Photo: PTI
ലഖ്നൗ: രണ്ടാം ട്വന്റി 20-യില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. സ്പിന്നര്‍മാര്‍ക്ക് അകമഴിഞ്ഞ പിന്തുണ ലഭിച്ച പിച്ചില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 100 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് മാത്രം ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി.
31 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 20 പന്തില്‍ നിന്ന് 15 റണ്‍സുമായി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, സൂര്യയ്‌ക്കൊപ്പം പുറത്താകാതെ നിന്നു.
ന്യൂസീലന്‍ഡ് ബാറ്റര്‍മാര്‍ പതറിയ പിച്ചില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കും കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. സ്പിന്നര്‍മാരെ തുടക്കത്തില്‍ തന്നെ കളത്തിലിറക്കിയ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറുടെ നീക്കം ഫലം കാണുകയും ചെയ്തു. നാലാം ഓവറില്‍ മൈക്കല്‍ ബ്രെയ്‌സ്‌വെല്‍, ശുഭ്മാന്‍ ഗില്ലിനെ (ഒമ്പത് പന്തില്‍ 11) പുറത്താക്കി. ഇഷാന്‍ കിഷനും രാഹുല്‍ ത്രിപാഠിയും ചേര്‍ന്ന് സ്‌കോര്‍ 46-ല്‍ എത്തിച്ചതിനു പിന്നാലെ ഇഷാന്‍ (32 പന്തില്‍ 19) റണ്ണൗട്ടായി. പിന്നാലെ ഇഷ് സോദിയെ സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ രാഹുലും (18 പന്തില്‍ 13) പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി. എന്നാല്‍ സൂര്യകുമാര്‍ യാദവും സ്ഥാനക്കയറ്റം കിട്ടിയെത്തിയ വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ടുനയിക്കവെ 15-ാം ഓവറില്‍ സുന്ദര്‍ (ഒമ്പത് പന്തില്‍ 10) റണ്ണൗട്ടായി. സൂര്യ പുറത്താകാതിരിക്കാന്‍ വേണ്ടി സുന്ദര്‍ സ്വയം വിക്കറ്റ് കളയുകയായിരുന്നു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച സൂര്യകുമാര്‍ - ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിച്ചു.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് മാത്രമാണ് നേടാനായത്. ഇന്ത്യയ്ക്കായി പന്തെടുത്തവരില്‍ ശിവം മാവി ഒഴികെയുള്ളവരെല്ലാം വിക്കറ്റ് വീഴ്ത്തി. കഴിഞ്ഞ മത്സരത്തില്‍ നിറംമങ്ങിയ അര്‍ഷ്ദീപ് രണ്ട് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. 23 പന്തില്‍ 19 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറാണ് കിവീസിന്റെ ടോപ് സ്‌കോറര്‍.
ഭേദപ്പെട്ട തുടക്കത്തിനു ശേഷമാണ് ന്യൂസീലന്‍ഡ് തകര്‍ന്നത്. ഷോട്ട് സെലക്ഷനിലെ പിഴവുകളും അവര്‍ക്ക് തിരിച്ചടിയായി. നാലാം ഓവറില്‍ ഫിന്‍ അലന്റെ (11) കുറ്റി പിഴുത് യുസ്‌വേന്ദ്ര ചഹലാണ് വിക്കറ്റ് വേട്ട തുടങ്ങിവെച്ചത്. പിന്നാലെ വാഷിങ്ടണ്‍ സുന്ദറിനെ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച് ഡെവോണ്‍ കോണ്‍വെ (11) വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈയിലൊതുങ്ങി. തുടര്‍ന്ന് ദീപക് ഹൂഡയുടെ പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സും (5) മോശം ഷോട്ടിന് ശ്രമിച്ച് പുറത്താക്കി. 10-ാം ഓവറില്‍ ഡാരില്‍ മിച്ചലിനെ (8) മികച്ചൊരു പന്തില്‍ കുല്‍ദീപ് യാദവ് പുറത്താക്കുകയായിരുന്നു. നിലയുറപ്പിച്ചിരുന്ന മാര്‍ക്ക് ചാപ്മാന്‍ (14) റണ്ണൗട്ടാകുകയായിരുന്നു. പിന്നാലെ മൈക്കല്‍ ബ്രെയ്‌സ്‌വെല്ലും മിച്ചല്‍ സാന്റ്‌നറും സ്‌കോര്‍ മുന്നോട്ടുനയിക്കവെ ബ്രെയ്‌സ്‌വെല്ലിനെ (14) ഹാര്‍ദിക്കിന്റെ പന്തില്‍ അര്‍ഷ്ദീപ് ക്യാച്ചെടുത്ത് പുറത്താക്കി. ഇഷ് സോദി (1), ലോക്കി ഫെര്‍ഗൂസന്‍ (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
Content Highlights: India vs New Zealand 2nd t20 Lucknow
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..