Photo: PTI
ജയ്പുര്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് അഞ്ചുവിക്കറ്റിന്റെ ജയം. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.
62 റണ്‍സടിച്ച സൂര്യകുമാര്‍ യാദവും 48 റണ്‍സെടുത്ത രോഹിത് ശര്‍മയുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യയെ അവസാന ഓവറുകളില്‍ സമ്മര്‍ദ്ദത്തില്‍ വീഴ്ത്താന്‍ കിവീസ് ബൗളര്‍മാര്‍ക്ക് സാധിച്ചു. സ്‌കോര്‍: ന്യൂസീലന്‍ഡ് 20 ഓവറില്‍ ആറിന് 164. ഇന്ത്യ 19.4 ഓവറില്‍ അഞ്ചിന് 166
ട്വന്റി 20 ലോകകപ്പില്‍ ന്യൂസീലന്‍ഡിനോടേറ്റ തോല്‍വിയ്ക്ക് പകരം ചോദിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.
165 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി രോഹിതും രാഹുലുമാണ് ഓപ്പണ്‍ ചെയ്തത്. സൗത്തി എറിഞ്ഞ മൂന്നാം ഓവറില്‍ രണ്ട് ഫോറും ഒരു സിക്‌സുമടിച്ച് രോഹിത് ഫോമിലേക്കുയര്‍ന്നു. പിന്നാലെ രാഹുലും ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. വെറും 4.5 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു.
എന്നാല്‍ തൊട്ടടുത്ത ഓവറില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച രാഹുല്‍ മിച്ചല്‍ സാന്റ്‌നറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 15 റണ്‍സെടുത്ത രാഹുലിനെ ചാപ്മാന്‍ ക്യാച്ചെടുത്ത് പുറത്താക്കി. രാഹുലിന് പകരം സൂര്യകുമാര്‍ യാദവ് ക്രീസിലെത്തി.
സൂര്യകുമാറും നന്നായി ബാറ്റ് ചെയ്തതോടെ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ന്നു. ആദ്യ പത്തോവറില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സെടുത്തു. 11.3 ഓവറില്‍ ഇന്ത്യ 100 കടന്നു. ഒപ്പം സൂര്യകുമാറും രോഹിതും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു.
എന്നാല്‍ ട്രെന്റ് ബോള്‍ട്ട് ഈ കൂട്ടുകെട്ട് പൊളിച്ചു. 14-ാം ഓവറിലെ രണ്ടാം പന്തില്‍ അര്‍ധസെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന രോഹിത് ശര്‍മയെ ബോള്‍ട്ട് രചിന്റെ കൈയ്യിലെത്തിച്ചു. 36 പന്തുകളില്‍ നിന്ന് അഞ്ച് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 48 റണ്‍സെടുത്താണ് ഇന്ത്യന്‍ നായകന്‍ ക്രീസ് വിട്ടത്.
രോഹിത്തിന് പകരം ഋഷഭ് പന്ത് ക്രീസിലെത്തി. പന്തിനെ സാക്ഷിയാക്കി തകര്‍പ്പന്‍ സിക്‌സിന്റെ അകമ്പടിയോടെ സൂര്യകുമാര്‍ യാദവ് അര്‍ധസെഞ്ചുറി നേടി. 34 പന്തുകളില്‍ നിന്നാണ് താരം അര്‍ധശതകം കുറിച്ചത്. അടിച്ചുതകര്‍ത്ത സൂര്യകുമാര്‍ ടീമിനെ വിജയത്തിലേക്ക് അടുപ്പിച്ചു.
എന്നാല്‍ 17-ാം ഓവറിലെ നാലാം പന്തില്‍ സൂര്യകുമാറിനെ ക്ലീന്‍ ബൗള്‍ഡാക്കി ട്രെന്റ് ബോള്‍ട്ട് കിവീസിന് ആശ്വാസം പകര്‍ന്നു. 40 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 62 റണ്‍സെടുത്ത ശേഷമാണ് സൂര്യകുമാര്‍ ക്രീസ് വിട്ടത്.
