സഖ്യം കൂട്ടിച്ചേര്‍ത്തത്. 71 പന്തുകളില്‍ നിന്ന് ഒരു സിക്‌സും ഏഴു ഫോറുമടക്കം 44 റണ്‍സെടുത്ത ഗില്ലിനെ പുറത്താക്കി അജാസ് പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

പിന്നീട് 30-ാം ഓവര്‍ എറിയാനെത്തിയ അജാസ് ഇന്ത്യയ്ക്ക് ഇരട്ട തിരിച്ചടി നല്‍കി. ഓവറിലെ രണ്ടാം പന്തില്‍ ചേതേശ്വര്‍ പൂജാരയെ (0) ബൗള്‍ഡാക്കിയ താരം ആറാം പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയേയും (0) മടക്കി. തനിക്കെതിരായ എല്‍.ബി.ഡബ്ല്യു അപ്പീല്‍ കോലി റിവ്യൂ ചെയ്തിട്ടും ഫലമുണ്ടായില്ല.

തുടര്‍ന്ന് മായങ്കിനൊപ്പം ചേര്‍ന്ന ശ്രേയസ് അയ്യര്‍ നാലാം വിക്കറ്റില്‍ 80 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 41 പന്തില്‍ നിന്ന് 18 റണ്‍സെടുത്ത അയ്യരെ മടക്കി അജാസ് തന്നെ ഈ കൂട്ടുകെട്ടും പൊളിച്ചു. 

മൂന്നു മാറ്റങ്ങളോടെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. ഇഷാന്ത് ശര്‍മ, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പകരം മുഹമ്മദ് സിറാജ്, ശ്രേയസ്സ് അയ്യര്‍, ജയന്ത് യാദവ് എന്നിവര്‍ കളിക്കും. ന്യൂസീലന്‍ഡില്‍ നായകന്‍ കെയ്ന്‍ വില്യംസണ് പകരം ഡാരില്‍ മിച്ചല്‍ ടീമിലിടം നേടി. ടോം ലാഥമാണ് ടീമിനെ നയിക്കുക.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം....

Content Highlights : India vs New zealand 2nd test Live score and Updates; IND Vs NZ Live Blog