ഹെഡിങ്‌ലി: ജോ റൂട്ട് യഥാര്‍ഥ ലീഡറായപ്പോള്‍ ലീഡ്‌സില്‍ ഇന്ത്യയ്‌ക്കെതിരേ ഇംഗ്ലണ്ടിന് കൂറ്റന്‍ ലീഡ്. മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ എല്ലാ ബാറ്റ്‌സ്മാന്മാരും ചേര്‍ന്ന് 78 റണ്‍സടിച്ച പിച്ചില്‍ ഇംഗ്ലണ്ട് എട്ടുവിക്കറ്റിന് 423 റണ്‍സെടുത്തു. വ്യാഴാഴ്ച കളി നിര്‍ത്തുമ്പോള്‍ 345 റണ്‍സ് മുന്നിലാണ് ആതിഥേയര്‍.

ഇംഗ്ലണ്ടിന്റെ ആദ്യ നാലു ബാറ്റ്‌സ്മാന്മാരും അര്‍ധസെഞ്ചുറി കടന്നു. ക്യാപ്റ്റന്‍ ജോ റൂട്ട് തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലും സെഞ്ചുറി (121) തികച്ചപ്പോള്‍ ഓപ്പണര്‍മാരായ റോറി ബേണ്‍സ് (61), ഹസീബ് ഹമീദ് (68), ഡേവിഡ് മാലന്‍ (70) എന്നിവര്‍ അര്‍ധസെഞ്ചുറി കുറിച്ചു.

2012-13നുശേഷം ആദ്യമായാണ് ടെസ്റ്റിലെ ഒരു ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ആദ്യ നാലു ബാറ്റ്‌സ്മാന്മാര്‍ അര്‍ധസെഞ്ചുറി പിന്നിടുന്നത്. റൂട്ടിന് ഈ പരമ്പരയിലെ മൂന്നാമത്തെയും ടെസ്റ്റ് കരിയറിലെ 23ാമത്തെയും സെഞ്ചുറിയാണിത്. ആദ്യ ടെസ്റ്റില്‍ 109, രണ്ടാം ടെസ്റ്റില്‍ 180* എന്നിങ്ങനെ സ്‌കോര്‍ ചെയ്തിരുന്നു.

ജോണി ബെയര്‍‌സ്റ്റോ (29), ജോസ് ബട്‌ലര്‍ (7), മോയിന്‍ അലി (8), സാം കറന്‍ (15) എന്നിവരും പുറത്തായി. ക്രെയ്ഗ് ഒവെര്‍ട്ടണ്‍ (24*), ഒലി റോബിന്‍സണ്‍ (0*) എന്നിവരാണ് ക്രീസില്‍. ഇന്ത്യയ്ക്കുവേണ്ടി മുഹമ്മദ് ഷമി മൂന്നും രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ടു വീതവും വിക്കറ്റ് നേടി. ഒരു വിക്കറ്റ് ജസ്പ്രീത് ബുംറ സ്വന്തമാക്കി. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വലിയ മേധാവിത്തമായി. തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ ഏറെ പ്രയാസപ്പെടേണ്ടിവരും.

ടെസ്റ്റിലെ ആദ്യദിനം ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ കൂട്ടത്തോടെ കീഴടങ്ങിയ പിച്ചില്‍, ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാര്‍ ക്ഷമയോടെ പൊരുതി. രാവിലെ കളി തുടങ്ങിയപ്പോള്‍ ഇന്ത്യയുടെ പേസ് ബൗളിങ് നിര കണിശമായി പന്തെറിഞ്ഞെങ്കിലും വഴിത്തിരിവുണ്ടാക്കാന്‍ കഴിഞ്ഞില്ല.

വിക്കറ്റ് നഷ്ടമില്ലാതെ 120 എന്നനിലയില്‍ ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് വ്യാഴാഴ്ച എട്ടാം ഓവറിലാണ് ആദ്യവിക്കറ്റ് നഷ്ടമായത്. മുഹമ്മദ് ഷമിയുടെ പന്തില്‍ റോറി ബേണ്‍സ് ക്ലീന്‍ ബൗള്‍ഡായി. 153 പന്തില്‍ ആറു ഫോറും ഒരു സിക്‌സും സഹിതമാണ് ബേണ്‍സ് 61 റണ്‍സിലെത്തിയത്. ഇന്ത്യന്‍ ഇന്നിങ്‌സിന് ആകെ 40.4 ഓവര്‍ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂവെങ്കില്‍ ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാര്‍ പിരിഞ്ഞത് അമ്പതാം ഓവറില്‍. രണ്ട് ഓവറിനുശേഷം രവീന്ദ്ര ജഡേജ ഹസീബ് ഹമീദിനെ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ഇന്ത്യ കളിയിലേക്ക് തിരിച്ചുവരികയാണെന്നുതോന്നി. 195 പന്തില്‍ 12 ഫോര്‍ അടക്കമാണ് ഹമീദ് 68 റണ്‍സിലെത്തിയത്. ലഞ്ചിന് പിരിയുമ്പോള്‍ രണ്ടിന് 182 എന്നനിലയിലായിരുന്നു ഇംഗ്ലണ്ട്. പിന്നീട് ഡേവിഡ് മാലന്‍ റൂട്ട് സഖ്യം മൂന്നാം വിക്കറ്റില്‍ 139 റണ്‍സ് ചേര്‍ത്തു. 165 പന്തില്‍ 14 ബൗണ്ടറി അടങ്ങിയതാണ് റൂട്ടിന്റെ ഇന്നിങ്‌സ്.

Content Highlights: India vs England third test match day two