ലണ്ടന്‍: വാലില്‍ക്കുത്തി കരുത്തുകാട്ടിയ ഇംഗ്ലണ്ടിനെതിരേ അവസാന ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ പിന്നോട്ടടിക്കുന്നു. വാലറ്റക്കാരുടെ ബാറ്റിങ് മികവില്‍ ഒന്നാമിന്നിങ്‌സില്‍ 332 റണ്‍സെടുത്ത ഇംഗ്ലണ്ടിനെതിരേ ഇന്ത്യ രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ ആറു വിക്കറ്റിന് 174 റണ്‍സെന്ന നിലയിലാണ്.
ഒന്നാമിന്നിങ്‌സില്‍ ഏഴിന് 181 എന്നനിലയിലേക്ക് കൂപ്പുകുത്തിയ ആതിഥേയര്‍ അവസാന മൂന്ന് വിക്കറ്റില്‍ 151 റണ്‍സ് ചേര്‍ത്ത് മികച്ച ടോട്ടലിലെത്തുകയായിരുന്നു. ഏഴാമനായിറങ്ങിയ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലറാണ് (89) അവരുടെ ടോപ് സ്‌കോറര്‍. സ്‌കോര്‍: ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സ് 332; ഇന്ത്യ ഒന്നാമിന്നിങ്‌സ് 6-ന് 174.
കഴിഞ്ഞ നാലു ടെസ്റ്റില്‍ മൂന്നിലും തോറ്റ് പരമ്പര അടിയറവെച്ച (3-1) ഇന്ത്യയ്ക്ക് മുഖം രക്ഷിക്കാനുള്ള അവസരമാണ് അഞ്ചാം ടെസ്റ്റ്. എന്നാല്‍, മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ എളുപ്പത്തില്‍ മുട്ടുമടക്കുന്നത് ശാപമാകുന്ന കാഴ്ച ശനിയാഴ്ച വീണ്ടും കണ്ടു. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (3), വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (0) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തിയപ്പോള്‍ ലോകേഷ് രാഹുല്‍ (37), ചേതേശ്വര്‍ പുജാര (37) എന്നിവര്‍ കിട്ടിയ മികച്ച തുടക്കം കളഞ്ഞുകുളിച്ചു.
തുടര്‍ന്ന് അഞ്ചാം വിക്കറ്റില്‍ വിരാട് കോലിയും ഹനുമ വിഹാരിയും ചേര്‍ന്ന് 51 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 70 പന്തില്‍ 49 റണ്‍സെടുത്ത് നില്‍ക്കെ കോലിയെ പുറത്താക്കി സ്റ്റോക്ക്‌സ് ഈ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടുപിന്നാലെ റിഷഭ് പന്തിനേയും (5) സ്റ്റോക്ക്‌സ് തിരിച്ചയച്ചു. നിലവില്‍ 25 റണ്‍സുമായി വിഹാരിയും എട്ടു റണ്‍സുമായി ജഡേജയുമാണ് ക്രീസില്‍. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്‌സണും സ്‌റ്റോക്ക്‌സും രണ്ടു വിക്കറ്റെടുത്തപ്പോള്‍ ബ്രോഡിനും സാം കറനും ഓരോ വിക്കറ്റുണ്ട്.
ഏഴിന് 198 എന്നനിലയില്‍ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിനുവേണ്ടി എട്ടാം വിക്കറ്റില്‍ ബട്ലര്‍-റഷീദ് (15) സഖ്യം 33 റണ്‍സും ഒമ്പതാം വിക്കറ്റില്‍ ബട്ലര്‍-ബ്രോഡ് (38) സഖ്യം 98 റണ്‍സും കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്കുവേണ്ടി ഇടങ്കയ്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ 79 റണ്‍സിന് നാലു വിക്കറ്റെടുത്ത് ബൗളിങ്ങില്‍ മുമ്പനായി.
ഫാസ്റ്റ്ബൗളര്‍മാരായ ജസ്പ്രീത് ബുംറയും ഇഷാന്ത് ശര്‍മയും മൂന്നു വിക്കറ്റുവീതം നേടി. 30 ഓവര്‍ എറിഞ്ഞ ഷമിക്ക് വിക്കറ്റൊന്നുമില്ല. 133 പന്തില്‍ ആറു ബൗണ്ടറിയും രണ്ടു സിക്‌സറും പറത്തിയാണ് ബട്ലര്‍ 89 റണ്‍സെടുത്തത്. അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടചൊല്ലുന്ന ഓപ്പണര്‍ അലസ്റ്റര്‍ കുക്ക് (71), മോയീന്‍ അലി (50) എന്നിവരും ഇംഗ്ലണ്ട് ബാറ്റിങ്ങില്‍ ശോഭിച്ചു.
Content Highlights: India vs England Test Cricket Oval