ഹാമില്‍ട്ടണ്‍: ന്യൂസീലന്‍ഡും ഇന്ത്യയും തമ്മിലുള്ള ത്രിദിന സന്നാഹ മത്സരം സമനിലയില്‍. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്ത് നില്‍ക്കെയാണ് മത്സരം സമനിലയിലായത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 28 റണ്‍സ് ലീഡ് നേടിയിരുന്നു. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 263 റണ്‍സിനെതിരേ ന്യൂസീലന്‍ഡ് നേടിയത് 235 റണ്‍സാണ്. 

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി മായങ്ക് അഗര്‍വാളും ഋഷഭ് പന്തും മികച്ച പ്രകടനം പുറത്തെടുത്തു. മായങ്ക് 99 പന്തില്‍ 10 ഫോറും മൂന്നു സിക്‌സും സഹിതം 81 റണ്‍സ് അടിച്ചു.
പിറന്നാള്‍ ദിനത്തിലായിരുന്ന മായങ്കിന്റെ അര്‍ധ സെഞ്ചുറി ഇന്നിങ്‌സ്‌. ഋഷഭ് 65 പന്തില്‍ നാലു വീതം ഫോറും സിക്‌സും സഹിതം 70 റണ്‍സ് നേടി. കിവീസിനായി ഡാരിയല്‍ മിച്ചെല്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. 

സെഞ്ചുറി നേടിയ ഹനുമ വിഹാരിയുടേയും 93 റണ്‍സ് അടിച്ച ചേതേശ്വര്‍ പൂജാരയുടേയും മികവിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 263 റണ്‍സ് അടിച്ചത്. ഇഷ് സോധിയും സ്‌കോട്ട് കുഗ്ലെയ്‌നും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. 

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയുടെ പേസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്ന ആതിഥേയര്‍ 235 റണ്‍സിന് പുറത്തായി. 40 റണ്‍സെടുത്ത ഹെന്‍ട്രി കൂപ്പറാണ് ടോപ്പ് സ്‌കോറര്‍. മുഹമ്മദ് ഷമി മൂന്നു വിക്കറ്റെടുത്തപ്പോള്‍ ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, നവ്ദീപ് സയ്‌നി എന്നിവര്‍ രണ്ടുവീതം വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റ് അശ്വിനും നേടി.

Content Highlights: India vs New Zealand practice match ends in draw