ലീഡ്‌സ്: ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ടിന്റെ സമ്പൂര്‍ണ ആധിപത്യം. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയെ വെറും 78 റണ്‍സിന് എറിഞ്ഞിട്ട ഇംഗ്ലണ്ട് ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 120 റണ്‍സെന്ന നിലയിലാണ്. ഇംഗ്ലണ്ടിന് 42 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡായി.

അര്‍ധ സെഞ്ചുറിയുമായി ഓപ്പണര്‍മാരായ റോറി ബേണ്‍സും ഹസീബ് ഹമീദും തിളങ്ങിയതോടെ ഇംഗ്ലണ്ട് ആദ്യ ദിനം തന്നെ മത്സരത്തില്‍ ആധിപത്യം നേടി. 125 പന്തില്‍ നിന്ന് 52 റണ്‍സുമായി ബേണ്‍സും 130 പന്തില്‍ നിന്ന് 58 റണ്‍സുമായി ഹമീദും ക്രീസിലുണ്ട്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 40.4 ഓവറില്‍ 78 റണ്‍സിന് കൂടാരം കയറി. ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കണ്ടത് രണ്ടു പേര്‍ മാത്രം. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനും ക്രെയ്ഗ് ഓവര്‍ടണും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ഒലെ റോബിന്‍സണും സാം കറനും ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്. എട്ട് ഓവറില്‍ വെറും ആറ് റണ്‍സ് മാത്രം വഴങ്ങിയാണ് ആന്‍ഡേഴ്‌സന്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയത്.

105 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത ഓപ്പണര്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. രഹാനെ 54 പന്തില്‍ നിന്ന് 18 റണ്‍സെടുത്തു. മറ്റാര്‍ക്കും തന്നെ രണ്ടക്കം കടക്കാനായില്ല. കളിയാരംഭിച്ച് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ കെ.എല്‍ രാഹുലിനെ (0) ആന്‍ഡേഴ്‌സന്‍ മടക്കി. അഞ്ച് ഓവര്‍ തികയും മുമ്പ് ചേതേശ്വര്‍ പൂജാരയും (1) പുറത്ത്. പിന്നാലെ 11-ാം ഓവറില്‍ ക്യാപ്റ്റന്‍ വിരാട് കോലിയും (7) ആന്‍ഡേഴ്സന് മുന്നില്‍ വീണു.

തുടര്‍ന്ന് 53 പന്തുകള്‍ പ്രതിരോധിച്ച അജിങ്ക്യ രഹാനെയെ (18) ഒലെ റോബിന്‍സണ്‍ മടക്കിയതോടെ ഇന്ത്യ നാലിന് 56 എന്ന നിലയിലായി. തുടര്‍ന്നെത്തിയ ഋഷഭ് പന്തിനും പിടിച്ചുനില്‍ക്കാനായില്ല. രണ്ടു റണ്‍സെടുത്ത പന്തിനെ റോബിന്‍സണ്‍ മടക്കി. 104 പന്തുകളോളം ഇംഗ്ലീഷ് ബൗളിങ്ങിനെ പ്രതിരോധിച്ച രോഹിത് ശര്‍മ ആറാമനായാണ് പുറത്തായത്. 19 റണ്‍സെടുത്ത രോഹിത്തിനെ ക്രെയ്ഗ് ഓവര്‍ടണാണ് മടക്കിയത്. തൊട്ടടുത്ത പന്തില്‍ മുഹമ്മദ് ഷമിയേയും ഓവര്‍ടണ്‍ പുറത്താക്കി.

കാര്യമായ പ്രതിരോധമില്ലാതെ രവീന്ദ്ര ജഡേജയും (4) മടങ്ങി. താരത്തെ സാം കറന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ ജസ്പ്രീത് ബുംറയേയും കറന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. മൂന്ന് റണ്‍സെടുത്ത സിറാജ് 41-ാം ഓവറില്‍ വീണതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചു.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ടെസ്റ്റ് ജയിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ടോസ് ജയിച്ചതിന്റെ ആശ്ചര്യം കോലി പങ്കുവെയ്ക്കുകയും ചെയ്തു. തുടര്‍ച്ചയായി എട്ടു മത്സരങ്ങളില്‍ ടോസ് നഷ്ടപ്പെട്ട ശേഷമാണ് കോലി ഒരു ടോസ് ജയിക്കുന്നത്.

Content Highlights: India vs England third test day one live