സൂര്യകുമാറിന് പകരം ശ്രേയസ്സ് അയ്യര്‍ ക്രീസിലെത്തി. റണ്‍സ് കണ്ടെത്താന്‍ ശ്രേയസ്സും പന്തും നന്നായി വിഷമിച്ചു. വെറും അഞ്ച് റണ്‍സ് മാത്രമെടുത്ത ശ്രേയസ് സൗത്തിയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഇതോടെ അവസാന ഓവറില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 10 റണ്‍സായി. അരങ്ങേറ്റ മത്സരം കളിക്കുന്ന വെങ്കടേഷ് അയ്യര്‍ ക്രീസിലെത്തി.
ഡാരില്‍ മിച്ചലാണ് അവസാന ഓവറെറിഞ്ഞത്. താരത്തിന്റെ ആദ്യ പന്ത് തന്നെ വൈഡായി. ഇതോടെ വിജയലക്ഷ്യം ഒന്‍പത് റണ്‍സായി. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിക്കൊണ്ട് വെങ്കടേഷ് ഇന്ത്യയുടെ സമ്മര്‍ദം കുറച്ചു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച വെങ്കടേഷ് രചിന് ക്യാച്ച് നല്‍കി മടങ്ങി. പിന്നാലെ വന്ന അക്ഷര്‍ പട്ടേല്‍ സിംഗിളെടുത്തു. നാലാം പന്തില്‍ ഫോറടിച്ചുകൊണ്ട് പന്ത് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു.
ന്യൂസീലന്‍ഡിനുവേണ്ടി ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സാന്റ്‌നര്‍, സൗത്തി, മിച്ചല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. 70 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെയും 63 റണ്‍സ് നേടിയ മാര്‍ക്ക് ചാപ്മാന്റെയും പ്രകടനത്തിന്റെ ബലത്തിലാണ് കിവീസ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
ഒരു ഘട്ടത്തില്‍ വലിയ സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന കിവീസിനെ അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ കിവീസ് ഓപ്പണര്‍ ഡാരില്‍ മിച്ചലിനെ ക്ലീന്‍ ബൗള്‍ഡാക്കി ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയ്ക്ക് സ്വപ്‌നത്തുടക്കം സമ്മാനിച്ചു. നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങാനായിരുന്നു മിച്ചലിന്റെ വിധി.
മിച്ചലിന് പകരം യുവതാരം മാര്‍ക്ക് ചാപ്പ്മാന്‍ ക്രീസിലെത്തി. ചാപ്പ്മാനും ഗപ്റ്റിലും അതീവശ്രദ്ധയോടെയാണ് കളിച്ചുതുടങ്ങിയത്. ബാറ്റിങ് പവര്‍പ്ലേയില്‍ ന്യൂസീലന്‍ഡ് 41 റണ്‍സെടുത്തു. ചാപ്മാന്‍ ആക്രമിച്ച് കളിച്ചപ്പോള്‍ ഗപ്റ്റില്‍ സിംഗിളുകളുമായി കളം നിറഞ്ഞു. 7.2 ഓവറില്‍ കിവീസ് 50 റണ്‍സെടുത്തു. പിന്നാലെ ചാപ്മാനും ഗപ്റ്റിലും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
ഇന്ത്യന്‍ ബൗളര്‍മാരെ അനായാസം നേരിട്ട ഗപ്റ്റിലും ചാപ്മാനും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സ്‌കോര്‍ 92-ല്‍ നില്‍ക്കേ ചാപ്മാന്‍ അര്‍ധശതകം നേടി. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര ട്വന്റി 20 അര്‍ധസെഞ്ചുറിയാണിത്. 12.4 ഓവറില്‍ ന്യൂസീലന്‍ഡ് സ്‌കോര്‍ 100-ല്‍ എത്തി. പിന്നാലെ ഗപ്റ്റിലും ചാപ്മാനും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു. 76 പന്തുകളില്‍ നിന്നാണ് ഇരുവരും സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയത്.
