ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയ്ക്ക് വ്യക്തമായ ആധിപത്യം. ആദ്യ ഇന്നിങ്‌സില്‍ വെറും 134 റണ്‍സിന് ഇംഗ്ലണ്ടിനെ പുറത്താക്കിയ ഇന്ത്യ 195 റണ്‍സിന്റെ ലീഡ് നേടി. പിന്നാലെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സ് എന്ന നിലയിലാണ്. നിലവിൽ ഇന്ത്യയ്ക്ക് 249 റൺസിന്റെ ലീഡുണ്ട്.
25 റണ്‍സെടുത്ത് രോഹിത് ശര്‍മയും ഏഴ് റണ്‍സുമായി ചേതേശ്വര്‍ പൂജാരയും പുറത്താകാതെ നില്‍ക്കുന്നു. 14 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഗില്ലിനെ ജാക്ക് ലീച്ച് വിക്കറ്റിന് മുന്നില്‍ കുടുക്കി.
300 ന് ആറ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഇന്ത്യ 329 റണ്‍സിന് പുറത്തായി. അര്‍ധസെഞ്ചുറിയുമായി പുറത്താവാതെ നിന്ന ഋഷഭ് പന്ത് മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി രണ്ടാം ദിനം പിടിച്ചുനിന്നത്. ഋഷഭ് 77 പന്തുകളില്‍ നിന്നും 58 റണ്‍സ് നേടി പുറത്താവാതെ നിന്നു. താരത്തിന്റെ ആറാം ടെസ്റ്റ് അര്‍ധശതകമാണിത്.
ഇംഗ്ലണ്ടിനായി മോയിന്‍ അലി നാലുവിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഒലി സ്‌റ്റോണ്‍ മൂന്നുവിക്കറ്റുകള്‍ നേടി. ജാക്ക് ലീച്ച് രണ്ട് വിക്കറ്റും ജോ റൂട്ട് ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 59.5 ഓവറില്‍ 195 റണ്‍സിന് പുറത്തായി. ഇന്ത്യ ഉയര്‍ത്തിയ 329 റണ്‍സിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത് ഇന്ത്യന്‍ ബൗളര്‍മാരാണ്.
23.5 ഓവറില്‍ വെറും 43 റണ്‍സ് മാത്രം വിട്ടുനല്‍കി അഞ്ചുവിക്കറ്റുകള്‍ വീഴ്ത്തിയ രവിചന്ദ്ര അശ്വിന്റെ ബൗളിങ് കരുത്തിലാണ് ഇന്ത്യ ചെറിയ സ്‌കോറിന് ഇംഗ്ലണ്ടിനെ പുറത്താക്കിയത്. ഇതോടെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 195 റണ്‍സിന്റെ ലീഡ് നേടി.
ഇംഗ്ലണ്ടിനായി. 42 റണ്‍സെടുത്ത് പുറത്താവാതെ നിന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബെന്‍ ഫോക്‌സ് മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. അക്കൗണ്ട് തുറക്കുംമുന്‍പ് ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ റോറി ബേണ്‍സിനെ പുറത്താക്കി ഇഷാന്ത് ശര്‍മ ഇന്ത്യയ്ക്ക് സ്വപ്നത്തുടക്കം സമ്മാനിച്ചു. പൂജ്യനായി മടങ്ങിയ ബേണ്‍സിനെ ഇഷാന്ത് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.
പിന്നീട് ഏഴാം ഓവറിലെ രണ്ടാം പന്തില്‍ ഓപ്പണര്‍ ഡോം സിബ്ലിയെ പുറത്താക്കി അശ്വിന്‍ ഇന്ത്യക്ക് വേണ്ടി രണ്ടാം വിക്കറ്റ് വീഴ്ത്തി. 16 റണ്‍സെടുത്ത സിബ്ലി മടങ്ങുമ്പോള്‍ രണ്ട് വിക്കറ്റിന് 16 എന്ന നിലയിലാണ് ഇംഗ്ലണ്ട്. പിന്നാലെയെത്തിയത് ഇംഗ്ലണ്ടിന്റെ നായകനും ബാറ്റിങ് പ്രതീക്ഷയുമായ ജോ റൂട്ടാണ്. ജോ റൂട്ടിനെ പുറത്താക്കി അക്ഷര്‍ പട്ടേല്‍ ഇന്ത്യയ്ക്ക് വേണ്ടി മൂന്നാം വിക്കറ്റ് വീഴ്ത്തി. അക്ഷറിന്റെ ആദ്യ ടെസ്റ്റ് വിക്കറ്റാണിത്. സ്‌കോര്‍ 23ല്‍ നില്‍ക്കെ വെറും ആറുറണ്‍സെടുത്ത റൂട്ടിനെ അക്ഷര്‍ അശ്വിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ ഇംഗ്ലണ്ട് 23ന് മൂന്ന് എന്ന നിലയിലായി.
ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുന്‍പ് 18ാം ഓവറിലെ അവസാന പന്തില്‍ ഡാന്‍ ലോറന്‍സിനെ പുറത്താക്കി അശ്വിന്‍ ഇംഗ്ലണ്ടിന്റെ നാലാം വിക്കറ്റ് വീഴ്ത്തി.52 പന്തുകളില്‍ നിന്നും 9 റണ്‍സെടുത്ത ലോറന്‍സിനെ അശ്വിന്‍ ശുഭ്മാന്‍ ഗില്ലിന്റെ കൈയ്യിലെത്തിച്ചു.
പിന്നീട് ശ്രദ്ധയോടെ ബാറ്റേന്താന്‍ ബെന്‍ സ്‌റ്റോക്‌സും ഫോക്‌സും ശ്രമിച്ചു. എന്നാല്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ കുറ്റി തെറിപ്പിച്ച് അശ്വിന്‍ ഇംഗ്ലണ്ടിന്റെ അഞ്ചാം വിക്കറ്റ് വീഴ്ത്തി. സ്‌കോര്‍ 52ല്‍ നില്‍ക്കെ 18 റണ്‍സെടുത്ത സ്‌റ്റോക്‌സിനെ നിസ്സഹായനാക്കി പന്ത് വിക്കറ്റ് പിഴുതു.ഇതോടെ ഇംഗ്ലണ്ട് തകര്‍ന്നു. പിന്നാലെയെത്തിയ ഒലി പോപ്പിനെ കൂട്ടുപിടിച്ച് ഫോക്‌സ് 35 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇംഗ്ലണ്ടിന്റ ഏറ്റവും വലിയ ബാറ്റിങ് കൂട്ടുകെട്ടും ഇതുതന്നെ.
എന്നാല്‍ കൂട്ടുകെട്ട് പൊളിച്ച് സിറാജ് ഒലി പോപ്പിനെ പറഞ്ഞയച്ചു. ആദ്യ പന്തില്‍ തന്നെ 22 റണ്‍സെടുത്ത പോപ്പിനെ സിറാജ് ഋഷഭ് പന്തിന്റെ കൈയ്യിലെത്തിച്ചു. അസാമാന്യമായ ക്യാച്ചിലൂടെയാണ് ഋഷഭ് പന്ത് ക്യാച്ചെടുത്തത്. സിറാജിന്റെ ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരമാണിത്. അതിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി താരം ചരിത്രം കുറിച്ചു.
പിന്നാലെ വന്ന മോയിന്‍ അലിയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. അലിയെ അക്ഷര്‍ പട്ടേല്‍ പുറത്താക്കി. വെറും ആറുറണ്‍സെടുത്ത അലിയുടെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പര്‍ ഋഷഭിന്റെ കാലില്‍ തട്ടിപ്പൊങ്ങി. ഇത് കണ്ട രഹാനെ ഒരു മികച്ച ഡൈവിലൂടെ പന്ത് കൈയ്യിലൊതുക്കി. പിന്നീട് വന്ന സ്റ്റോണിനെയും ലീച്ചിനെയും ബ്രോഡിനെയും പുറത്താക്കി ഇന്ത്യന്‍ ബൗളര്‍മാര്‍ അതിവേഗം ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടി. ബ്രോഡിന്റെ വിക്കറ്റെടുത്തുകൊണ്ടാണ് അശ്വിന്‍ അഞ്ചുവിക്കറ്റ് നേട്ടം കൈവരിച്ചത്. അരങ്ങേറ്റതാരം അക്ഷര്‍ പട്ടേലും ഇഷാന്ത് ശര്‍മയും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സിറാജ് ഒരു വിക്കറ്റെടുത്തു.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: India vs England second test match day 2 at Chennai