സഹതാരങ്ങളോടൊപ്പം വിക്കറ്റ് ആഘോഷിക്കുന്ന രവീന്ദ്ര ജഡേജ | Photo: PTI
കാണ്‍പുര്‍: കിവീസിന്റെ വാലറ്റം പാറപോലെ ഉറച്ചുനിന്നതോടെ കാണ്‍പുര്‍ ടെസ്റ്റ് സമനിലയില്‍. ഒരു വിക്കറ്റ് വീഴ്ത്തിയാല്‍ വിജയം നേടാമായിരുന്ന ഇന്ത്യക്ക് പക്ഷേ പത്താം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അജാസ് പട്ടേല്‍-രവീന്ദ്ര രചിന് കൂട്ടുകെട്ട് പൊളിക്കാനായില്ല.രവീന്ദ്ര ജഡേജയുടെയും അശ്വിന്റേയും അക്സര്‍ പട്ടേലിന്റേയും ബൗളിങ്ങിന് രചിനും അജാസും പ്രതിരോധപ്പൂട്ടിട്ടു. ഒടുവില്‍ അത്യന്തം ആവേശകരമായ പോരാട്ടത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്ന് ന്യൂസീലന്‍ഡ് സമനില പിടിച്ചുവാങ്ങി.
ന്യൂസീലന്‍ഡ് നിരയില്‍ ഒമ്പതാമനായി ടിം സൗത്തി പുറത്തായത് 90-ാം ഓവറിലാണ്. അതിനുശേഷം വിജയം ലക്ഷ്യമിട്ട് ഇന്ത്യന്‍ സ്പിന്‍ ത്രയം 52 പന്തുകള്‍ എറിഞ്ഞു. പക്ഷേ ഇന്ത്യന്‍ വംശജരായ അജാസും രചിനും ആ പന്തുകള്‍ സധൈര്യം നേരിട്ടു. 23 പന്ത് നേരിട്ട് രണ്ട് റണ്‍സോടെ അജാസും 91 പന്തില്‍ 18 റണ്‍സോടെ രചിനും പുറത്താകാതെ നിന്നു. രണ്ടിന്നിങ്സിലുമായി ആര് അശ്വിനും അക്സര്‍ പട്ടേലും ആറു വിക്കറ്റ് വീതവും രവീന്ദ്ര ജഡേജ അഞ്ചു വിക്കറ്റും വീഴ്ത്തി.
അവസാന ദിവസത്തെ മത്സരം വെളിച്ചക്കുറവ് മൂലം നേരത്തെ അവസാനിക്കുമ്പോള്‍ കിവീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് എന്ന നിലയിലായിരുന്നു. ഇന്ത്യ രണ്ടാം ഇന്നിങ്സ് ഏഴു വിക്കറ്റിന് 234 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് 284 റണ്‍സ് വിജയലക്ഷ്യമാണ് കിവീസിന് മുന്നില്‍വെച്ചത്. ആദ്യ ഇന്നിങ്സില്‍ ഇന്ത്യയുടെ 345 റണ്‍സിനെതിരേ ന്യൂസീലന്‍ഡ് 296 റണ്‍സാണ് നേടിയത്.
ഒരു വിക്കറ്റ് നഷ്ടത്തില്‍ നാല് റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച കിവീസിന് മികച്ച തുടക്കമാണ് ടോം ലാഥവും നൈറ്റവാച്ച്മാന്‍ വില്‍ സോമര്‍വില്ലെയും ചേര്‍ന്ന് നല്‍കിയത്. ഉച്ചഭക്ഷണത്തിന് പിരിയുന്നതുവരെ വിക്കറ്റ് നഷ്ടമില്ലാതെ ഇരുവരും 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഉച്ചഭക്ഷണത്തിനുശേഷമുള്ള ആദ്യ പന്തില്‍ തന്നെ സോമര്‍വില്ലെ പുറത്തായി. 36 റണ്‍സെടുത്ത താരത്തെ ഉമേഷ് യാദവ് ശുഭ്മാന്‍ ഗില്ലിന്റെ കൈയ്യിലെത്തിച്ചു. സോമര്‍വില്ലെയ്ക്ക് പകരം നായകന് കെയ്ന്‍ വില്യംസണ് ക്രീസിലെത്തി.
വില്യംസണെ കൂട്ടുപിടിച്ച് ലാഥം ടീം സ്കോര്‍ 100 കടത്തി. ഒപ്പം രണ്ടാം ഇന്നിങ്സിലും ലാഥം അര്‍ധസെഞ്ചുറി നേടി. എന്നാല്‍ അര്‍ധസെഞ്ചുറി നേടിയശേഷം ലാഥത്തിന് പിടിച്ചുനില്‍ക്കാനായില്ല. 146 പന്തുകളില്‍ നിന്ന് 52 റണ്‍സെടുത്ത ലാഥത്തിന്റെ വിക്കറ്റ് അശ്വിന് പിഴുതെടുത്തു. ഇതോടെ കിവീസ് പതറി.
റോസ് ടെയ്ലര്‍ക്കും അധികം ആയുസുണ്ടായിരുന്നില്ല. 24 പന്തില്‍ രണ്ട് റണ്‍സെടുത്ത ടെയ്ലറെ രവീന്ദ്ര ജഡേജ വിക്കറ്റിന് പിന്നില്‍ കുരുക്കി. പിന്നാലെ ഹെന്‍ട്രി നിക്കോള്‍സും ക്രീസ് വിട്ടു. നാല് പന്ത് നേരിട്ട് ഒരു റണ്ണെടുത്ത നിക്കോള്‍സിനെ അക്സര്‍ പട്ടേല്‍ പുറത്താക്കി. ഇതോടെ ന്യൂസീലന്‍ഡിന് 126 റണ്‍സിനിടയില്‍ അഞ്ചു വിക്കറ്റ് നഷ്ടമായി.
അടുത്തത് കെയ്ന്‍ വില്ല്യംസണിന്റെ ഊഴമായിരുന്നു. 112 പന്ത് നേരിട്ട് 24 റണ്‍സോടെ പ്രതിരോധിച്ചു നിന്ന വില്ല്യംസണെ രവീന്ദ്ര ജഡേജ വിക്കറ്റിന് മുന്നില്‍ കുരുക്കി. സമനിലക്കായി ശ്രമിച്ച ടോം ബ്ലന്‍ഡലും കെയ്ല്‍ ജമെയ്സണും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ വീണതോടെ ന്യൂസീലന്‍ഡ് തോല്‍വിയോട് അടുത്തു. 38 പന്ത് നേരിട്ട് രണ്ട് റണ്‍സോടെ നിന്ന ബ്ലന്‍ഡലിനെ അശ്വിനും 30 പന്ത് നേരിട്ട് അഞ്ചു റണ്‍സെടുത്ത ജമെയ്സണം ജഡേജയും പുറത്താക്കി. എട്ടു പന്തില്‍ നാല് റണ്‍സെടുത്ത ടിം സൗത്തിയെ ജഡേജ തിരിച്ചയച്ചു. എന്നാല്‍ പിന്നീട് അജാസും രചിനും ഒത്തുചേരുകയായിരുന്നു.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: india vs new zealand first test match kanpur day five live score
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..