ലോര്‍ഡ്‌സ്: വീറും വാശിയും നിറഞ്ഞ മത്സരത്തിനൊടുവില്‍ ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് വിജയ മധുരം നുകര്‍ന്ന് ഇന്ത്യ. രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 51.5 ഓവറില്‍ 120 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 151 റണ്‍സിന്റെ ആധികാരിക വിജയം സ്വമന്തമാക്കി. നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറിലൊതുക്കുകയായിരുന്നു. ലോര്‍ഡ്‌സില്‍ നിറഞ്ഞാടിയ സിറാജ് രണ്ടിന്നിങ്‌സിലുമായി എട്ടു വിക്കറ്റ് വീഴ്ത്തി. 

ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. രണ്ടാം ടെസ്റ്റിലെ വിജയത്തോടെ ഇന്ത്യ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്തി. ഇനി മൂന്നു ടെസ്റ്റുകളാണ് പരമ്പരയില്‍ ശേഷിക്കുന്നത്. 

നേരത്തെ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒരു ഘട്ടത്തില്‍ എട്ടു വിക്കറ്റിന് 209 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യയെ വാലറ്റമായ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും കൈപ്പിടിച്ചുയര്‍ത്തി. എട്ടാം വിക്കറ്റില്‍ ഇരുവരും 89 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.  ഷമി 70 പന്തില്‍ ആറു ഫോറും ഒരു സിക്‌സും സഹിതം 56 റണ്‍സെടുത്തപ്പോള്‍ 64 പന്തില്‍ 34 റണ്‍സുമായി ബുംറ പിന്തുണ നല്‍കി. ഏകദിന ശൈലിയില്‍ ബാറ്റുചെയ്ത ഷമി സിക്‌സിലൂടെ അര്‍ധ സെഞ്ചുറിയിലെത്തി. ടെസ്റ്റ് കരിയറില്‍ ഷമിയുടെ രണ്ടാം അര്‍ധ സെഞ്ചുറിയാണിത്. 

ആറു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം കളി തുടങ്ങിയ ഇന്ത്യക്ക് 13 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഋഷഭ് പന്തിനെ നഷ്ടപ്പെട്ടു. ഒലി റോബിന്‍സണ്‍ന്റെ പന്തില്‍ പുറത്താകുമ്പോള്‍ പന്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത് 22 റണ്‍സ് മാത്രം. പിന്നാലെ 16 റണ്‍സെടുത്ത ഇഷാന്ത് ശര്‍മയേയും റോബിന്‍സണ്‍ തിരിച്ചയച്ചു. പിന്നീടാണ് ബുംറയും ഷമിയും ഒന്നിച്ചത്. ഇരുവരുടേയും കൂട്ടുകെട്ട് മത്സരഫലത്തില്‍ നിര്‍ണായകമായി. 

നാലാം ദിനം മൂന്നിന് 55 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യയ്ക്കായി നാലാം വിക്കറ്റില്‍ ഒന്നിച്ച ചേതേശ്വര്‍ പൂജാര - അജിങ്ക്യ രഹാനെ സഖ്യം മികച്ച പ്രതിരോധം കാഴ്ചവെച്ചിരുന്നു. 297 പന്തുകള്‍ പ്രതിരോധിച്ച ഇരുവരും 100 റണ്‍സും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു. 206 പന്തുകള്‍ നേരിട്ട് 45 റണ്‍സെടുത്ത പൂജാരയെ പുറത്താക്കി മാര്‍ക്ക് വുഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ രഹാനെയെ മോയിന്‍ അലിയും പുറത്താക്കി. 146 പന്തില്‍ നിന്ന് 61 റണ്‍സായിരുന്നു രഹാനെയുടെ സമ്പാദ്യം. 

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 364-നെതിരേ 391 റണ്‍സിന് പുറത്തായ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ 27 റണ്‍സ് ലീഡ് നേടിയിരുന്നു. സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ ഇന്നിങ്സാണ് ഇംഗ്ലണ്ടിനെ തുണച്ചത്. 321 പന്തില്‍ 18 ബൗണ്ടറി സഹിതം റൂട്ട് 180 റണ്‍സെടുത്തു. താരത്തിന്റെ ടെസ്റ്റ് കരിയറിലെ 22-ാം സെഞ്ചുറിയായിരുന്നു ഇത്. സെഞ്ചുറി നേടിയ കെഎല്‍ രാഹുലിന്റെ മികവിലാണ് ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 364 റണ്‍സ് നേടിയത്.

Content Highlights: India vs England Second Test Cricket Day 5 Mohammed Shami Half Century