മുംബൈ: തുടര്‍ച്ചയായ പരമ്പര വിജയങ്ങളുമായി ന്യൂസിലന്‍ഡിനെ നേരിടാന്‍ വാംഖഡെയിലെത്തിയ ഇന്ത്യക്ക് പിഴച്ചു. റോസ് ടെയ്‌ലറുടെയും ടോം ലാഥമിന്റെയും ബാറ്റിങ്ങിന് മുന്നില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വെള്ളം കുടിച്ചപ്പോള്‍ പരമ്പരയില്‍ ന്യൂസിലന്‍ഡിന് വിജയത്തുടക്കം.  ഒരോവര്‍ ബാക്കി നില്‍ക്കെ ആറു വിക്കറ്റിനാണ് കിവീസ് വിജയമാഘോഷിച്ചത്. വിരാട് കോലിയുടെ റെക്കോഡ് സെഞ്ചുറിക്ക് മറുപടിയായിരുന്നു ലാഥമിന്റെയും ടെയ്‌ലറുടെയും ഇരട്ടസെഞ്ചുറി കൂട്ടുകെട്ട്. 

ഇന്ത്യ മുന്നോട്ടുവെച്ച 281 റണ്‍സ് വിജയലക്ഷ്യലുമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് തുടക്കത്തില്‍ തന്നെ മേധാവിത്വം കാട്ടി. ഓപ്പണിങ്ങില്‍ 48 റണ്‍സിന്റെ കൂട്ടുകെട്ട് പിറന്ന ശേഷമാണ് ആദ്യ വിക്കറ്റ് വീണത്. 28 റണ്‍സെടുത്ത കോളിന്‍ മണ്‍റോയെ ബുംറ പുറത്താക്കുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ആറു റണ്‍സെടുത്ത വില്ല്യംസണെ കുല്‍ദീപ് യാദവ് പുറത്താക്കി. 18 റണ്‍സ് കൂടി സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ 32 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലും പുറത്തായി. ഹാര്‍ദിക് പാണ്ഡ്യക്കായിരുന്നു വിക്കറ്റ്.

എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ടെയ്‌ലറും ലാഥമും മത്സരഫലം നിര്‍ണയിക്കുന്ന ഇന്നിങ്‌സ് പുറത്തെടുക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 200 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ടെയ്‌ലര്‍ 100 പന്തില്‍ 95 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 102 പന്തില്‍ 103 റണ്‍സുമായി ലാഥം പുറത്താവാതെ നിന്നു. 

നേരത്തെ വിരാട് കോലിയുടെ റെക്കോഡ് സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ 280 റണ്‍സ് അടിച്ചെടുത്തത്. സെഞ്ചുറിയുമായി 200-ാം ഏകദിനം ആഘോഷിച്ച കോലി 125 പന്തില്‍ 121 റണ്‍സാണ് നേടിയത്. ഒമ്പത് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഇന്നിങ്സ്.

തന്റെ 31-ാം ഏകദിന സെഞ്ചുറിയോടൊപ്പം റെക്കോഡ് പുസ്തകത്തില്‍ ഒരിന്നിങ്സ് കൂടി കോലി എഴുതിച്ചേര്‍ത്തു. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായി കോലി മാറി. 49 സെഞ്ചുറിയുള്ള സച്ചിന്റെ റെക്കോഡ് മാത്രമാണ് ഇനി കോലിക്ക് മുന്നിലുള്ളത്. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു.  29 റണ്‍സെടുക്കുന്നതിനിടയില്‍ ശിഖര്‍ ധവാനെയും രോഹിത് ശര്‍മ്മയെയും ഇന്ത്യക്ക് നഷ്ടപ്പെട്ടു. 

Virat Kohli
Photo:AP

18 പന്തില്‍ 20 റണ്‍സെടുത്ത രോഹിതിനെയും ഒമ്പത് റണ്‍സെടുത്ത ധവാനെയും ട്രെന്റ് ബൗള്‍ട്ടാണ് പുറത്താക്കിയത്. പിന്നീട് കേദര്‍ ജാദവും വിരാട് കോലിയും ഇന്ത്യയുടെ ഇന്നിങ്‌സ് മുന്നോട്ടു നയിച്ചു. എന്നാല്‍ 12 റണ്‍സെടുത്തു നില്‍ക്കെ സാന്റ്നെര്‍ ജാദവിനെ പുറത്താക്കി. 

പിന്നീട് ക്രീസിലെത്തിയ ദിനേശ് കാര്‍ത്തികിനെ കൂട്ടുപിടിച്ച് കോലി ഇന്ത്യയുടെ ഇന്നിങ്സ് മുന്നോട്ടുനയിച്ചു. ഇരുവരും 73 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. 37 റണ്‍സെടുത്ത് നില്‍ക്കെ കാര്‍ത്തിക്കിനെ പുറത്താക്കി ടിം സൗത്തി ആ കൂട്ടുകെട്ടു പൊളിച്ചു. ധോനി 25 റണ്‍സിനും ഹാര്‍ദിക് പാണ്ഡ്യ 16 റണ്‍സെടുത്തും പുറത്തായി. 

അവസാന ഓവറുകളില്‍ കോലിയും ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയുടെ സ്‌കോര്‍ 280 റണ്‍സിലെത്തിച്ചത്. ഭുവനേശ്വര്‍ 15 പന്തില്‍ രണ്ടു വീതം ഫോറും സിക്സുമടക്കം 26 റണ്‍സ് നേടി. അവസാന ഓവറില്‍ കോലിയെയും ഭുവനേശ്വറിനെയും ടിം സൗത്തി പുറത്താക്കി. ട്രെന്റ് ബൗള്‍ട്ടും ടിം സൗത്തിയുമാണ് കിവീസ് ബൗളിങ്ങില്‍ മികച്ചു നിന്നത്. ബൗള്‍ട്ട് നാലു വിക്കറ്റും സൗത്തി മൂന്ന് വിക്കറ്റും വീഴ്ത്തി.