ഹെഡിങ്‌ലി: ഇംഗ്ലണ്ടിന്റെ കൂറ്റന്‍ ലീഡിനെതിരേ ഇന്ത്യയുടെ വീരോചിത ചെറുത്തുനില്‍പ്പ്. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ 432 റണ്‍സെടുത്ത ഇംഗ്ലണ്ടിനെതിരേ, ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ രണ്ടിന് 215 റണ്‍സിലെത്തി. ആദ്യ ഇന്നിങ്‌സില്‍ 78 റണ്‍സിന് പുറത്തായ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 354 റണ്‍സ് ലീഡ് വഴങ്ങിയിരുന്നു. മൂന്നാം ദിനമായ വെള്ളിയാഴ്ച കളി നിര്‍ത്തുമ്പോള്‍ 139 റണ്‍സ് പിറകിലാണ് ഇന്ത്യ.

ചേതേശ്വര്‍ പുജാര (91*), വിരാട് കോലി (45*) എന്നിവര്‍ ബാറ്റിങ് തുടരുന്നു. ഈ പരമ്പരയില്‍ പുജാരയുടെ ആദ്യ അര്‍ധസെഞ്ചുറിയാണിത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (59), കെ.എല്‍. രാഹുല്‍ (8) എന്നിവര്‍ മടങ്ങി. രോഹിത് ശര്‍മ ഒലി റോബിന്‍സന്റെ പന്തില്‍ എല്‍.ബി. ആയപ്പോള്‍ രാഹുലിനെ ക്രെയ്ഗ് ഒവര്‍ട്ടന്റെ പന്തില്‍ ജോണി ബെയര്‍‌സ്റ്റോ സ്ലിപ്പില്‍ ഒറ്റക്കൈയന്‍ ക്യാച്ചിലൂടെ പുറത്താക്കി. എട്ടിന് 423 എന്നനിലയില്‍ വെള്ളിയാഴ്ച രാവിലെ ബാറ്റിങ് തുടര്‍ന്ന ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 20 പന്തുകള്‍കൂടിയേ നീണ്ടുനിന്നുള്ളൂ.

ക്രെയ്ഗ് ഒവര്‍ട്ടണെ (32) മുഹമ്മദ് ഷമിയും റോബിന്‍സണെ (0) ബുംറയും പുറത്താക്കിയതോടെ ഇന്നിങ്‌സ് അവസാനിച്ചു. ഷമി ആകെ നാലുവിക്കറ്റും ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടുവിക്കറ്റ് വീതവും നേടി.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ കരുതലോടെയാണ് തുടങ്ങിയത്. രാഹുല്‍ 24 പന്തില്‍ ആറുറണ്‍സില്‍നില്‍ക്കേ എല്‍.ബി. അപ്പീലില്‍ അമ്പയര്‍ ഔട്ട് കൊടുത്തെങ്കിലും റിവ്യൂവിലൂടെ അതിജീവിച്ചു. 54 പന്തില്‍ എട്ടു റണ്‍സെടുത്താണ് മടങ്ങിയത്. 156 പന്ത് നേരിട്ട രോഹിത് ശര്‍മ ഏഴ് ഫോറും ഒരു സിക്‌സും സഹിതമാണ് 59 റണ്‍സിലെത്തിയത്. 180 പന്ത് നേരിട്ട ചേതേശ്വര്‍ പുജാര 15 ബൗണ്ടറി നേടി. 94 പന്തില്‍ ആറ് ഫോര്‍ സഹിതമാണ് കോലി 45 റണ്‍സിലെത്തിയത്.

Content Highlights: India vs England third test day three