
ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യൻ ടീമിന്റെ സെൽഫി ഫോട്ടോ: ട്വിറ്റർ| ടി ട്വന്റി വേൾഡ് കപ്പ്
സിഡ്നി: ട്വന്റി-20 വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് ആനന്ദക്കണ്ണീരും ഇംഗ്ലണ്ടിന് സങ്കടപ്പെരുമഴയും. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ മഴ മൂലം ഒരു പന്തുപോലും എറിയാതെ ഒലിച്ചുപോയതോടെ ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്തി. സെമി ഫൈനലിന് റിസര്‍വ് ദിനമില്ലെന്ന മഴിനിയമത്തിന്റെ ആനുകൂല്യത്തില്‍, എ ഗ്രൂപ്പിലെ ചാമ്പ്യന്മാരെന്ന നിലയിലാണ് ഇന്ത്യ കലാശക്കളിക്ക് ടിക്കറ്റെടുത്തത്. സെമി ഫൈനലിന് റിസര്‍വ് ദിനം വേണമെന്ന ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ആവശ്യം നേരത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തള്ളിയിരുന്നു.
2009-ല്‍ തുടങ്ങിയ ട്വന്റി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്തുന്നത്. 2018-ല്‍ സെമിഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായിരുന്നു.
ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം സെമി ഫൈനലിലെ വിജയിയായിരിക്കും ഇന്ത്യയുടെ ഫൈനല്‍ എതിരാളി. എന്നാല്‍ ഈ മത്സരവും മഴമൂലം ഉപേക്ഷിച്ചാല്‍ ബി ഗ്രൂപ്പിലെ ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്ക ഫൈനലിലെത്തും. അങ്ങനെയെങ്കില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനലിന് കളമൊരുങ്ങും
ഒറ്റമത്സരവും തോല്‍ക്കാതെ സെമിഫൈനല്‍വരെയെത്തിയ ഇന്ത്യ ടൂര്‍ണമെന്റിലെ ഫേവറിറ്റുകളാണ്. ആദ്യമത്സരത്തില്‍തന്നെ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്ട്രേലിയയെ അട്ടിമറിച്ചു. പിന്നാലെ ബംഗ്ലാദേശ്, ന്യൂസീലന്‍ഡ്, ശ്രീലങ്ക ടീമുകളെയും തകര്‍ത്ത് എ ഗ്രൂപ്പ് ചാമ്പ്യന്മാരായി. ബൗളിങ്ങിലെ ഉജ്ജ്വല പ്രകടനവും ബാറ്റിങ്ങില്‍ ഓപ്പണര്‍ ഷഫാലി വര്‍മയുടെ സ്ഥിരതയുമാണ് ഇന്ത്യക്ക് കരുത്തായത്.
Content Highlights: India vs England T 20 World Cup Semi Final
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..