ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഇന്ത്യയെ ഇന്നിങ്‌സിനും 76 റണ്‍സിനും തകര്‍ത്താണ് ഇംഗ്ലണ്ട് വിജയമാഘോഷിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് നേടിയ 354 റണ്‍സിന്റെ ലീഡ് മറികടക്കാന്‍ ശ്രമിച്ച ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 278 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ചുവിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ് ബൗളര്‍ ഒലി റോബിന്‍സണാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്.സ്‌കോര്‍: ഇന്ത്യ-78, 278. ഇംഗ്ലണ്ട്-432

ഈ വിജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കൊപ്പമെത്തി. ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയം നേടിയിരുന്നു. 

രണ്ട് വിക്കറ്റിന് 215 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ ബാറ്റിങ്‌നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. മൂന്നാം ദിനം മികച്ച കൂട്ടുകെട്ടുമായി മുന്നേറിയ കോലിയെയും പൂജാരയെയും തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. ഇന്ത്യയ്ക്ക് ആദ്യം പൂജാരയെയാണ് നഷ്ടമായത്. 189 പന്തുകളില്‍ നിന്നും 91 റണ്‍സെടുത്ത പൂജാരയെ റോബിന്‍സണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. നാലാം ദിനം ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാനാവാതെയാണ് പൂജാര പുറത്തായത്. 

പിന്നാലെ നായകന്‍ കോലി അര്‍ധസെഞ്ചുറി നേടിയെങ്കിലും 125 പന്തുകളില്‍ നിന്നും 55 റണ്‍സെടുത്ത താരത്തെയും റോബിന്‍സണ്‍ പറഞ്ഞയച്ചു. ജോ റൂട്ട് പിടിച്ചാണ് കോലി പുറത്തായത്. ഇതോടെ ഇന്ത്യ 237 ന് നാല് എന്ന നിലയിലേക്ക് വീണു. 

പിന്നാലെ ക്രീസിലെത്തിയ അജിങ്ക്യ രഹാനെയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. 10 റണ്‍സ് മാത്രമെടുത്ത രഹാനെയെ ആന്‍ഡേഴ്‌സണ്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറുടെ കൈയ്യിലെത്തിച്ചു. ഇതോടെ ഇന്ത്യ 239 ന് അഞ്ച് എന്ന നിലയിലേക്ക് വീണു. രഹാനെയ്ക്ക് ശേഷം ക്രീസിലെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തും പരാജയപ്പെട്ടു. വെറും ഒരു റണ്‍സ് മാത്രമെടുത്ത താരത്തെ റോബിന്‍സണ്‍ ഓവര്‍ട്ടണിന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ വന്ന ഷമിയെ മോയിന്‍ അലി ബൗള്‍ഡാക്കിയതോടെ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റുകള്‍ നഷ്ടമായി. ആറു റണ്‍സ് മാത്രമാണ് ഷമിയ്ക്ക് എടുക്കാനായത്. ഇഷാന്ത് ശര്‍മയ്ക്കും അധികം പിടിച്ചുനില്‍ക്കാനായില്ല.  രണ്ട് റണ്‍സെടുത്ത ഇഷാന്തിനെ ബട്‌ലറുടെ കൈയ്യിലെത്തിച്ച് റോബിന്‍സണ്‍ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി. പിന്നാലെ ക്രീസിലെത്തിയ സിറാജിനെയും (0) 30 റണ്‍സുമായി ഒരറ്റത്ത് പിടിച്ചുനിന്ന രവീന്ദ്ര ജഡേജയെയും മടക്കി ക്രെയ്ഗ് ഓവര്‍ട്ടണ്‍ ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചു.

 

ഇംഗ്ലണ്ടിന് വേണ്ടി റോബിന്‍സണ്‍ അഞ്ചുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്രെയ്ഗ് ഓവര്‍ട്ടണ്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. മോയിന്‍ അലി, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി. 

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ വെറും 78 റണ്‍സിന് ഓള്‍ ഔട്ടായി. ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 432 റണ്‍സ് നേടി. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 354 റണ്‍സിന്റെ ലീഡ് വഴങ്ങി. ഇതാണ് മത്സരത്തില്‍ നിര്‍ണായകമായത്.

Content Highlights: India vs England third test day three