ഹോങ് കോങ്ങിനെ 40 റണ്‍സിന് തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ സൂപ്പര്‍ ഫോറില്‍


Photo: AFP

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ സൂപ്പര്‍ ഫോറില്‍. ഗ്രൂപ്പ് എ യിലെ രണ്ടാം മത്സരത്തില്‍ ഹോങ് കോങ്ങിനെ 40 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ സൂപ്പര്‍ ഫോറിലേക്ക് പ്രവേശനം നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹോങ് കോങ്ങിന് നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ഈ വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സൂപ്പര്‍ ഫോറിലെത്തിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയിരുന്നു. സൂപ്പര്‍ ഫോറിലെത്തുന്ന രണ്ടാമത്തെ ടീമാണ് ഇന്ത്യ. അഫ്ഗാനിസ്താനാണ് ആദ്യമായി സൂപ്പര്‍ ഫോറിലെത്തിയത്.

ഇന്ത്യ ഉയര്‍ത്തിയ 193 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഹോങ് കോങ്ങിന് മികച്ച തുടക്കമാണ് ലഭിച്ചത്. തുടക്കത്തില്‍ ഓപ്പണര്‍ യാസിം മുര്‍താസയെ നഷ്ടപ്പെട്ടെങ്കിലും ഹോങ് കോങ് പതറിയില്ല. ഒന്‍പത് റണ്‍സെടുത്ത മുര്‍താസയെ അര്‍ഷ്ദീപ് സിങ്ങാണ് പുറത്താക്കിയത്. പിന്നീട് ക്രീസിലൊന്നിച്ച നിസാകത് ഖാനും ബാബര്‍ ഹയാത്തും ചേര്‍ന്ന് ഹോങ് കോങ്ങിന് നല്ല തുടക്കം സമ്മാനിച്ചു. ഇരുവരും ഹോങ് കോങ് സ്‌കോര്‍ ആറോവറില്‍ 50 കടത്തി. എന്നാല്‍ ആറാം ഓവറിലെ അവസാന പന്തില്‍ നിസാകത് ഖാന്‍ നിര്‍ഭാഗ്യവശാല്‍ പുറത്തായി. അനാവശ്യ റണ്ണിന് ശ്രമിച്ച താരത്തെ രവീന്ദ്ര ജഡേജ റണ്‍ ഔട്ടാക്കി. 10 റണ്‍സാണ് ഹോങ് കോങ് നായകന്റെ സമ്പാദ്യം.

പിന്നാലെ വന്ന കിന്‍ചിത് ഷായെ കൂട്ടുപിടിച്ച് ഹയാത്ത് അടിച്ചുതകര്‍ത്തു. ഇരുവരും മികച്ച കൂട്ടുകെട്ടുമായി മുന്നേറിയതോടെ ഇന്ത്യ ചെറുതായി ഭയന്നു. എന്നാല്‍ ബാബര്‍ ഹയാത്തിനെ മടക്കി രവീന്ദ്ര ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു. 35 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 41 റണ്‍സെടുത്ത ഹയാത്തിനെ ജഡേജ ആവേശ് ഖാന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ വന്ന ഐസാസ് ഖാനെ കൂട്ടുപിടിച്ച് കിന്‍ചിത് ടീം സ്‌കോര്‍ 100 കടത്തി. എന്നാല്‍ ഐസാസിനും അധികനേരം പിടച്ചുനില്‍ക്കാനായില്ല. 14 റണ്‍സെടുത്ത താരത്തെ ആവേശ് ഖാന്‍ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീട് വേണ്ട വിധത്തില്‍ റണ്‍സ് ഉയര്‍ത്താന്‍ ഹോങ് കോങ്ങിന് സാധിച്ചില്ല. സീഷാന്‍ അലിയാണ് ഐസാസിന് പകരം വന്നത്.

അവസാന മൂന്നോവറില്‍ ഹോങ് കോങ്ങിന്റെ വിജയലക്ഷ്യം 78 റണ്‍സായി മാറി. ഇതോടെ ഇന്ത്യ വിജയമുറപ്പിച്ചു. 18-ാം ഓവറില്‍ 30 റണ്‍സെടുത്ത കിന്‍ചിത്തിനെ ഭുവനേശ്വര്‍ മടക്കി.

