ലണ്ടന്‍: പതിവിനു വിപരീതമായി തുടരുന്ന ചൂടുകാറ്റ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യ, ഇംഗ്ലണ്ട് ടീമുകളുടെ ഘടനയില്‍ മാറ്റമുണ്ടാക്കുമെന്ന് സൂചന. ലണ്ടനിലെ കനത്ത ചൂടും ചൂടുകാറ്റും കാരണം പിച്ചിലെയും സ്‌ക്വയറിലെയും ഈര്‍പ്പം വറ്റിപ്പോകുന്നതാണ് തലവേദനയാകുന്നത്. പിച്ച് നിര്‍ജീവമാകാന്‍ ഇതു വഴിയൊരുക്കും. രണ്ടു ടീമുകളും രണ്ടു സ്പിന്നര്‍മാരെ വീതം ലോര്‍ഡ്‌സില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ പരീക്ഷിക്കാനിടയുള്ളതിന് കാരണമിതാണ്. മത്സരം പുരോഗമിക്കുംതോറും കാര്യങ്ങള്‍ സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകുമെന്നാണ് കരുതപ്പെടുന്നത്.

എജ്ബാസ്റ്റണില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഓരോ സ്പിന്നര്‍മാരെയാണ് ഇരുടീമുകളും അണിനിരത്തിയത്. ഏഴ് വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന്‍ സ്പിന്നര്‍മാര്‍ക്ക് യോജിച്ച പിച്ചാണതെന്ന് തെളിയിച്ചിരുന്നു. രണ്ടു സ്പിന്നര്‍മാരെ ടീമിലെടുത്തെങ്കില്‍ മത്സരഫലം അനുകൂലമാക്കാന്‍ ഇന്ത്യയ്ക്കാകുമായിരുന്നുവെന്ന് അഭിപ്രായമുയര്‍ന്നതും അതുകൊണ്ടാണ്.

1976-നുശേഷമുള്ള വലിയ ഉഷ്ണക്കാറ്റിനെയാണ് ലണ്ടന്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. അന്തരീക്ഷ ഊഷ്മാവ് നിരന്തരം 35 ഡിഗ്രി സെല്‍ഷ്യസിനുമുകളിലെത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ പിച്ചിലെ ഈര്‍പ്പം നിലനിര്‍ത്തുക മൈതാനസംരക്ഷകര്‍ക്ക് ബുദ്ധിമുട്ടാണ്. പരമ്പരാഗതമായി സ്വിങ് ബൗളിങ്ങിനെ തുണയ്ക്കുന്നതാണ് ലോര്‍ഡ്‌സിലെ പിച്ച്. പിച്ചിലെ ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാന്‍ തിങ്കളാഴ്ചമുതല്‍ പന്തലിട്ട് സംരക്ഷിക്കുന്നുണ്ട്. കാലാവസ്ഥ മെച്ചപ്പെടുകയോ പന്തല്‍ ഫലംചെയ്യുകയോ ചെയ്താല്‍ പിച്ചില്‍നിന്നും പേസര്‍മാര്‍ക്ക് പിന്തുണകിട്ടും. വ്യാഴാഴ്ചമുതല്‍ ചൂടിന് ശമനമുണ്ടാകുമെന്ന പ്രവചനം ആതിഥേയര്‍ക്ക് പ്രതീക്ഷയേകുന്നുണ്ട്.

IND VS ENG

ആതിഥേയരുടെ പരിമിത ഓവര്‍ ടീമുകളുടെ നായകന്‍ ഒയിന്‍ മോര്‍ഗന്‍ രണ്ടു സ്പിന്നര്‍മാരെ ടീമിലെടുക്കണമെന്ന നിലപാടുകാരനാണ്. കമന്റേറ്ററായി ലണ്ടനില്‍ എത്തിയിട്ടുള്ള മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ഇന്ത്യ രണ്ടു സ്പിന്നര്‍മാരെ ഇറക്കണമെന്ന് വാദിക്കുന്നു. രണ്ടാമത്തെ സ്പിന്നര്‍ ഇടങ്കയ്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാകണമെന്നും ഭാജി അഭിപ്രായപ്പെട്ടു. ലെഗ്‌സ്പിന്നും ഗൂഗ്ലിയും എറിയാന്‍ പ്രാപ്തനാണെന്നതാണ് കുല്‍ദീപിന്റെ പ്ലസ് പോയന്റ്. അതുവഴി വിക്കറ്റ് അവസരങ്ങള്‍ ഉയര്‍ത്താന്‍കഴിയും. ഇടങ്കയ്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജയെക്കാള്‍ കുല്‍ദീപിന് സാധ്യതതെളിയുന്നത് അതിനാലാണ്.

