പൃഥ്വി ഷാ | Photo: BCCI
ന്യൂഡൽഹി: ഓപ്പണർ ശുഭ്മാൻ ഗില്ലിന് പരിക്കേറ്റ സാഹചര്യത്തിൽ പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ എന്നീ താരങ്ങളെ ഇംഗ്ലണ്ടിലേക്ക് അയക്കണമെന്ന ടീം മാനേജ്മെന്റിന്റെ ആവശ്യത്തോട് മുഖംതിരിച്ച് ബിസിസിഐ. വിരാട് കോലിയുടെ സാന്നിധ്യത്തിലാണ് ടീമിനെ തിരഞ്ഞെടുത്തതെന്നും അവരെ എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താം എന്നതിൽ ടീം മാനേജ്മെന്റിന് വ്യക്തത വേണമെന്നും ബിസിസിഐ വ്യക്തമാക്കി.
ജൂൺ 28-നാണ് ഇന്ത്യൻ ടീം മാനേജർ ഗിരീഷ് ധോഗ്രേ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമയ്ക്ക് ഇ-മെയിൽ അയച്ചത്. ശുഭ്മാൻ ഗില്ലിന്റെ പരിക്കിനെ തുടർന്ന് ഒഴിവു വന്ന സ്ഥാനത്ത് മറ്റൊരു താരത്തെ വേണമെന്നും ഇനി ഒരു താരം പരിക്കിലേക്ക് വീഴാനുള്ള സാഹചര്യം മുന്നിൽകണ്ട് ഒരു എക്സ്ട്രാ താരത്തെ കൂടി അനുവദിക്കണം എന്നുമാണ് ചീഫ് സെലക്ടർക്ക് നൽകിയ കത്തിൽ ടീം മാനേജർ വ്യക്തമാക്കിയത്. എന്നാൽ ഇതിന് ഇതുവരെ ബിസിസിഐ മറുപടി നൽകിയിട്ടില്ല.
24 അംഗ സംഘത്തെയാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് അയച്ചത്. അതിൽ നാല് താരങ്ങൾ സ്റ്റാൻഡ്ബൈ ആണ്. ഇതിൽ സ്റ്റാൻഡ്ബൈ ഓപ്പണിങ് ബാറ്റ്സ്മാനായി അഭിമന്യു ഈശ്വറാണുള്ളത്. എന്നാൽ അഭിമന്യുവിനെ കളിപ്പിക്കാൻ ടീം മാനേജ്മെന്റിന് ആത്മവിശ്വാസക്കുറവുണ്ട്.
നിലവിൽ രോഹിത് ശർമയ്ക്കൊപ്പം ഓപ്പണിങ്ങിൽ ഇറങ്ങാൻ മായങ്ക് അഗർവാളും ഹനുമാ വിഹാരിയുമുണ്ട്. ഇവരിൽ ആരെങ്കിലും ഒരാളായിരിക്കും രോഹിതിനൊപ്പം ക്രീസിലെത്തുക. അങ്ങനെയെങ്കിൽ കെഎൽ രാഹുലിനെ മധ്യനിരയിലേക്ക് മാറ്റിയേക്കും.
Content Highlights: India vs EnglandSelectors Decline Request to Send Prithvi Shaw & Devdutt Padikkal as Backup Openers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..