Photo: twitter.com/ICC
അഹമ്മദാബാദ്: ഏകദിന പരമ്പര തൂത്തുവാരിയതിനു പിന്നാലെ ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയും സ്വന്തമാക്കി ഇന്ത്യ (2-1). പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ കിവീസിനെ 168 റണ്‍സിന് തകര്‍ത്തെറിഞ്ഞായിരുന്നു ടീം ഇന്ത്യയുടെ പരമ്പര നേട്ടം. ബാറ്റര്‍മാര്‍ക്ക് പിന്നാലെ ബൗളര്‍മാരും തിളങ്ങിയതോടെ മത്സത്തില്‍ ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യമായിരുന്നു.
ഇന്ത്യ ഉയര്‍ത്തിയ 235 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കിവീസ് 12.1 ഓവറില്‍ വെറും 66 റണ്‍സിന് ഓള്‍ഔട്ടായി.
25 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത ഡാരില്‍ മിച്ചല്‍ മാത്രമാണ് കിവീസ് ഇന്നിങ്‌സില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്.
നാല് ഓവറില്‍ വെറും 16 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്, ശിവം മാവി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഇന്നിങ്‌സിന്റെ നാലാം പന്തില്‍ തന്നെ ഇന്ത്യ വിക്കറ്റ് വേട്ട തുടങ്ങി. ഹാര്‍ദിക്കിന്റെ പന്തില്‍ ഫിന്‍ അലനെ (3) സ്ലിപ്പില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ സൂര്യകുമാര്‍ യാദവ് പുറത്താക്കി. പിന്നാലെ തന്റെ ആദ്യ പന്തില്‍ ഡെവോണ്‍ കോണ്‍വെയെ (1) അര്‍ഷ്ദീപ് സിങ്, ക്യാപ്റ്റന്‍ ഹാര്‍ദിക്കിന്റെ കൈയിലെത്തിച്ചു. അതേ ഓവറില്‍ മാര്‍ക്ക് ചാപ്മാന്‍ (0) കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈകളിലൊതുങ്ങി. തൊട്ടടുത്ത ഓവറില്‍ ഹാര്‍ദിക്കിന്റെ പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സിനെ (2) ആദ്യ ക്യാച്ചിനു സമാനമായ രീതിയില്‍ തന്നെ സ്ലിപ്പില്‍ സൂര്യ പറന്നുപിടിച്ചതോടെ 2.4 ഓവറില്‍ വെറും ഏഴ് റണ്‍സിന് നാലു വിക്കറ്റെന്ന ദയനീയ സ്ഥിതിയിലായി കിവീസ്.
മൈക്കല്‍ ബ്രെയ്‌സ്‌വെല്ലിന്റെ (8) കുറ്റിതെറിപ്പിച്ച് ഉമ്രാന്‍ മാലിക്കും വരവ് ഗംഭീരമാക്കി. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറെ (13) മടക്കി ശിവം മാവിയും വേട്ടയില്‍ പങ്കാളിയായി. ഇഷ് സോധി (0), ലോക്കി ഫെര്‍ഗൂസന്‍ (0), ബ്ലെയര്‍ ടിക്‌നര്‍ (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
നേരത്തെ ബാറ്റിങ്ങിനെ തുണയ്ക്കുന്ന അഹമ്മദാബാദിലെ പിച്ചില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറി മികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെടുത്തിരുന്നു. ന്യൂസീലന്‍ഡിനെതിരേ ട്വന്റി20-യില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.
സമീപകാലത്തെ തകര്‍പ്പന്‍ ഫോം തുടര്‍ന്ന ഗില്‍ 63 പന്തുകള്‍ നേരിട്ട് ഏഴ് സിക്‌സും 12 ഫോറുമടക്കം 126 റണ്‍സോടെ പുറത്താകാതെ നിന്നു. ട്വന്റി20-യില്‍ താരത്തിന്റെ കന്നി സെഞ്ചുറിയാണിത്. ഇതോടെ വിരാട് കോലിയെ മറികടന്ന് ട്വന്റി20-യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറെന്ന നേട്ടവും ഗില്‍ സ്വന്തമാക്കി. 35 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ ഗില്ലിന് പിന്നീട് സെഞ്ചുറിയിലേക്കെത്താന്‍ വേണ്ടിവന്നത് വെറും 19 പന്തുകള്‍ മാത്രം.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഇത്തവണയും ഇഷാന്‍ കിഷന്‍ (1) നിരാശപ്പെടുത്തി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ശുഭ്മാന്‍ ഗില്‍ - രാഹുല്‍ ത്രിപാഠി സഖ്യം അതിവേഗം 80 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മികച്ച തുടക്കം നല്‍കി. ത്രിപാഠിയായിരുന്നു കൂടുതല്‍ അപകടകാരി. 22 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 44 റണ്‍സെടുത്ത ത്രിപാഠിയെ മടക്കി ഇഷ് സോധിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവിന് മികച്ച തുടക്കം ലഭിച്ചെങ്കിലും 13 പന്തുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. രണ്ട് സിക്‌സും ഒരു ഫോറുമടക്കം 24 റണ്‍സെടുത്ത സൂര്യയെ 13-ാം ഓവറില്‍ ബ്ലെയര്‍ ടിക്‌നറിന്റെ പന്തില്‍ മൈക്കല്‍ ബ്രെയ്‌സ്‌വെല്‍ ഒരു ഡൈവിങ് ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.
പിന്നാലെ നാലാം വിക്കറ്റില്‍ ഗില്ലിനൊപ്പം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെത്തിയതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് വീണ്ടും കുതിക്കാന്‍ തുടങ്ങി. ഇരുവരും കൂട്ടിച്ചേര്‍ത്ത 103 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്. 17 പന്തുകള്‍ നേരിട്ട ഹാര്‍ദിക് ഒരു സിക്‌സും നാല് ഫോറുമടക്കം 30 റണ്‍സെടുത്തു.
Content Highlights: India vs New Zealand 3rd t20 at Ahmedabad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..