കളി പുരോഗമിക്കുംതോറും റിവേഴ്‌സ് സ്വിങ്ങിനും സാധ്യത കൂടുതലുണ്ട്. മൂന്നു പേസര്‍മാരും രണ്ടു സ്പിന്നര്‍മാരുമടങ്ങുന്ന അഞ്ചംഗ ആക്രമണനിര വേണ്ടിവരുമെന്ന് ചുരുക്കം. ഒരു സ്പിന്നറെ കൂടുതലായെടുക്കുമ്പോള്‍ പേസര്‍മാരില്‍ ആരെ ഒഴിവാക്കുമെന്നതാണ് ഇന്ത്യയുടെ പ്രശ്‌നം. കുല്‍ദീപ് വന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ ഇലവനു പുറത്താവുമെന്ന അഭ്യൂഹമുണ്ടെങ്കിലും മികച്ച ഓള്‍റൗണ്ടറായ ഹാര്‍ദിക്കിനെ മാറ്റിനിര്‍ത്തിയാല്‍ അത് ടീമിന്റെ സമതുലിതാവസ്ഥയെ ബാധിക്കാം.

IND VS ENG

ഇംഗ്ലണ്ടിന്റെ മുന്‍നായകന്‍ നാസര്‍ ഹുസൈന്‍ രണ്ടു സ്പിന്നര്‍ ആശയത്തോട് യോജിക്കുന്നില്ല. ഇംഗ്ലണ്ടിന്റെ ഗ്രേയം സ്വാന്‍ മാത്രമാണ് ഇവിടെ കാര്യമായ നേട്ടമുണ്ടാക്കിയ സ്പിന്നര്‍. സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന് ലോര്‍ഡ്‌സില്‍ അഞ്ചുവിക്കറ്റ് നേട്ടം കൈവരിക്കാനായിട്ടില്ലെന്നകാര്യം ഹുസൈന്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടാമതൊരു സ്പിന്നറെ ഉള്‍പ്പെടുത്തുന്നതുകൊണ്ട് ഇന്ത്യയുടെ ടീം ബാലന്‍സിന് കുഴപ്പമുണ്ടാകുന്നില്ല. എന്നാല്‍, ഇംഗ്ലണ്ടിന്റെ സ്ഥിതി അതല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ടീമില്‍ തിരിച്ചെത്തിയ ക്രിസ് വോക്‌സും ടീമിലിടംകണ്ട ഒലീ പോപ്പും കളിക്കാന്‍ സാധ്യതയുള്ളതിനാല്‍ രണ്ടാമത്തെ സ്പിന്നറായി മോയീന്‍ അലിയെ ഉള്‍ക്കൊള്ളിക്കാന്‍ ഇടയില്ല. പിച്ച് സ്പിന്നിനെ അത്രകണ്ട് തുണയ്ക്കുമെന്നുറപ്പുണ്ടെങ്കില്‍ മാത്രമേ രണ്ടാമത്തെ സ്പിന്നറെ ഉള്‍പ്പെടുത്താവൂ എന്നാണ് ഹുസൈന്റെ പക്ഷം.

Bumrah

ബുംറ കളിക്കില്ല പുജാരയ്ക്ക് സാധ്യത

ലണ്ടന്‍: ലോര്‍ഡ്‌സില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ കളിക്കില്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ കുതിപ്പിന് ചുക്കാന്‍പിടിച്ച ബുംറയ്ക്ക് വിനയായത് അയര്‍ലന്‍ഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിലേറ്റ പരിക്കാണ്. പരിക്കേറ്റ ഇടത്തേ കൈയിലെ തള്ളവിരലില്‍ രക്ഷാകവചമിട്ടാണ് പരിശീലനത്തിനെത്തിയത്. ആദ്യ മൂന്നു ടെസ്റ്റിനുള്ള 18 അംഗ ടീമില്‍ ഉണ്ടെങ്കിലും ലോര്‍ഡ്‌സില്‍ കളിക്കില്ലെന്ന് ബൗളിങ് കോച്ച് ഭരത് അരുണ്‍ വ്യക്തമാക്കി.

അതേസമയം, രണ്ടാം ടെസ്റ്റില്‍ സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാര ഇടംപിടിക്കാന്‍ സാധ്യതയുണ്ട്. കൗണ്ടിയില്‍ കളിക്കുന്ന പുജാര ഫോമിലല്ലെങ്കിലും ഇംഗ്ലണ്ടിലെ സാഹചര്യവുമായി പൊരുത്തപ്പെട്ടയാളെന്ന നിലയ്ക്കാണ് ടീമിലേക്ക് പരിഗണിക്കുന്നത്. ആര്‍ക്ക് പകരമായിട്ടാവും ആദ്യ ഇലവനില്‍ ഉള്‍പ്പെടുകയെന്ന് വ്യക്തമല്ല.

Content Highlights: india vs england, indian cricket, virat kohli