ടെസ്റ്റ് ക്രിക്കറ്റില്‍ നിലവിലെ ഒന്നാംറാങ്കുകാരാണ് ഇന്ത്യ. 2015 മുതല്‍ കളിച്ച 11 പരമ്പരകളില്‍ പത്തിലും ജയിച്ച് ഒന്നാംറാങ്കിലെത്തിയ കോലിയുടെ സംഘം ഈവര്‍ഷത്തെ നിര്‍ണായക പരീക്ഷണത്തിന് ഒരുങ്ങുമ്പോള്‍ പ്രതീക്ഷകള്‍ക്കൊപ്പം ആശങ്കയുമേറെ. കഴിഞ്ഞ 11 പരമ്പരകളില്‍, ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മാത്രമാണ് (2-1) ഇന്ത്യ തോറ്റത്. ടെസ്റ്റില്‍ ഇംഗ്ലണ്ട് അഞ്ചാം റാങ്കിലാണെങ്കിലും സ്വന്തം നാട്ടില്‍ അവരെ ഒരുതരത്തിലും കുറച്ചുകാണാനാകില്ല. ഇന്ത്യക്കെതിരേ ഏകദിന പരമ്പര വിജയിച്ച് മികച്ച ഫോമില്‍ നില്‍ക്കുന്നതുകൊണ്ട് പ്രത്യേകിച്ചും. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്ക് ബുധനാഴ്ച ബര്‍മിങ്ഹാമില്‍ തുടക്കമാകും.

കൃത്യമായ ഒരു ഓപ്പണിങ് സഖ്യത്തെ കണ്ടെത്താനാകാത്തതാണ് ബാറ്റിങ്ങില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി. ശിഖര്‍ ധവാന്‍- മുരളി വിജയ് സഖ്യമാണ് ടെസ്റ്റില്‍ കുറച്ചുകാലമായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നത്. എന്നാല്‍ ഇംഗ്ലണ്ടില്‍ ശിഖര്‍ ധവാന്‍ ഒട്ടും ആത്മവിശ്വാസത്തിലല്ല. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇംഗ്ലീഷ് കൗണ്ടി ക്ലബ്ബായ എസ്സെക്‌സുമായി നടന്ന ത്രിദിന മത്സരത്തില്‍ രണ്ട് ഇന്നിങ്സിലും ധവാന്‍ പൂജ്യത്തിന് പുറത്താവുകയായിരുന്നു. വണ്‍ഡൗണ്‍ ബാറ്റ്സ്മാനായ ചേതേശ്വര്‍ പുജാരയും ഫോമിലല്ലെന്നത് ബാറ്റിങ്ങില്‍ സമ്മര്‍ദം കൂട്ടുന്നു.

ഏകദിനത്തില്‍ മൂന്ന് ഇന്നിങ്സില്‍ 120 റണ്‍സ് എടുത്തെങ്കിലും (40, 36, 44) ഇംഗ്ലീഷ് പര്യടനത്തിലെ എട്ട് ഇന്നിങ്സില്‍ ഒരിക്കല്‍പ്പോലും അമ്പത് റണ്‍സ് തികയ്ക്കാന്‍ ധവാന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ധവാനെ ഓപ്പണിങ് സ്ഥാനത്ത് ഇറക്കണോയെന്ന ആലോചനയുണ്ട്.

എസ്സെക്‌സിനെതിരേ ആദ്യ ഇന്നിങ്സില്‍ ഒരു റണ്ണിന് പുറത്തായ പൂജാര രണ്ടാം ഇന്നിങ്സില്‍ 23 റണ്‍സെടുത്തു. ഏറെക്കാലമായി വണ്‍ഡൗണില്‍ വിശ്വസ്തനായ പൂജാര നിറംമങ്ങിയാല്‍ അത് ബാറ്റിങ്ങിന്റെ കെട്ടുറപ്പിനെ ബാധിക്കും.

ശിഖര്‍ ധവാനുപകരം രോഹിത് ശര്‍മ, അജിന്‍ക്യ രഹാനെ, ലോകേഷ് രാഹുല്‍ എന്നിവര്‍ ടീമില്‍ അവസരം കാത്തിരിക്കുന്നു. രാഹുലാകട്ടെ, സന്നാഹമത്സരത്തില്‍ രണ്ട് ഇന്നിങ്സിലും തിളങ്ങുകയും ചെയ്തു. അഞ്ചു ബൗളര്‍മാരെ കളിപ്പിക്കുമ്പോള്‍ ഇവരില്‍ ഒരാള്‍ക്കുമാത്രമേ അഞ്ചാമനായി ടീമില്‍ ഇടംകിട്ടാറുള്ളൂ. ഓപ്പണിങ്ങില്‍ മുരളി വിജയ് ഒരു സ്ഥാനം ഉറപ്പിക്കുമ്പോള്‍ മറ്റു നാലുപേരില്‍ ആരെയും കളിപ്പിച്ചേക്കാം എന്നതാണ് സ്ഥിതി.

ബൗളിങ്ങില്‍ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരുടെ പരിക്കാണ് പ്രധാന പ്രശ്‌നം. ത്രിദിന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 395 റണ്‍സെടുത്തപ്പോള്‍ 94 ഓവര്‍ ബാറ്റുചെയ്ത എസ്സെക്‌സ് എട്ടുവിക്കറ്റിന് 359 റണ്‍സെടുത്ത് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പരിചയസമ്പത്ത് കുറഞ്ഞ എസ്സെക്‌സിന്റെ ബാറ്റ്സ്മാന്മാരെ പുറത്താക്കാന്‍ കഴിയാത്തത് ബൗളര്‍മാരുടെ പരിമിതിതന്നെയാണ്. 35 റണ്‍സിന് നാലുവിക്കറ്റെടുത്ത ഉമേഷ് യാദവും 59 റണ്‍സിന് മൂന്നുവിക്കറ്റെടുത്ത ഇഷാന്ത് ശര്‍മയും ബൗളിങ്ങില്‍ കുറച്ചൊക്കെ നിയന്ത്രണം പാലിച്ചെങ്കിലും 68 റണ്‍സ് വഴങ്ങിയ മുഹമ്മദ് ഷമിക്ക് വിക്കറ്റൊന്നും കിട്ടിയില്ല.

ചുരുങ്ങിയ സമയംകൊണ്ട് ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്തിയ ജസ്പ്രീത് ബുംറ, കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ആറ്് ഇന്നിങ്സില്‍ 14 വിക്കറ്റുമായി അരങ്ങേറ്റത്തില്‍ത്തന്നെ ശ്രദ്ധനേടിയ ബുംറയും പരിക്കിലായത് ഇന്ത്യന്‍ ബൗളിങ്ങിനെ ബാധിക്കും. ബുംറ രണ്ടാം ടെസ്റ്റുമുതല്‍ കളിക്കാനിറങ്ങും എന്നാണറിയുന്നത്.

Content Highlights: India vs England Test Cricket Shikhar Dhawan Cheteshwar Pujara