മുംബൈ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും ന്യൂസീലന്‍ഡിന് ബാറ്റിങ് തകര്‍ച്ച. മൂന്നാം ദിവസം സ്റ്റമ്പെടുക്കുമ്പോള്‍ ന്യൂസീലന്‍ഡ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് എന്ന നിലയിലാണ്. രണ്ടു ദിവസവും അഞ്ചു വിക്കറ്റും ശേഷിക്കെ ന്യൂസീലന്‍ഡിന് മുന്നിലുള്ളത് 400 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യമാണ്. അഞ്ചു വിക്കറ്റ് വീഴ്ത്തിയാല്‍ ഇന്ത്യക്ക് വിജയം സ്വന്തമാക്കാം.

ആര്‍ അശ്വിന്റെ ബൗളിങ്ങിന് മുന്നിലാണ് സന്ദര്‍ശകര്‍ തകര്‍ന്നത്. നാലാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ടോം ലാഥത്തെ ആറു റണ്‍സിന് അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. പിന്നീട് ഡാരില്‍ മിച്ചലിനെ കൂട്ടുപിടിച്ച് ഇന്നിങ്‌സ് മുന്നോട്ടുനയിക്കുകയായിരുന്ന വില്‍ യങ്ങിനേയും അശ്വിന്‍ പുറത്താക്കി. 41 പന്തില്‍ 20 റണ്‍സായിരുന്നു യങ്ങിന്റെ സമ്പാദ്യം. 

സ്‌കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ് ചേര്‍ത്തപ്പോഴേക്കും കിവീസിന് മൂന്നാം വിക്കറ്റും നഷ്ടപ്പെട്ടു. എട്ടു പന്തില്‍ ആറു റണ്‍സെടുത്ത റോസ് ടെയ്‌ലറെ അശ്വിന്‍ ചേതേശ്വര്‍ പൂജാരയുടെ കൈയിലെത്തിച്ചു. പിന്നീട് നാലാം വിക്കറ്റില്‍ ഹെന്‍ട്രി നിക്കോള്‍സും ഡാരില്‍ മിച്ചലും ഒത്തുചേര്‍ന്നു. ഇത് കിവീസിന് അല്‍പം ആശ്വാസമേകി. ഇരുവരും 73 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു.

മിച്ചലിനെ പുറത്താക്കി അക്‌സര്‍ പട്ടേല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 92 പന്തില്‍ 60 റണ്‍സുമായി മികച്ച ബാറ്റിങ്ങാണ് മിച്ചല്‍ പുറത്തെടുത്തത്. തുടര്‍ന്ന് ക്രീസിലെത്തിയ ടോം ബ്ലന്‍ഡെല്‍ മിന്നല്‍ വേഗത്തില്‍ പുറത്തായി. ആറു പന്ത് നേരിട്ട ബ്ലന്‍ഡല്‍ അക്കൗണ്ട് തുറക്കും മുമ്പ് റണ്‍ ഔട്ടായി. 

മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 86 പന്തില്‍ 36 റണ്‍സോടെ നിക്കോള്‍സും 23 പന്തില്‍ രണ്ടു റണ്‍സോടെ രചിന്‍ രവീന്ദ്രയുമാണ് ക്രീസില്‍. 

രണ്ടാം ഇന്നിങ്സിലും മായങ്ക്

നേരത്തെ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെന്ന നിലയില്‍ രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ് മികവ് തുടര്‍ന്ന മായങ്ക് 108 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും ഒമ്പത് ഫോറുമടക്കം 62 റണ്‍സെടുത്താണ് മടങ്ങിയത്. പൂജാര 97 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും ആറ് ഫോറുമടക്കം 47 റണ്‍സെടുത്തു. 

മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി മായങ്ക് അഗര്‍വാള്‍ - ചേതേശ്വര്‍ പൂജായ ഓപ്പണിങ് സഖ്യം 107 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ശുഭ്മാന്‍ ഗില്‍ 75 പന്തുകള്‍ നേരിട്ട് 47 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം മൂന്നാം വിക്കറ്റില്‍ 82 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഗില്‍ മടങ്ങിയത്. കോലി 84 പന്തുകള്‍ നേരിട്ട് 36 റണ്‍സെടുത്തു. 26 പന്തില്‍ നിന്ന് നാലു സിക്സും മൂന്നു ഫോറുമടക്കം 41 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അക്‌സര്‍ പട്ടേല്‍ രണ്ടാം ഇന്നിങ്സിലും തിളങ്ങി. 

ശ്രേയസ് അയ്യര്‍ (14), വൃദ്ധിമാന്‍ സാഹ (13), ജയന്ത് യാദവ് (6) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ജയന്തിന്റെ വിക്കറ്റ് വീണതിനു പിന്നാലെ ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 

കിവീസിനായി അജാസ് പട്ടേല്‍ നാലും രചിന്‍ രവീന്ദ്ര മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. 

നേരത്തെ ഒന്നാം ഇന്നിങ്സില്‍ 325 റണ്‍സെടുത്ത ഇന്ത്യ കിവീസിനെ വെറും 62 റണ്‍സിന് എറിഞ്ഞൊതുക്കി 263 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: india vs new zealand 2nd test day 3 live updates