Photo: ANI
മാഞ്ചെസ്റ്റര്‍: ആദ്യ രണ്ടുമത്സരങ്ങളില്‍ കൊണ്ടും കൊടുത്തും മുന്നേറിയ ഇന്ത്യയും ഇംഗ്ലണ്ടും നിര്‍ണായക മത്സരത്തിനിറങ്ങുന്നു. മൂന്നാമത്തെയും അവസാനത്തെയും ഏകദിനം ഞായറാഴ്ച 3.30മുതല്‍ മാഞ്ചെസ്റ്ററില്‍. 1-1-ന് സമനിലയില്‍ നില്ക്കുന്ന പരമ്പരയുടെ വിജയികളെ ഈ മത്സരം തീരുമാനിക്കും.
ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടും രണ്ടാംമത്സരത്തില്‍ ഇന്ത്യയും വന്‍തകര്‍ച്ചയാണ് നേരിട്ടത്. ഓവലില്‍ 10 വിക്കറ്റ് വിജയം നേടിയ ഇന്ത്യക്ക് ലോര്‍ഡ്സിലെ പരാജയം കനത്തതായി. താരതമ്യേന ചെറുതായ 247 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് പച്ചതൊടാനായില്ല. ഒരു ബാറ്റര്‍ക്കും 30 റണ്‍സുപോലും തികയ്ക്കാനായില്ല. ഈ പ്രതിസന്ധി മറികടക്കുക എന്നത് പ്രധാനമാണ്. ബാറ്റര്‍മാര്‍ക്ക് ഭയരഹിതമായി കളിക്കാന്‍ കഴിയണം. റീസ് ടോപ്ളിയുടെയും ഡേവിഡ് വില്ലിയുടെയും മികച്ച സ്വിങ്-സീം ബൗളിങ്ങില്‍ താനും ശിഖര്‍ ധവാനും പ്രതിരോധത്തിലായെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ സമ്മതിച്ചു. ആദ്യ രണ്ടോവറും മെയ്ഡനായിരുന്നു. വിരാട് കോലിയുടെ പതിവു ഫോമില്ലായ്മകൂടിയായതോടെ ആകെ താളംതെറ്റി. പിന്നാലെവന്നവര്ക്ക് അതിന്റെ ആഘാതം താങ്ങാനായില്ല.
അടുത്ത ഏകദിന ലോകകപ്പിന് ഇനി 15 മാസമുണ്ടെങ്കിലും ഒരു മികച്ച ടീമിനെ നേരത്തേ രൂപപ്പെടത്തേണ്ടതുണ്ട്. അതില്‍ ശിഖര്‍ ധവാന് സ്ഥാനമുണ്ടാകുമോ എന്നും നിശ്ചയിക്കണം. ധവാന് ഇപ്പോള്‍ ഏകദിനത്തില്മാത്രമേ കളിക്കുന്നുള്ളൂ. ഏകദിനങ്ങള്‍ വല്ലപ്പോഴുമായതോടെ, ധവാന്റെ താളംതെറ്റുന്നു. കഴിഞ്ഞ രണ്ടുമത്സരങ്ങളിലും അതുകണ്ടു. ഇന്ത്യയുടെ ബൗളിങ് നിര മികച്ചപ്രകടനം കാഴ്ചവെക്കുന്നുണ്ട്.
രണ്ടുമത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പിറന്നത് ഒരേയൊരു അര്‍ധസെഞ്ചുറിയാണ്. ആദ്യമത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്മയ്ക്കുമാത്രംകഴിഞ്ഞ കാര്യം. ജോസ് ബട്ലര്, ജോണി ബെയര്‍സ്റ്റോ, ജേസണ്‍ റോയ്, ബെന്‍ സ്റ്റോക്സ്, ലിയാം ലിവിങ്സ്റ്റണ് എന്നീ കൂറ്റനടിക്കാര്‍ അണിനിരന്ന ഇംഗ്ലീഷ് ടീം ഇന്ത്യക്ക് അലോസരമുണ്ടാക്കാം. ഇന്ത്യ ആധിപത്യം നേടണമെങ്കില്‍ രോഹിത്, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പട്ടേല്‍ തുടങ്ങിയവര്‍ ഫോമിലേത്തേണ്ടിവരും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..