സ്‌കോര്‍ 110-ല്‍ നില്‍ക്കേ രവിചന്ദ്ര അശ്വിന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 50 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 63 റണ്‍സെടുത്ത ചാപ്മാനെ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കി. കയറിയടിക്കാന്‍ ശ്രമിച്ച ചാപ്മാന്‍ പൂര്‍ണമായും പരാജയപ്പെട്ടു. ഗപ്റ്റിലിനൊപ്പം 109 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് ചാപ്മാന്‍ ക്രീസ് വിട്ടത്.
ചാപ്മാന് പകരം ഗ്ലെന്‍ ഫിലിപ്‌സ് ക്രീസിലെത്തി. എന്നാല്‍ നിലയുറപ്പിക്കും മുന്‍പ് ഫിലിപ്‌സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന്‍ കിവീസിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു. മൂന്ന് പന്തുകള്‍ നേരിട്ട ഫിലിപ്‌സിന് അക്കൗണ്ട് തുറക്കാനായില്ല. ഫിലിപ്‌സിന് പകരം ടിം സീഫേര്‍ട്ട് ക്രീസിലെത്തി.
വൈകാതെ ഗപ്റ്റില്‍ അര്‍ധസെഞ്ചുറി നേടി. 31 പന്തുകളില്‍ നിന്നാണ് താരം അര്‍ധശതകം നേടിയത്.ക്ഷമയോടെ കളിച്ചുതുടങ്ങിയ ഗപ്റ്റില്‍ പിന്നീട് ഇന്ത്യന്‍ ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചു. ഭുവനേശ്വര്‍ കുമാര്‍ ചെയ്ത 17-ാം ഓവറില്‍ സീഫേര്‍ട്ടിനെ പുറത്താക്കാനുള്ള അനായാസ ക്യാച്ച് അക്ഷര്‍ പട്ടേല്‍ പാഴാക്കി. 17.1 ഓവറില്‍ ടീം സ്‌കോര്‍ 150 കടന്നു.
എന്നാല്‍ തൊട്ടടുത്ത പന്തില്‍ അപകടകാരിയായ ഗപ്റ്റിലിനെ മടക്കി ദീപക് ചാഹര്‍ ഇന്ത്യയ്ക്ക് ആശ്വാസം പകര്‍ന്നു. 42 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും നാല് സിക്‌സിന്റെയും അകമ്പടിയോടെ 70 റണ്‍സെടുത്ത ഗപ്റ്റിലിനെ ചാഹര്‍ ശ്രേയസ്സ് അയ്യരുടെ കൈയ്യിലെത്തിച്ചു.
ഗപ്റ്റിലിന് പകരം യുവതാരം രചിന്‍ രവീന്ദ്ര ക്രീസിലെത്തി. ഗപ്റ്റില്‍ മടങ്ങിയതോടെ കിവീസിന്റെ സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു. 19-ാം ഓവറില്‍ 12 റണ്‍സെടുത്ത സീഫേര്‍ട്ടിനെ സൂര്യകുമാറിന്റെ കൈയ്യിലെത്തിച്ച് ഭുവനേശ്വര്‍ കുമാര്‍ ന്യൂസീലന്‍ഡിന്റെ അഞ്ചാം വിക്കറ്റെടുത്തു.
പിന്നാലെ ക്രീസിലെത്തിയത് സാന്റ്‌നറാണ്. അവസാന ഓവറില്‍ സിറാജ് ഏഴുറണ്‍സെടുത്ത രചിന്റെ വിക്കറ്റ് പിഴുതു. സാന്റ്‌നര്‍ (4) പുറത്താവാതെ നിന്നു.
ഇന്ത്യയ്ക്ക് വേണ്ടി അശ്വിനും ഭുവനേശ്വര്‍ കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ദീപക് ചാഹറും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് സ്വന്തമാക്കി.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം.....
Content Highlights: india vs new zealand first twenty 20 international match live score
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..