Photo: Twitter.com/BCCI
സതാംപ്ടണ്: ആദ്യം ബാറ്റുകൊണ്ടും പിന്നീട് പന്തുകൊണ്ടും നിറഞ്ഞാടിയ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മികവില്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് 50 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ എട്ട് വിക്കറ്റിന് 198 റണ്‍സെടുത്ത ഇന്ത്യയ്ക്കെതിരേ ഇംഗ്ലണ്ടിന്റെ മറുപടി 19.3 ഓവറില്‍ 148 റണ്‍സിന് അവസാനിച്ചു. ഇന്ത്യക്കായി അര്‍ധ സെഞ്ചുറി (51) നേടിയ ഹാര്‍ദിക് 33 റണ്‍സിന് നാല് വിക്കറ്റും വീഴ്ത്തി. ഇതോടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
ഇംഗ്ലണ്ടിന്റെ മുഴുവന്‍ സമയ നായകനായുള്ള ജോസ് ബട്ട്ലറിന്റെ ആദ്യമത്സരം കയ്പുനിറഞ്ഞതായി. ഗോള്‍ഡന്‍ ഡക്കായി മടങ്ങിയ ബട്ട്ലര്‍ക്ക് തോല്‍വിയോടെയായി തുടക്കം. അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ തിളങ്ങിയ മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചില്ല.
20 പന്തില്‍ 36 റണ്‍സെടുത്ത മോയിന്‍ അലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ഹാരി ബ്രൂക് (28), ക്രിസ് ജോര്ഡാന് (26*), ഡേവിഡ് മലാന് (21) എന്നിവര്‍ പിടിച്ചുനില്ക്കാന് ശ്രമിച്ചു. ബട്ട്ലറെ ആദ്യപന്തില്‍ തന്നെ ഭുവനേശ്വര്‍കുമാറാണ് വീഴ്ത്തിയത്. യുസ്വേന്ദ്ര ചാഹല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. അരങ്ങേറ്റ മത്സരം കളിച്ച അര്‍ഷ്ദീപ് രണ്ട് വിക്കറ്റ് നേടി.
33 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതാണ് ഹാര്‍ദിക്കിന്റെ ഇന്നിങ്സ്. സൂര്യകുമാര്‍ യാദവ് 19 പന്തില്‍ 39 റണ്‍സെടുത്തു.നാല് ബൗണ്ടറിയും രണ്ട് സിക്സും ഇന്നിങ്സിലുണ്ട്. 17 പന്തില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്സും സഹിതം 33 റണ്‍സെടുത്ത ദീപക് ഹൂഡയും 14 പന്തില്‍ 24 റണ്‍സടിച്ച നായകന് രോഹിത് ശര്‍മയും തിളങ്ങി. ഇംഗ്ലണ്ടിനായി മോയിന്‍ അലിയും ക്രിസ് ജോര്‍ഡാനും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..