ചെന്നൈ: ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 477 റണ്‍സിന് പുറത്ത്. മൊയിന്‍ അലിയുടെ സെഞ്ചുറിക്കരുത്തിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. 262 പന്തില്‍ 146 റണ്‍സ് നേടിയ മൊയിന്‍ അലി ഉമേഷ് യാദവിന്റെ പന്തില്‍ രവീന്ദ്ര ജഡേജ പിടിച്ച് പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 60 റണ്‍സെടുത്തിട്ടുണ്ട്. 

ഒന്നാം ദിവസത്തെ സ്‌കോറായ നാലിന് 284 എന്ന സ്‌കോറില്‍ ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് ബെന്‍ സ്റ്റോക്സിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ആറ് റണ്‍സ് നേടിയ സ്റ്റോക്സിനെ പാര്‍ഥിവ് പട്ടേലിന്റെ കൈകളിലെത്തിച്ച് അശ്വിന്‍ മത്സരത്തിലെ തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. 

ഏഴാമനായിറങ്ങിയ ജോസ് ബട്ലറിനെ (5) വിക്കറ്റിന് മുന്നില്‍ കുടുക്കി ഇഷാന്ത് ശര്‍മ ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കി. ഒരറ്റത്ത് മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന മൊയിന്‍ അലിയും പുറത്തായതോടെ ഇംഗ്ലണ്ട് കൂടുതല്‍ സമ്മര്‍ദത്തിലായി. 13 ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയാണ് മൊയിന്‍ അലി 146 റണ്‍സിലെത്തിയത്. പിന്നീട് ഒത്തുചേര്‍ന്ന ആദില്‍ റാഷിദും സ്റ്റുവര്‍ട്ട് ബ്രോഡും ചേര്‍ന്ന് സ്‌കോര്‍ 400 കടത്തി. ആദില്‍ റാഷിദ് 155 പന്തില്‍ 60 റണ്‍സ് നേടി. 

ആദ്യ ദിനം ഇംഗ്ലണ്ട് ഇന്നിംഗ്സ് ആരംഭിച്ചത് തകര്‍ച്ചയോടെയായിരുന്നു. 21 റണ്‍സ് നേടുന്നതിനിടെ ഓപ്പണര്‍മാരെ ഇരുവരെയും നഷ്ടമായ ഇംഗ്ലണ്ടിനെ മൂന്നാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന മൊയിന്‍ അലി - ജോ റൂട്ട് കൂട്ടുക്കെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്. 

146 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. 88 റണ്‍സ് നേടിയ റൂട്ടിനെ ജഡേജ പുറത്താക്കി. അഞ്ചാമനായിറങ്ങിയ ജോണി ബെയര്‍സ്റ്റോ (49) അലിക്ക് മികച്ച പിന്തുണ നല്‍കി. ബൗളര്‍മാരില്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ഇഷാന്ത് ശര്‍മയും ഉമേശ് യാദവും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. 

അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞപ്പോള്‍ മറ്റ് മൂന്ന് ടെസ്റ്റുകളും വിജയിച്ച് ഇന്ത്യ പരമ്പര നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു.