സെഞ്ചുറിയുമായി വിജയം തുന്നിയെടുത്ത് റോസ് ടെയ്‌ലര്‍; ആദ്യ ഏകദിനം കിവീസിന്


ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 348 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡ് 48.1 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു

Image Courtesy: ICC

ഹാമില്‍ട്ടണ്‍: അങ്ങനെ ഇത്തവണത്തെ പര്യടനത്തില്‍ ഇന്ത്യയ്‌ക്കെതിരേ ന്യൂസീലന്‍ഡ് ആദ്യ ജയം സ്വന്തമാക്കി. ഇതിനു മുമ്പ് നടന്ന ട്വന്റി 20 പരമ്പര 5-0ന് അടിയറവെച്ച കിവീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയവഴിയില്‍ തിരിച്ചെത്തി.

ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 348 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡ് 48.1 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. വെറ്ററന്‍ താരം റോസ് ടെയ്‌ലറുടെ സെഞ്ചുറിയാണ് കിവീസ് ജയത്തിന്റെ അടിത്തറ. 84 പന്തുകള്‍ നേരിട്ട ടെയ്‌ലര്‍ നാലു സിക്‌സിന്റെയും 10 ഫോറിന്റെയും അകമ്പടിയോടെ 109 റണ്‍സുമായി പുറത്താകാതെ നിന്നു. ടെയ്‌ലറുടെ 21-ാം ഏകദിന സെഞ്ചുറിയാണിത്.

അര്‍ധ സെഞ്ചുറി നേടിയ ഹെന്റി നിക്കോള്‍സും ക്യാപ്റ്റന്‍ ടോം ലാഥവും ടെയ്‌ലര്‍ക്ക് മികച്ച പിന്തുണ നല്‍കി. മികച്ച കൂട്ടുകെട്ടുകളാണ് കിവീസിന്റെ ജയത്തില്‍ നിര്‍ണായകമായത്. ഓപ്പണിങ്ങില്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ - ഹെന്റി നിക്കോള്‍സ് സഖ്യം 85 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഹെന്റി നിക്കോള്‍സ് - റോസ് ടെയ്‌ലര്‍ സഖ്യം ന്യൂസീലന്‍ഡ് സ്‌കോറിലേക്ക് ചേര്‍ത്തത് 62 റണ്‍സ്. നാലാം വിക്കറ്റില്‍ ടെയ്‌ലര്‍ - ലാഥം സഖ്യം കൂട്ടിച്ചേര്‍ത്ത 138 റണ്‍സ് കൂട്ടുകെട്ടാണ് കിവീസ് വിജയത്തില്‍ നിര്‍ണായകമായത്.

82 പന്തുകള്‍ നേരിട്ട നിക്കോള്‍സ് 11 ഫോറുകളോടെ 78 റണ്‍സെടുത്തു. 48 പന്തുകള്‍ നേരിട്ട ലാഥം രണ്ടു സിക്‌സും എട്ടു ഫോറും അടക്കം 69 റണ്‍സെടുത്തു. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (32), ടോം ബ്ലെന്‍ഡല്‍ (9), ജെയിംസ് നീഷാം (9), ഗ്രാന്‍ഡ്‌ഹോം (1) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

shreyas iyer

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ശ്രേയസ് അയ്യരുടെ കന്നി ഏകദിന സെഞ്ചുറിയുടെയും ലോകേഷ് രാഹുല്‍, ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും മികവില്‍ നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സെടുത്തിരുന്നു.

101 പന്തില്‍ 11 ഫോറിന്റേയും ഒരു സിക്‌സിന്റേയും അകടമ്പടിയോടെയായിരുന്നു അയ്യരുടെ സെഞ്ചുറി. അയ്യര്‍ 107 പന്തില്‍ നിന്ന് 11 ഫോറും ഒരു സിക്‌സും സഹിതം 103 റണ്‍സെടുത്തു.

Prithvi Shaw and Mayank Agarwal

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡില്‍ 50 റണ്‍സെത്തിയപ്പോഴേക്ക് പൃഥ്വി ഷാ പുറത്തായി. ഗ്രാന്‍ഡ്ഹോമിനാണ് വിക്കറ്റാണ്. നാല് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് മായങ്ക് അഗര്‍വാളും ക്രീസ് വിട്ടു. ടിം സൗത്തിയുടെ പന്തില്‍ ബ്ലന്‍ഡലിന് ക്യാച്ച്. ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച പൃഥ്വി ഷാ 21 പന്തില്‍ 20 റണ്‍സെടുത്തപ്പോള്‍ മായങ്കിന്റെ സമ്പാദ്യം 31 പന്തില്‍ 32 റണ്‍സായിരുന്നു.

സ്‌കോര്‍ ബോര്‍ഡില്‍ 156 റണ്‍സെത്തിയപ്പോള്‍ വിരാട് കോലിയും പുറത്തായി. 63 പന്തില്‍ 51 റണ്‍സെടുത്ത് മികച്ച ഫോമില്‍ ബാറ്റു ചെയ്യുകയായിരുന്ന വിരാട് കോലി, ഇഷ് സോധിയുടെ പന്തില്‍ ബൗള്‍ഡാകുകയായിരുന്നു. ആറു ഫോറിന്റെ സഹായത്തോടെയാണ് കോലി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. മൂന്നാം വിക്കറ്റില്‍ ശ്രേയസിനൊപ്പം 102 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും കോലിക്ക് കഴിഞ്ഞു.

പിന്നീട് ശ്രേയസ് അയ്യരും കെ.എല്‍ രാഹുലും ഇന്നിങ്സ് മുന്നോട്ടുനയിച്ചു. ഇരുവരും നാലാം വിക്കറ്റില്‍ 136 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. സെഞ്ചുറിക്ക് പിന്നാലെ ശ്രേയസിനെ പുറത്താക്കി ടിം സൗത്തി ഈ കൂട്ടുകെട്ട് പൊളിച്ചു.

ശ്രേയസ് പുറത്തായതോടെ രാഹുല്‍, കേദര്‍ ജാദവിനെ കൂട്ടുപിടിച്ചു. അവസാന ഓവറുകളില്‍ ഇരുവരും റണ്‍സ് കണ്ടെത്തി. 64 പന്തില്‍ മൂന്നു ഫോറും ആറു സിക്സും സഹിതം 88 റണ്‍സുമായി രാഹുല്‍ പുറത്താകാതെ നിന്നു. 15 പന്തില്‍ നിന്ന് മൂന്നു ഫോറിന്റേയും ഒരു സിക്സിന്റേയും സഹായത്തോടെ ജാദവ് 26 റണ്‍സ് അടിച്ചുകൂട്ടി. ഇരുവരും അഞ്ചാം വിക്കറ്റില്‍ പുറത്താകാതെ 55 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 49-ാം ഓവറില്‍ രാഹുലും ജാദവും ചേര്‍ന്ന് 14 റണ്‍സ് അടിച്ചുകൂട്ടി. എന്നാല്‍ അവസാന ഓവറില്‍ ബെന്നെറ്റ് മൂന്നു വൈഡ് എറിഞ്ഞെങ്കിലും ഇന്ത്യക്ക് ഏഴ് റണ്‍സേ കണ്ടെത്താനായുള്ളു. ന്യൂസീലന്‍ഡിനായി ടിം സൗത്തി രണ്ടും ഗ്രാന്‍ഡ്ഹോമും ഇഷ് സോധിയും ഒന്നു വീതവും വിക്കറ്റ് വീഴ്ത്തി.

Content Highlights: India vs New Zealand First Odi Cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented