മുംബൈ: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ വിജയത്തിനു പിന്നാലെ വിക്കറ്റ് വേട്ടയില്‍ റെക്കോഡിട്ട് ആര്‍. അശ്വിന്‍.

രണ്ടാം ഇന്നിങ്‌സില്‍ നാലു വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ നാട്ടില്‍ 300 ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കി. അനില്‍ കുംബ്ലെയാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ താരങ്ങള്‍

350 - അനില്‍ കുംബ്ലെ
300 - ആര്‍. അശ്വിന്‍
265 - ഹര്‍ഭജന്‍ സിങ്
219 - കപില്‍ ദേവ്

ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന് ശേഷം സ്വന്തം നാട്ടില്‍ ഏറ്റവും വേഗത്തില്‍ 300 ടെസ്റ്റ് വിക്കറ്റുകള്‍ തികയ്ക്കുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടവും അശ്വിന് സ്വന്തമായി. മുരളീധരന്‍ 48 ടെസ്റ്റുകളില്‍ നിന്ന് 300 വിക്കറ്റ് തികച്ചപ്പോള്‍ അശ്വിന്‍ 49 മത്സരങ്ങളില്‍ നിന്നാണ് ഈ നാഴികക്കല്ലിലെത്തിയത്.

നാട്ടില്‍ ഏറ്റവും വേഗത്തില്‍ 300 ടെസ്റ്റ് വിക്കറ്റുകള്‍

48 - മുത്തയ്യ മുരളീധരന്‍
49 - ആര്‍. അശ്വിന്‍
52 - അനില്‍ കുംബ്ലെ
65 - ഷെയ്ന്‍ വോണ്‍
71 - ജെയിംസ് ആന്‍ഡേഴ്‌സണ്‍
76 - സ്റ്റുവര്‍ട്ട് ബ്രോഡ്

ഇന്ത്യ - ന്യൂസീലന്‍ഡ് ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമെന്ന റിച്ചാര്‍ഡ് ഹാഡ്‌ലിയുടെ റെക്കോഡും അശ്വിന്‍ മറികടന്നു. 66 വിക്കറ്റുകളാണ് ഇന്ത്യ - ന്യൂസീലന്‍ഡ് ടെസ്റ്റ് മത്സരങ്ങളില്‍ അശ്വിന്‍ ഇതുവരെ വീഴ്ത്തിയത്. ഹാഡ്‌ലി ഈ നേട്ടത്തിലെത്താന്‍ 24 ഇന്നിങ്‌സുകളെടുത്തപ്പോള്‍ അശ്വിന്‍ വെറും 17 ഇന്നിങ്‌സുകളാണെടുത്തത്‌.

Content Highlights: India vs New Zealand; R Ashwin broke an array of records