Photo: twitter.com|BCCI
ചെന്നൈ:ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം പിന്നിടുമ്പോള്‍ ഇന്ത്യ മികച്ച നിലയില്‍. 88 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 300 എന്ന നിലയിലാണ് ഇന്ത്യ. 33 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തും അഞ്ചുറണ്‍സുമായി അക്ഷര്‍ പട്ടേലും പുറത്താവാതെ നില്ക്കുന്നു.
സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെയും അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ അജിങ്ക്യ രഹാനെയുടെയും ബാറ്റിങ് മികവിലാണ് ഇന്ത്യ മാന്യമായ ടോട്ടല്‍ ആദ്യ ദിനം കണ്ടെത്തിയത്. രോഹിത് ശര്‍മ 161 റണ്‍സെടുത്ത് ഇന്ത്യയെ മുന്നില്‍ നിന്നും നയിച്ചപ്പോള്‍ 67 റണ്‍സെടുത്ത രഹാനെ താരത്തിന് മികച്ച പിന്തുണ നല്കി. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 162 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
രോഹിത് 231 പന്തുകളില്‍ നിന്നും 18 ബൗണ്ടറികളുടെയും രണ്ട് സിക്സുകളുടെയും അകമ്പടിയോടെയാണ് 161 റണ്‍സെടുക്കുന്നത്. താരത്തിന്റെ കരിയറിലെ ഏഴാം സെഞ്ചുറിയാണിത്. ഇംഗ്ലണ്ടിനെതിരേ രോഹിത് നേടുന്ന ആദ്യ സെഞ്ചുറിയുമാണിത്. ഇതോടെ ഇംഗ്ലണ്ടിനെതിരേ മൂന്നുഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡ് രോഹിത് സ്വന്തമാക്കി.
149 പന്തുകളില്‍ നിന്നും ഒന്‍പത് ബൗണ്ടറികളുടെ ബലത്തിലാണ് രഹാനെ 67 റണ്‍സെടുത്തത്. താരത്തിന്റെ ടെസ്റ്റ് കരിയറിലെ 23-ാം അര്‍ധസെഞ്ചുറിയാണിത്.
ടോസ് നേടി ബാറ്റിങ്ങ് തെരെഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ റണ്‍ നേടുന്നതിന് മുന്‍പ് തന്നെ ഇന്ത്യയ്ക്ക് ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായി. രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ ഗില്ലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഒലി സ്റ്റോണ്‍ മത്സരത്തിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി.
പിന്നീട് ക്രീസിലെത്തിയ ചേതേശ്വര്‍ പൂജാരയെ കൂട്ടുപിടിച്ച് രോഹിത് ശര്‍മ ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയി. ഇരുവരും ചേര്‍ന്ന് 85 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ 21 റണ്‍സെടുത്ത പൂജാരയെ സ്റ്റോക്സിന്റെ കൈയ്യിലെത്തിച്ച് ജാക്ക് ലീച്ച് ഇംഗ്ലണ്ടിന് ആധിപത്യം നല്കി.
പൂജാരയ്ക്ക് പകരം ക്രീസിലെത്തിയ നായകന് വിരാട് കോലിയെ പൂജ്യനായി മടക്കി മോയിന്‍ അലി ഇന്ത്യയ്ക്ക് ഇരട്ട പ്രഹരം ഏല്‍പ്പിച്ചു. അത്ഭുതമൊളിപ്പിച്ച മോയിന്‍ അലിയുടെ പന്ത് നേരിടാന്‍ കഴിയാതെ നായകന് തലതാഴ്ത്തി മടങ്ങി. കുത്തിത്തിരിഞ്ഞ പന്ത് കോലിയുടെ വിക്കറ്റ് പിഴുതെടുത്തു. ഇതോടെ ഇന്ത്യ വലിയ തകര്‍ച്ച നേരിട്ടു.
എന്നാല്‍ സ്കോര്‍ 86-ല്‍ നില്‍ക്കെ ഒത്തുചേര്‍ന്ന രോഹിത്-രഹാനെ സഖ്യം ഇന്ത്യയെ രക്ഷിച്ചു. കരുതലോടെ കരുത്തോടെ കളിച്ച ഇരുവരും ഇംഗ്ലണ്ട് ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു. സ്കോര്‍ 248 കടക്കും വരെ ആ കൂട്ടുകെട്ട് നിലനിര്‍ത്താനും ഇരുവര്‍ക്കുമായി.
എന്നാല്‍ രഹാനെ-രോഹിത് സഖ്യത്തെ പൊളിച്ച് ജാക്ക് ലീച്ച് വീണ്ടും ഇംഗ്ലണ്ടിന് രക്ഷകനായി. 161 റണ്‍സെടുത്ത രോഹിത്തിനെ ലീച്ച് മോയിന്‍ അലിയുടെ കൈകളിലെത്തിച്ചു. സ്വീപ് ഷോട്ടിന് ശ്രമിച്ച രോഹിത്തിന്റെ ശ്രമം പാളുകയായിരുന്നു.
രോഹിത് ശര്‍മയ്ക്ക് പിന്നാലെ രഹാനെയും ഇന്ത്യയ്ക്ക് നഷ്ടമായി. 67 റണ്‍സെടുത്ത താരത്തെ മോയിന്‍ അലി ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഇതോടെ ഇന്ത്യ വീണ്ടും തകര്‍ച്ചയെ അഭിമുഖീകരിച്ചു. എന്നാല്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ഋഷഭ് പന്തും അശ്വിനും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ 284-ല്‍ എത്തിച്ചു.
എന്നാല്‍ 19 റണ്‍സെടുത്ത അശ്വിനെ പുറത്താക്കി നായകന് ജോ റൂട്ട് ഇന്ത്യയ്ക്ക് പ്രഹരമേല്‍പ്പിച്ചു. പന്തിനൊപ്പം 35 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് അശ്വിന് മടങ്ങിയത്. പിന്നീട് ക്രീസിലെത്തിയ അക്ഷര്‍ പട്ടേലിനെ കൂട്ടുപിടിച്ച് പന്ത് ഇന്ത്യന്‍ സ്കോര്‍ 300-ല്‍ എത്തിച്ചു.
ഇംഗ്ലണ്ടിനായി മോയിന്‍ അലിയും ജാക്ക് ലീച്ചും രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജോ റൂട്ട്, ഒലി സ്റ്റോണ്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.
ഇന്ത്യൻ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, രവിചന്ദ്ര അശ്വിന്, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്
ഇംഗ്ലണ്ട് ടീം: റോറി ബേണ്‍സ്, ഡോം സിബ്ലി, ഡാന്‍ ലോറന്‍സ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ്, ഒലി പോപ്പ്, ബെന്‍ ഫോക്സ്, മോയിന്‍ അലി, സ്റ്റ്യുവര്‍ട്ട് ബ്രോഡ്, ജാക്ക് ലീച്ച്, ഒലി സ്റ്റോണ്‍
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: India vs England second test match day one Chennai
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..