എന്നാല്‍ 19-ാം ഓവറില്‍ ആവേശ് ഖാന്‍ 21 റണ്‍സ് വഴങ്ങിയത് ഇന്ത്യയുടെ വിജയത്തിന്റെ മാറ്റ് കുറച്ചു. മത്സരത്തിലുടനീളം താരം മോശം ഫോമാണ് കാഴ്ചവെച്ചത്. നാലോവറില്‍ നിന്ന് ആവേശ് ഖാന്‍ ദുര്‍ബലരായ ഹോങ് കോങ്ങിനെതിരേ 53 റണ്‍സാണ് വഴങ്ങിയത്. അവസാന ഓവറില്‍ 53 റണ്‍സായിരുന്നു ഹോങ് കോങ്ങിന്റെ വിജയലക്ഷ്യം. അര്‍ഷ്ദീപ് അവസാന ഓവറില്‍ 12 റണ്‍സ് വിട്ടുനല്‍കിയതോടെ ഇന്ത്യ 40 റണ്‍സിന്റെ വിജയം സ്വന്തമാക്കി. അര്‍ഷ്ദീപും നന്നായി റണ്‍സ് വഴങ്ങി. താരം നാലോവറില്‍ 44 റണ്‍സാണ് വിട്ടുനല്‍കിയത്. ഹോങ് കോങ്ങിന്റെ സീഷാന്‍ അലി 26 റണ്‍സെടുത്തും സ്‌കോട്ട് മക്കെച്ചിനി 16 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, രവീന്ദ്ര ജഡേജ, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. 68 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും 59 റണ്‍സ് നേടിയ വിരാട് കോലിയുമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി അത്ര മികച്ച തുടക്കമല്ല ഓപ്പണര്‍മാരായ കെ.എല്‍.രാഹുലും രോഹിത് ശര്‍മയും ചേര്‍ന്ന് നല്‍കിയത്. ദുര്‍ബലരായ ഹോങ് കോങ്ങിനെതിരേ ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാര്‍ക്ക് വെറും 38 റണ്‍സ് മാത്രമാണ് നേടാനായത്. രോഹിതിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായി. 13 പന്തുകളില്‍ നിന്ന് 21 റണ്‍സെടുത്ത രോഹിത്തിനെ ആയുഷ് ശുക്ല അസിയാസ് ഖാനിന്റെ കൈയ്യിലെത്തിച്ചു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും രോഹിത് പരാജയമായി.

രോഹിത്തിന് പകരം ക്രീസിലെത്തിയ വിരാട് കോലിയെ കൂട്ടുപിടിച്ച് രാഹുല്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 90 കടത്തി. പക്ഷേ റണ്‍റേറ്റ് കുറഞ്ഞു. എന്നാല്‍ സ്‌കോര്‍ 94-ല്‍ നില്‍ക്കേ രാഹുലിനെ മടക്കി ഹോങ് കോങ് തിരിച്ചടിച്ചു. മുഹമ്മദ് ഗസന്‍ഫാറിന്റെ പന്തില്‍ സ്‌കോട് മക്കെച്ചിനിയെയ്ക്ക് ക്യാച്ച് സമ്മാനിച്ച് രാഹുല്‍ മടങ്ങി. 39 പന്തുകളില്‍ നിന്ന് 36 റണ്‍സെടുത്ത് താരം മടങ്ങി. രാഹുലും വേണ്ടത്ര മികവ് പുലര്‍ത്തിയില്ല.

രാഹുലിന് പകരം സൂര്യകുമാര്‍ ക്രീസിലെത്തി. സൂര്യകുമാര്‍ വന്നതോടെ ടീം സ്‌കോറിന് ജീവന്‍വെച്ചു. കോലിയും സൂര്യകുമാറും വെറും 27 പന്തുകളില്‍ നിന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. പിന്നാലെ കോലി അര്‍ധസെഞ്ചുറി നേടി. 40 പന്തുകളില്‍ നിന്നാണ് താരം കരിയറിലെ 31-ാം അന്താരാഷ്ട്ര ട്വന്റി 20 അര്‍ധസെഞ്ചുറിയിലെത്തിയത്.

അവസാന ഓവറുകളില്‍ കോലിയും സൂര്യകുമാറും ചേര്‍ന്ന് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യന്‍ സ്‌കോര്‍ 190 കടത്തിയത്. സൂര്യകുമാര്‍ അവസാന ഓവറുകളില്‍ തുടര്‍ച്ചയായി രണ്ട് സിക്‌സുകള്‍ പായിച്ച് അര്‍ധസെഞ്ചുറി നേടി. വെറും 22 പന്തുകളില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി നേടിയത്. അവസാന ഓവറില്‍ സൂര്യകുമാര്‍ നാല് സിക്‌സടക്കം 26 റണ്‍സാണ് അടിച്ചെടുത്തത്. ഇരുവരും 45 പന്തുകളില്‍ നിന്ന് 98 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കി.

സൂര്യകുമാര്‍ 26 പന്തുകളില്‍ നിന്ന് ആറ് വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 68 റണ്‍സെടുത്തും കോലി 44 പന്തുകളില്‍ നിന്ന് ഒരു ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 59 റണ്‍സ് നേടിയും പുറത്താവാതെ നിന്നു. ഹോങ് കോങ്ങിനായി ആയുഷ് ശുക്ലയും ഗസന്‍ഫറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights: india vs hong kong, asia cup 2022, asia cup cricket, indian cricket team, sports news, cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented