ലോര്‍ഡ്‌സ്: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് 27 റണ്‍സ് ലീഡ്. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ മികവില്‍ ഇംഗ്ലണ്ട് 391 റണ്‍സ് അടിച്ചു. നേരത്തെ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 364 റണ്‍സിന് പുറത്തായിരുന്നു.  

ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും മറ്റേ അറ്റത്ത് വന്‍മതില്‍ പണിത റൂട്ട് 321 പന്തില്‍ 18 ഫോറിന്റെ അകമ്പടിയോടെ പുറത്താകാതെ 180 റണ്‍സ് നേടി. ടെസ്റ്റ് ക്രിക്കറ്റില്‍ 9000 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ ഇംഗ്ലീഷ് താരം എന്ന റെക്കോഡും റൂട്ട് സ്വന്തമാക്കി. 

ഇന്നിങ്‌സ് തുടങ്ങി 23 റണ്‍സിനിടയില്‍ ഓപ്പണര്‍മാരായ ഡൊമിനിക് സിബ്ലിയേയും ഹസീബ് ഹമീദിനേയും നഷ്ടപ്പെട്ട ഇംഗ്ലണ്ട് പരുങ്ങലിലായിരുന്നു. 15-ാം ഓവറിലെ അടുത്തടുത്ത പന്തുകളില്‍ മുഹമ്മദ് സിറാജാണ് ഇരുവരേയും പുറത്താക്കിയത്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച റോറി ബേണ്‍സ് - ജോ റൂട്ട് സഖ്യം 85 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 136 പന്തില്‍  ഏഴു ഫോറടക്കം 49 റണ്‍സെടുത്ത ബേണ്‍സിനെ പുറത്താക്കി മുഹമ്മദ് ഷമിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 

അടുത്തായി റൂട്ട്് ജോണി ബെയര്‍സ്‌റ്റോയെ കൂട്ടുപിടിച്ചു. നാലാം വിക്കറ്റില്‍ 121 റണ്‍സ് പടുത്തുയര്‍ത്തി. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ബെയര്‍‌സ്റ്റോയെ മുഹമ്മദ് സിറാജ് ഇന്ത്യന്‍ ക്യാപ്റ്റന്റെ കൈയിലെത്തിച്ചു. ബെയര്‍സ്‌റ്റോ 107 പന്തില്‍ 57 റണ്‍സ് നേടി. തുടര്‍ന്ന് ക്രീസിലെത്തിയ ജോസ് ബട്‌ലര്‍ക്ക് അധികം ആയുസുണ്ടായിരുന്നില്ല. ബട്‌ലറെ ഇഷാന്ത് തിരിച്ചയച്ചു. പിന്നീട് മോയിന്‍ അലിയെ കൂട്ടുപിടിച്ച് റൂട്ട് 58 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. 27 റണ്‍സ് അടിച്ച മോയിന്‍ അലിയെ ഇഷാന്ത് പുറത്താക്കി. തൊട്ടടുത്ത പന്തില്‍ സാം കറനേയും ഇഷാന്ത് തിരിച്ചയച്ചു. 

പിന്നീട് ഒലി റോബിന്‍സണേയും മാര്‍ക്ക് വുഡിനേയും ജെയിംസ് ആന്‍ഡേഴ്‌സണേയും കൂട്ടുപിടിച്ച് റൂട്ട് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചു. എന്നാല്‍ മൂന്നു പേര്‍ക്കും അധികം സമയം ക്രീസില്‍ ചിലവഴിക്കാനായില്ല. ആറു റണ്‍സെടുത്ത റോബിന്‍സണ്‍ സിറാജിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയപ്പോള്‍ മാര്‍ക്ക് വുഡിനെ ജഡേജ റണ്‍ഔട്ടാക്കി. ജെയിംസ് ആന്‍ഡേഴ്‌സണെ ഷമിയും തിരിച്ചയതോടെ ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിച്ചു. 

ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റും ഇഷാന്ത് ശര്‍മ മൂന്നു വിക്കറ്റും വീഴ്ത്തി. മുഹമ്മദ് ഷമിക്കാണ് ശേഷിക്കുന്ന രണ്ട് വിക്കറ്റ്. 

നേരത്തെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 364 റണ്‍സിന് പുറത്തായിരുന്നു. രണ്ടാം ദിനം മൂന്നു വിക്കറ്റിന് 276 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയെ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്‌സനാണ് 364-ല്‍ ഒതുക്കിയത്. സെഞ്ചുറി നേടിയ കെ.എല്‍ രാഹുലാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 250 പന്തില്‍ നിന്ന് ഒരു സിക്സും 12 ഫോറുമടക്കം 129 റണ്‍സെടുത്ത രാഹുലിനെ ഒലെ റോബിന്‍സണ്‍ പുറത്താക്കുകയായിരുന്നു. 

രോഹിത് ശര്‍മ 145 പന്തുകള്‍ നേരിട്ട് 83 റണ്‍സെടുത്തു. രോഹിത്തും രാഹുലും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിന്റെ നട്ടെല്ല്. 126 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. പിന്നാലെ വിരാട് കോലിയെ കൂട്ടിപിടിച്ചും രാഹുല്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. കോലി 103 പന്തുകള്‍ നേരിട്ട് 42 റണ്‍സെടുത്തു. രവീന്ദ്ര ജഡേജ 120 പന്തില്‍ നിന്ന് 40 റണ്‍സ് അടിച്ചു. 

Content Highlights: India vs England Second Test Cricket Day 3