വെല്ലിംങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒന്നാം ദിനം നേരത്തെ കളിനിര്‍ത്തുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെന്ന നിലയിലാണ്.

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 55-ാം ഓവര്‍ പൂര്‍ത്തിയായതിനു പിന്നാലെ മഴ കാരണം മത്സരം നിര്‍ത്തിവെച്ചു. മഴമാറിയെങ്കിലും ഔട്ട്ഫീല്‍ഡ് നനഞ്ഞതു കാരണം കളി അവസാനിപ്പിക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

ക്ഷമയോടെ പിടിച്ചുനിന്ന് 38 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന അജിങ്ക്യ രഹാനെയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. രഹാനെയ്ക്കൊപ്പം 10 റണ്‍സുമായി ഋഷഭ് പന്താണ് ക്രീസില്‍. വൃദ്ധിമാന്‍ സാഹയ്ക്ക് പകരം പന്ത് ടീമില്‍ ഇടംനേടുകയായിരുന്നു.

പൃഥ്വി ഷാ (16), മായങ്ക് അഗര്‍വാള്‍ (34), ചേതേശ്വര്‍ പൂജാര (11), ക്യാപ്റ്റന്‍ വിരാട് കോലി (2), ഹനുമ വിഹാരി (7) എന്നിവരാണ് പുറത്തായത്. 

അരങ്ങേറ്റ മത്സരത്തില്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയ കെയ്ല്‍ ജാമിസണാണ് ഇന്ത്യയെ വെള്ളം കുടിപ്പിച്ചത്. പൂജാര, കോലി, വിഹാരി എന്നിവരെയാണ് ജാമിസണ്‍ പുറത്താക്കിയത്. കിവീസിനായി ബോള്‍ട്ടും സൗത്തിയും ഓരോ വിക്കറ്റ് വീതം നേടി. പുല്ലുനിറഞ്ഞ പിച്ചും വെല്ലിങ്ടണിലെ ശീതക്കാറ്റും ഇന്ത്യയ്ക്ക് കാര്യങ്ങള്‍ കടുപ്പമാക്കുകയായിരുന്നു.

Content Highlights: India vs New Zealand 1st Test Day 1 at Wellington