കാണ്‍പുര്‍: കാണ്‍പുര്‍ ടെസ്റ്റില്‍ ന്യൂസീലന്‍ഡിനെതിരേ മൂന്നാം ദിനത്തിലെ മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സെന്ന നിലയില്‍. ഒരു റണ്ണെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇന്ത്യയ്ക്കിപ്പോള്‍ 63 റണ്‍സ് ലീഡായി.

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ കിവീസിനെ 296 റണ്‍സിന് പുറത്താക്കി ഇന്ത്യ 49 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയിരുന്നു.

അഞ്ചു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ അക്ഷര്‍ പട്ടേലാണ് കിവീസിനെ തകര്‍ത്തത്. 62 റണ്‍സ് വഴങ്ങിയാണ് അക്ഷര്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍. അശ്വിനും മികച്ച പ്രകടനം പുറത്തെടുത്തു. 

ഓപ്പണിങ് വിക്കറ്റില്‍ 151 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ കിവീസിനെതിരേ മികച്ച തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. 99 റണ്‍സിനിടെയാണ് അവസാന എട്ടു വിക്കറ്റുകള്‍ കിവീസിന് നഷ്ടമായത്. 

വിക്കറ്റ് നഷ്ടമില്ലാതെ 129 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച കിവീസിനുവേണ്ടി ഓപ്പണര്‍മാരായ ലാഥവും വില്‍ യങ്ങും മികച്ച ബാറ്റിങ് തന്നെ പുറത്തെടുത്തു.

സ്‌കോര്‍ 151-ല്‍ നില്‍ക്കേ വില്‍ യങ്ങിനെ മടക്കി രവിചന്ദ്ര അശ്വിനാണ് ഇന്ത്യയ്ക്ക് നിര്‍ണായക ബ്രേക് ത്രൂ സമ്മാനിച്ചത്. 214 പന്തുകളില്‍ നിന്ന് 89 റണ്‍സെടുത്ത വില്‍ യങ്ങിനെ അശ്വിന്‍ പകരക്കാരനായി ഇറങ്ങിയ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്തിന്റെ കൈയിലെത്തിക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ ലാഥത്തിനൊപ്പം 151 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് യങ് ക്രീസ് വിട്ടത്.

യങ്ങിന് പകരം നായകന്‍ കെയ്ന്‍ വില്യംസണ്‍ ക്രീസിലെത്തി. വില്യംസണും നിലയുറപ്പിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. എന്നാല്‍ ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുന്‍പ് വില്യംസണെ വീഴ്ത്തി ഉമേഷ് യാദവ് ഇന്ത്യയ്ക്ക് പ്രതീക്ഷ പകര്‍ന്നു. 64 പന്തുകളില്‍ നിന്ന് 18 റണ്‍സെടുത്ത കിവീസ് നായകനെ ഉമേഷ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. 

അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ സന്ദര്‍ശക ടീമിന്റെ ഓപ്പണര്‍മാര്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നത്. 2016-ല്‍ ഇംഗ്ലണ്ടിന്റെ അലെസ്റ്റയര്‍ കുക്ക്-ഹസീബ് ഹമീദ് സഖ്യം ചെന്നൈയില്‍ 103 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഇന്ത്യയില്‍ ന്യൂസീലന്‍ഡ് ഓപ്പണര്‍മാര്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കുന്നത് ഏഴാം തവണ മാത്രമാണ്. ഇതില്‍ രണ്ട് കൂട്ടുകെട്ടിലും ടോം ലാഥം പങ്കാളിയായി.

ഇന്ത്യയ്‌ക്കെതിരേ മികച്ച പ്രകടനം പുറത്തെടുക്കാറുള്ള റോസ് ടെയ്‌ലര്‍ക്കും ഇത്തവണ പിഴച്ചു. 11 റണ്‍സെടുത്ത ടെയ്‌ലറെയും അക്ഷര്‍ മടക്കി. പിന്നാലെയെത്തിയ ഹെന്റി നിക്കോള്‍സിനെയും മടക്കി അക്ഷര്‍ കിവീസിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു. വെറും രണ്ട് റണ്‍സ് മാത്രമടെടുത്ത നിക്കോള്‍സിനെ അക്ഷര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന ടോം ലാഥത്തിന്റെ ഊഴമായിരുന്നു അടുത്തത്. 282 പന്തുകളില്‍ നിന്ന് 95 റണ്‍സെടുത്ത താരത്തെ അക്ഷര്‍ പട്ടേലാണ് മടക്കിയത്. അക്ഷറിന്റെ പന്തില്‍ കയറിയടിക്കാന്‍ ശ്രമിച്ച ലാഥത്തിന്റെ ശ്രമം പാളുകയായിരുന്നു. താരത്തെ വിക്കറ്റ് കീപ്പര്‍ ഭരത് അനായാസം സ്റ്റംപ് ചെയ്ത് പുറത്താക്കി.

തുടര്‍ന്ന് 13 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയെ ജഡേജ മടക്കി. 94 പന്തുകള്‍ നേരിട്ട് 13 റണ്‍സെടുത്ത ടോം ബ്ലണ്ടലിന്റെ പ്രതിരോധം അക്ഷര്‍ തകര്‍ത്തു. 

കൈല്‍ ജാമിസണ്‍ 75 പന്തുകള്‍ നേരിട്ട് 23 റണ്‍സെടുത്ത് പുറത്തായി. ടിം സൗത്തി (5), സോമര്‍വില്ലെ (6) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 345 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ശ്രേയസ് അയ്യരുടെ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: India vs New Zealand Kanpur test day three live score