ബാറ്റിങ്ങിനിടെ വിൽ യങ്ങും ടോം ലാഥമും | Photo: Twitter|ICC
കാണ്‍പുര്‍: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ ന്യൂസീലന്‍ഡ് മികച്ച നിലയില്‍. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ന്യൂസീലന്‍ഡ് ഒന്നാമിന്നിങ്‌സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 129 റണ്‍സെന്ന നിലയിലാണ്. 50 റണ്‍സോടെ ടോം ലാഥമും 75 റണ്‍സോടെ വില്‍ യങ്ങുമാണ് ക്രീസില്‍. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ന്യൂസീലന്‍ഡിന് ഇനി 216 റണ്‍സ് കൂടി വേണം.
അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ സന്ദര്‍ശക ടീമിന്റെ ഓപ്പണര്‍മാര്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നത്. 2016-ല്‍ ഇംഗ്ലണ്ടിന്റെ അലെസ്റ്റയര്‍ കുക്ക്-ഹസീബ് ഹമീദ് സഖ്യം ചെന്നൈയില്‍ 103 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഇന്ത്യയില്‍ ന്യൂസീലന്‍ഡ് ഓപ്പണര്‍മാര്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കുന്നത് ഏഴാം തവണ മാത്രമാണ്. ഇതില്‍ രണ്ട് കൂട്ടുകെട്ടിലും ടോം ലാഥം പങ്കാളിയായി.
നേരത്തെ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 345 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി അരങ്ങേറ്റ മത്സരത്തില്‍ സെഞ്ചുറി നേടിയ ശ്രേയസ്സ് അയ്യരും അര്‍ധസെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയും ശുഭ്മാന്‍ ഗില്ലുമാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
നാല് വിക്കറ്റിന് 258 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടപ്പെട്ടു. അര്‍ധസെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയാണ് പുറത്തായത്. രണ്ടാം ദിനം ഒരു റണ്‍സ് പോലും നേടാനാവാതെ പോയ ജഡേജയെ ടിം സൗത്തി ക്ലീന്‍ ബൗള്‍ഡാക്കി. 112 പന്തുകളില്‍ നിന്ന് 50 റണ്‍സെടുത്ത ശേഷമാണ് ജഡേജ ക്രീസ് വിട്ടത്.
ജഡേജയ്ക്ക് പിന്നാലെ വൃദ്ധിമാന്‍ സാഹ ക്രീസിലെത്തി. സാഹയെ സാക്ഷിയാക്കി ശ്രേയസ് അയ്യര്‍ അനായാസം ബാറ്റ് ചലിപ്പിച്ചു. വൈകാതെ താരം അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടി. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടുന്ന 16-ാം ഇന്ത്യന്‍ താരം എന്ന റെക്കോഡ് ശ്രേയസ് അയ്യര്‍ സ്വന്തമാക്കി.
പുതുതായി ക്രീസിലെത്തിയ സാഹയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഒരു റണ്‍ മാത്രമെടുത്ത സാഹയെ ടിം സൗത്തി വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടലിന്റെ കൈയ്യിലെത്തിച്ചു. സാഹയ്ക്ക് പകരം രവിചന്ദ്ര അശ്വിന്‍ ക്രീസിലെത്തി.
അശ്വിന്‍ നന്നായി ബാറ്റ് ചെയ്യാന്‍ ആരംഭിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ന്നു. അശ്വിനെ കൂട്ടുപിടിച്ച് ശ്രേയസ് ടീം സ്‌കോര്‍ 300 കടത്തി. എന്നാല്‍ ടിം സൗത്തിയുടെ പന്തില്‍ ശ്രേയസ് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 171 പന്തുകളില്‍ നിന്ന് 105 റണ്‍സെടുത്ത ശ്രേയസ്സിനെ സൗത്തി വില്‍ യങ്ങിന്റെ കൈയ്യിലെത്തിച്ചു.
പിന്നാലെ വന്ന അക്ഷര്‍ പട്ടേല്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത് മടങ്ങിയതോടെ ഇന്ത്യ അപകടം മണത്തു. എന്നാല്‍ ഉമേഷ് യാദവിനെ കൂട്ടുപിടിച്ച് അശ്വിന്‍ ഇന്ത്യയെ രക്ഷിച്ചു.
ഉച്ചഭക്ഷണത്തിനുശേഷം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ തന്നെ അശ്വിനെ നഷ്ടപ്പെട്ടു. 56 പന്തുകളില്‍ നിന്ന് 38 റണ്‍സെടുത്ത അശ്വിനെ അജാസ് പട്ടേല്‍ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ വന്ന ഇഷാന്തിനെ (0) വിക്കറ്റിന് മുന്നില്‍ കുടുക്കി അജാസ് ഇന്ത്യന്‍ ഇന്നിങ്സിന് തിരശ്ശീലയിട്ടു. ഉമേഷ് യാദവ് (10) പുറത്താവാതെ നിന്നു.
ന്യൂസീലന്‍ഡിനായി വൈസ് ക്യാപ്റ്റന്‍ ടിം സൗത്തി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കൈല്‍ ജാമിസണ്‍ മൂന്നുവിക്കറ്റെടുത്തു. അജാസ് പട്ടേലിന് രണ്ട് വിക്കറ്റ് ലഭിച്ചു.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം....
Content Highlights: india vs new zealand, kanpur test, first test day 2, live score
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..