തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വിരുന്നെത്തിയ ഇന്ത്യ-ന്യൂസീലന്‍ഡ് ടിട്വന്റി മത്സരത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഒരു ഫൈനലിന്റെ ആവേശമാണ് മത്സരത്തിനുള്ളത്. ആദ്യ രണ്ടു ടിട്വന്റിയില്‍ ഓരോന്ന് വീതം വിജയിച്ച് ഇന്ത്യയും ന്യൂസീലന്‍ഡും ഒപ്പത്തിനൊപ്പമാണ്. അതുകൊണ്ടുതന്നെ തിരുവനന്തപുരത്ത് വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാമെന്നത് മത്സരത്തിന്റെ ആവേശം കൂട്ടുമെന്നുറപ്പ്.

ഇരുടീമുകളും ഞായറാഴ്ച്ച രാത്രിയോടെ തിരുവനന്തപുരത്തെത്തി. പതിനൊന്നരയോടെ പ്രത്യേകം ചാര്‍ട്ടു ചെയ്ത വിമാനത്തിലാണ് ഇരുടീമുമെത്തിയത്. രാത്രി ഏറെ വൈകിയിട്ടും വിമാനത്താവളത്തില്‍ ടീമുകളെ സ്വീകരിക്കാന്‍ ആരാധകര്‍ എത്തിയിരുന്നു. ആര്‍പ്പുവിളികളോട് അവര്‍ എല്ലാവരെയും വരവേറ്റു. തുടര്‍ന്ന് ടീം കോവളത്തെ റാവിസ് ലീല ഹോട്ടലിലേക്ക് പോയി. അവിടെയാണ് ഇരുടീമുകള്‍ക്കും താമസസൗകര്യമൊരുക്കിയിരിക്കുന്നത്.

ഇരുടീമുകളും തിങ്കളാഴ്ച്ച പരിശീലനത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അത് റദ്ദാക്കി. തുടര്‍ച്ചയായ മത്സരങ്ങളും യാത്രയും ടീമംഗങ്ങളെ തളര്‍ത്തിയതിനാലാണ് പരിശീലനം ഒഴിവാക്കിയത്. പകരം ഹോട്ടലിലെ ജിമ്മില്‍ പ്രത്യേക പരിശീലനം ഒരുക്കിയിട്ടുണ്ട്. ക്യാപ്റ്റന്‍മാരും പരിശീലകരും പിച്ച് പരിശോധിക്കാനായി ഇന്ന് സ്‌റ്റേഡിയത്തിലെത്തിയേക്കും.

tvm
കോലി വിമാനത്താവളത്തിലെത്തിയപ്പോള്‍   ഫോട്ടോ: എസ്. ശ്രീകേഷ്‌

Content Highlights: India vs New Zealand Cricket T20 Trivandrum Greenfield Stadium Viart Kohli