Photo: twitter.com/BCCI
ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ഏഴുവിക്കറ്റിനാണ് ഇന്ത്യ ആതിഥേയരായ അയര്‍ലന്‍ഡിനെ കീഴടക്കിയത്. മഴമൂലം 12 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് ഉയര്‍ത്തിയ 109 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ വെറും 9.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി.
ഈ വിജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. നായകനായി സ്ഥാനമേറ്റ ആദ്യ മത്സരത്തില്‍ തന്നെ ടീമിനെ വിജയത്തിലെത്തിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് സാധിച്ചു.
47 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ദീപക് ഹൂഡയും മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത ഭുവനേശ്വര്‍ കുമാറും യൂസ്വേന്ദ്ര ചാഹലുമാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിന് 22 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. എന്നാല്‍ അര്‍ധസെഞ്ചുറി നേടി പുറത്താവാതെ നിന്ന ഹാരി ടെക്ടറിന്റെ ഒറ്റയാള്‍ പ്രകടനമാണ് ടീമിന് മാന്യമായ സ്കോര്‍ സമ്മാനിച്ചത്. ടെക്ടര്‍ 33 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 64 റണ്‍സെടുത്തി. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, ആവേശ് ഖാന്, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
109 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് 30 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. എന്നാല്‍ തകര്‍ത്തടിച്ച ഹൂഡയും ഹാര്‍ദിക് പാണ്ഡ്യയും ഇഷാന് കിഷനും അതിവേഗവിജയം ടീമിന് നല്കി. ഹൂഡ 29 പന്തുകളില്‍ നിന്ന് 47 റണ്‍സെടുത്തും ഹാര്‍ദിക് 12 പന്തില്‍ 24 റണ്‍സെടുത്തും പുറത്താവാതെ നിന്നു. ഇഷാന് 26 റണ്‍സ് നേടി. അയര്‍ലന്‍ഡിനായി ക്രെയ്ഗ് യങ് രണ്ട് വിക്കറ്റെടുത്തു. പരമ്പരയിലെ അടുത്ത മത്സരം ജൂണ്‍ 28 ന് നടക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..