Image Courtesy: BCCI
ക്രൈസ്റ്റ്ചര്‍ച്ച്: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയെ 242 റണ്‍സിന് പുറത്താക്കിയ ന്യൂസീലന്‍ഡിന് മികച്ച തുടക്കം. ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 63 റണ്‍സെന്ന നിലയിലാണ് അവര്‍.
ശ്രദ്ധയോടെ ബാറ്റ് വീശിയ ടോം ലാഥവും (27*), ടോം ബ്ലന്‍ഡലുമാണ് (29*) ക്രീസില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാള്‍ 179 റണ്‍സ് പിറകിലാണ് ഇപ്പോള്‍ കിവീസ്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 242 റണ്‍സിന് പുറത്തായിരുന്നു. തന്റെ രണ്ടാം ടെസ്റ്റില്‍ തന്നെ അഞ്ചു വിക്കറ്റ് പ്രകടനം പുറത്തെടുത്ത കിവീസ് പേസര്‍ കെയ്ല്‍ ജാമിസണാണ് ഇന്ത്യയെ തകര്‍ത്തത്.

അര്‍ധ സെഞ്ചുറി നേടിയ പൃഥ്വി ഷാ (54), ചേതേശ്വര്‍ പൂജാര (54), ഹനുമ വിഹാരി (55) എന്നിവര്‍ക്ക് മാത്രമാണ് കിവീസ് ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായത്.
ഒരു ഘട്ടത്തില്‍ നാലിന് 113 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ പൂജാര - വിഹാരി സഖ്യം കൂട്ടിച്ചേര്‍ത്ത 81 റണ്‍സ് കൂട്ടുകെട്ടാണ് മത്സരത്തില്‍ നിലയുറപ്പിച്ച് നിര്‍ത്തിയത്.
മായങ്ക് അഗര്‍വാള്‍ (7), ക്യാപ്റ്റന്‍ വിരാട് കോലി (3), അജിങ്ക്യ രഹാനെ (7), ഋഷഭ് പന്ത് (12), രവീന്ദ്ര ജഡേജ (9) എന്നിവരെല്ലാം തന്നെ നിരാശപ്പെടുത്തി. കിവീസിനായി ടിം സൗത്തിയും ട്രെന്‍ഡ് ബോള്‍ട്ടും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിന് ഇറങ്ങിയത്. രവിചന്ദ്രന്‍ അശ്വിന് പകരം രവീന്ദ്ര ജഡേജ ടീമിലെത്തി. പരിക്കേറ്റ ഇഷാന്ത് ശര്‍മയ്ക്ക് പകരം ഉമേഷ് യാദവും ഇടംകണ്ടെത്തി.
Content Highlights: India vs New Zealand 2nd Test, Christchurch Day 1
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..