Photo: twitter.com|BCCI
കാണ്‍പുര്‍: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റും ഒരു ദിവസവും കൈയിലിരിക്കെ ന്യൂസീലന്‍ഡിന് വിജയലക്ഷ്യം 280 റണ്‍സ്. 284 റണ്‍സ് ലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ നാല് റണ്‍സ് എന്ന നിലയിലാണ്. രണ്ടു റണ്‍സെടുത്ത വില്‍ യങ്ങാണ് പുറത്തായത്. അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി.
നേരത്തെ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ഏഴു വിക്കറ്റിന് 234 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ കിവീസിനെ 296 റണ്‍സിന് പുറത്താക്കി ഇന്ത്യ 49 റണ്‍സ് ലീഡ് സ്വന്തമാക്കിയിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി കണ്ടെത്തിയ അരങ്ങേറ്റം താരം ശ്രേയസ് അയ്യരാണ് രണ്ടാം ഇന്നിങ്‌സിലും ഇന്ത്യക്കായി തിളങ്ങിയത്. ശ്രേയസ് 125 പന്തില്‍ 65 റണ്‍സ് നേടി. എട്ടു ഫോറും ഒരു സിക്‌സും ബാറ്റില്‍ നിന്ന് പിറന്നു. പുറത്താകാതെ 61 റണ്‍സ് നേടിയ വൃദ്ധിമാന്‍ സാഹയും ശ്രേയസിന് പിന്തുണ നല്‍കി. 126 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതമായിരുന്നു സാഹയുടെ ഇന്നിങ്‌സ്. ഏഴാം വിക്കറ്റില്‍ സാഹയും ശ്രേയസും 64 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഡിക്ലയര്‍ ചെയ്യുമ്പോള്‍ സാഹയ്‌ക്കൊപ്പം 28 റണ്‍സോടെ അക്‌സര്‍ പട്ടേലായിരുന്നു ക്രീസില്‍.
നേരത്തെ 51 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ ആറാം വിക്കറ്റില്‍ ഒന്നിച്ച ശ്രേയസ് അയ്യര്‍ - ആര്‍. അശ്വിന്‍ സഖ്യമാണ് രക്ഷിച്ചത്. ഇരുവരും ആറാം വിക്കറ്റില്‍ 52 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 62 പന്തുകള്‍ നേരിട്ട് 32 റണ്‍സെടുത്താണ് രവിചന്ദ്രന്‍ അശ്വിന്‍ പുറത്തായത്. ജാമിസന്റെ പന്തില്‍ നിര്‍ഭാഗ്യകരമായാണ് താരം പുറത്തായത്. അശ്വിന്റെ ബാറ്റില്‍ തട്ടിയ പന്ത് പഡിലിടിച്ച് വിക്കറ്റില്‍ പതിക്കുകയായിരുന്നു.
നാലാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ചേതേശ്വര്‍ പൂജാരയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 33 പന്തുകള്‍ നേരിട്ട് 22 റണ്‍സെടുത്ത പൂജാരയെ കൈല്‍ ജാമിസണ്‍ ടോം ബ്ലണ്ടലിന്റെ കൈകളിലെത്തിച്ചു.
പിന്നാലെ അജിങ്ക്യ രഹാനെയെ (4) വിക്കറ്റിന് മുന്നില്‍ കുടുക്കി അജാസ് പട്ടേല്‍ ഇന്ത്യയെ ഞെട്ടിച്ചു. 20-ാം ഓവറില്‍ മായങ്ക് അഗര്‍വാളിനെയും (17) രവീന്ദ്ര ജഡേജയേയും (0) മടക്കി ടിം സൗത്തി ഇന്ത്യയ്ക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു. ഒരു റണ്‍ മാത്രമെടുത്ത ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് മൂന്നാം ദിനത്തില്‍ തന്നെ നഷ്ടമായിരുന്നു. ന്യൂസീലന്‍ഡിനായി ടിം സൗത്തിയും കെയ്ല്‍ ജമെയ്‌സണും മൂന്നു വിക്കറ്റ് വീതം നേടി.
ആദ്യ ഇന്നിങ്‌സില്‍ ശ്രേയസ് അയ്യരുടെ സെഞ്ചുറി മികവില്‍ ഇന്ത്യ 345 റണ്‍സാണ് അടിച്ചത്. അര്‍ധ സെഞ്ചുറിയുമായി രവീന്ദ്ര ജഡേജ ശ്രേയസിന് പിന്തുണ നല്‍കി. ന്യൂസീലന്‍ഡിനായി ടിം സൗത്തി അഞ്ചു വിക്കറ്റുമായി തിളങ്ങി. മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍മാര്‍ ടോം ലാഥമും വില്‍ യങ്ങും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 151 റണ്‍ കൂട്ടുകെട്ടുണ്ടാക്കി. യങ് 89 റണ്‍സ് അടിച്ചപ്പോള്‍ ലാഥം 95 റണ്‍സ് നേടി. എന്നാല്‍ പിന്നീട് കിവീസ് തകര്‍ന്നു. 145 റണ്‍സെടുക്കുന്നതിനിടയില്‍ ശേഷിക്കുന്ന ഒമ്പത് വിക്കറ്റുകള്‍ നഷ്ടമായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ അക്‌സര്‍ പട്ടേലും മൂന്നു വിക്കറ്റെടുത്ത അശ്വിനുമാണ് കിവീസിനെ നിലംപരിശാക്കിയത്.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: india vs new zealand 1st test day 4 live updates
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..