കാണ്‍പുര്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ മികച്ച നിലയില്‍. 

അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ശ്രേയസ് അയ്യര്‍ - രവീന്ദ്ര ജഡേജ സഖ്യത്തിന്റെ മികവില്‍ ആദ്യദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെന്ന നിലയിലാണ്. ഇരുവരും ചേര്‍ന്ന് ഇതുവരെ 113 റണ്‍സ് ഇന്ത്യന്‍ സ്‌കോറിലേക്ക് ചേര്‍ത്തിട്ടുണ്ട്. 

ശ്രേയസ് 136 പന്തില്‍ നിന്ന് രണ്ടു സിക്‌സും ഏഴു ഫോറുമടക്കം 75 റണ്‍സോടെയും ജഡേജ 100 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയടക്കം 50 റണ്‍സോടെയും പുറത്താകാതെ നില്‍ക്കുന്നു. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ അര്‍ധ സെഞ്ചുറി കണ്ടെത്തിയ ശ്രേയസിന്റെ മികവാണ് ആദ്യ ദിനം ഇന്ത്യയ്ക്ക് തുണയായത്.

അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. 93 പന്തുകള്‍ നേരിട്ട ഗില്‍ ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 52 റണ്‍സെടുത്ത് പുറത്തായി.

ടോസ് നേടി ആദ്യ ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മായങ്ക് അഗര്‍വാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 13 റണ്‍സെടുത്ത താരത്തെ കൈല്‍ ജാമിസണ്‍ വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടലിന്റെ കൈയ്യിലെത്തിക്കുകയായിരുന്നു.

രണ്ടാം വിക്കറ്റില്‍ ഗില്ലും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് 61 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഈ കൂട്ടുകെട്ട് മുന്നേറുന്നതിനിടെ 30-ാം ഓവറില്‍ കൈല്‍ ജാമിസണ്‍ ഗില്ലിന്റെ കുറ്റി തെറിപ്പിച്ചു.

വൈകാതെ ചേതേശ്വര്‍ പൂജാരയും മടങ്ങി 88 പന്തുകളില്‍ നിന്ന് 26 റണ്‍സെടുത്ത താരത്തെ ടിം സൗത്തി വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടലിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും രഹാനെയ്ക്ക് വീണ്ടും പിഴച്ചു. 63 പന്തുകളില്‍ നിന്ന് 35 റണ്‍സെടുത്ത രഹാനെയെ കൈല്‍ ജാമിസണ്‍ ബൗള്‍ഡാക്കുകയായിരുന്നു. ഇതോടെ ഇന്ത്യ നാലിന് 145 എന്ന നിലയിലേക്ക് വീണു. തുടര്‍ന്നായിരുന്നു അയ്യര്‍ - ജഡേജ സഖ്യത്തിന്റെ രക്ഷാപ്രര്‍ത്തനം. 

കിവീസിനായി കൈല്‍ ജാമിസണ്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. ടിം സൗത്തി ഒരു വിക്കറ്റെടുത്തു. മൂന്ന് സ്പിന്നര്‍മാരെ കളിപ്പിച്ചിട്ടും കിവീസിന് ആദ്യ ദിനം കാര്യമായ വെല്ലുവിളി ഉയര്‍ത്താനായില്ല. 

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: india vs new zealand, first test, kanpur test, live score